Saturday
16 Feb 2019

പങ്കജാക്ഷി അര്‍ത്ഥംവച്ചു പറഞ്ഞു, ഞാനും ജാമ്യത്തിലിറങ്ങി നില്‍ക്കുവാണേ!

By: Web Desk | Sunday 9 December 2018 10:14 PM IST

devika

ങ്ങളുടെ നാട്ടില്‍ ഒരു പങ്കജാക്ഷിയുണ്ട്. ഭര്‍ത്താവ് ക്ഷയരോഗം പിടിപെട്ടു മരിച്ചപ്പോഴാണ് ജീവിതത്തിലേക്ക് ഇരുളലകള്‍ വന്നുകയറിയ ബോധ്യം ആ വീട്ടമ്മയ്ക്കുണ്ടായത്. നാലു കുട്ടികളെ വളര്‍ത്തണമെന്ന സമസ്യയ്ക്കു മുന്നില്‍ പങ്കി എന്ന പങ്കജാക്ഷി പകച്ചുനിന്നു. കായികമായി എന്തെങ്കിലും പണിയെടുക്കാനുള്ള ആവതുമില്ല. ഒടുവില്‍ പങ്കി ഒഴിപ്പു തുടങ്ങി. അഥവാ വ്യാജമദ്യക്കച്ചവടം. കച്ചവടച്ചരക്ക് വ്യാജവാറ്റല്ല. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും നാലഞ്ചു കുപ്പി മദ്യം വാങ്ങിവില്‍ക്കും. പെഗ്ഗിന് അഞ്ചു രൂപ അധികം വാങ്ങിയാണ് കച്ചോടം. കുടിയന്മാര്‍ക്കും പെരുത്തു സന്തോഷം. അകലെയുള്ള ബാറിലേക്കും ബിവറേജസിലേക്കും വച്ചുപിടിക്കേണ്ട. കയ്യിലേ കാശ് വായിലേ മദ്യം. പങ്കിക്കും മക്കള്‍ക്കും അന്നദാതാക്കളാവുന്നതില്‍ മദ്യപന്മാര്‍ക്ക് ‘പരോപകാരാര്‍ഥമിദം ശരീരം’ എന്ന അഭിമാനബോധവും.
അങ്ങനെയിരിക്കെ എക്‌സൈസുകാര്‍ കഴിഞ്ഞ ദിവസം പങ്കജാക്ഷിയെ തൊണ്ടിസഹിതം കസ്റ്റഡിയിലെടുത്തു ക്വസ്റ്റ്യന്‍ ചെയ്തപ്പോള്‍ താന്‍ നിവൃത്തികേടുകൊണ്ട് ഈ പണിക്കിറങ്ങിയ കഥ അവര്‍ കണ്ണീരോടെ വിവരിച്ചു അലിവു തോന്നിയ എക്‌സൈസുകാര്‍ പങ്കജാക്ഷിയെ ജാമ്യത്തില്‍ വിട്ടു; ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പരിസരത്തെങ്ങും കണ്ടുപോകരുതെന്ന താക്കീതോടെ ഇന്നലെ പങ്കിയെ വഴിമധ്യേ കണ്ടപ്പോള്‍ അവര്‍ ഓടി അടുത്തെത്തി. ‘സാറേ ഞാനും ജാമ്യത്തിലിറങ്ങി നില്‍ക്കുവാണേ. എന്നെ മാത്രമെന്തേ നിങ്ങള്‍ ചാനലുകാര്‍ തഴഞ്ഞത്. ആ സുരേന്ദ്രന്‍ സാര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ നിങ്ങള്‍ ചാനലുകളും പത്രങ്ങളും എന്തൊക്കെ ആഘോഷമായിരുന്നു. അവര്‍ ഈ പാവം പങ്കജാക്ഷിയെ മാത്രം കണ്ടമട്ടു കാട്ടിയില്ല.
പങ്കജാക്ഷിയുടെ വാക്കുകളില്‍ ആര്‍ജവമുണ്ടായിരുന്നു. കാക്കത്തൊള്ളായിരം കേസുകളില്‍ പ്രതിയായ ബിജെപിയുടെ ഈറ്റപ്പുലിയെ തട്ടി അകത്താക്കി ജാമ്യത്തില്‍ വിട്ടപ്പോള്‍ മാധ്യമങ്ങളില്‍ രാപകല്‍ വാര്‍ത്ത. അഭിമുഖം ജാമ്യത്തെക്കുറിച്ച് അന്തിച്ചര്‍ച്ചകള്‍. ആകെ ജഗപൊഗ. കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കുന്നത് സാധാരണ നാട്ടുനടപ്പ്. പക്ഷേ ജാമ്യത്തിലിറങ്ങുന്നത് ഉത്സവമാക്കുന്നവര്‍ കുറ്റകൃത്യത്തിനു കുടപിടിക്കുകയല്ലേ ചെയ്യുന്നത് എന്ന് പങ്കജാക്ഷി ചോദിക്കാതെ പോയത് അവരുടെ അക്ഷരാഭ്യാസക്കുറവു കൊണ്ടാകാം. ജാമ്യത്തിനെന്താ സവര്‍ണ ജാമ്യമെന്നും അവര്‍ണ ജാമ്യമെന്നുമുണ്ടോ എന്നു തെല്ലു സന്ദേഹം. പണ്ടുള്ളവര്‍ പറയും ജീവിതത്തിലെ ദശാസന്ധികള്‍ ചാടിക്കടക്കാനാവില്ലെന്ന്, അത് അനുഭവിച്ചു തന്നെ തീരണം. കലിയുഗവരദനായ അയ്യപ്പനെ പൂങ്കാവനത്തിലിട്ട് വട്ടം കറക്കിയ സുരേന്ദ്രന് ജാമ്യം കിട്ടിയതു വാര്‍ത്ത. കിടാങ്ങളെ പോറ്റാന്‍ മദ്യക്കച്ചവടം നടത്തിയ പങ്കജാക്ഷി ജാമ്യത്തിലിറങ്ങിയപ്പോള്‍ അതിനു ന്യൂസ് വാല്യു ഇല്ല.

ഗാന്ധിയന്‍ സമരമുറയാണ് സത്യഗ്രഹവും ഉണ്ണാവ്രതവുമെങ്കിലും ബിജെപിയും അത് കടമെടുത്തിരിക്കുന്നു. ഉണ്ണാവ്രതം കഠിനമായതിനാല്‍ കോണ്‍ഗ്രസുകാര്‍ ആ സമരമാര്‍ഗത്തില്‍ ഒരു ഭേദഗതി വരുത്തി. വയറുനിറയെ ശാപ്പാടടിച്ചിട്ട് ദിവസങ്ങളോളം നീളുന്ന സത്യഗ്രഹം. നിരാഹാരമാണെങ്കില്‍ മുഴുനീളന്‍ ടോര്‍ച്ചിനുള്ളില്‍ രാത്രികാലങ്ങളില്‍ പുട്ടും നേന്ത്രപ്പഴം പുഴുങ്ങിയതും നിറച്ചുകൊണ്ടു വന്ന് അകത്താക്കി ‘നിരാഹാരം’ തുടരുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതും കോണ്‍ഗ്രസുകാര്‍ തന്നെ. ഈ സമരമാര്‍ഗങ്ങള്‍ക്ക് അന്നു ഗാന്ധിജി പേറ്റന്റെടുക്കാത്തതിനാല്‍ ബിജെപിക്കാരും ആ പയറ്റുമുറകളെടുത്തു വീശുന്നു. പക്ഷേ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോടൊപ്പം ശബരി മലയിലെത്തി ആകെ അലമ്പാക്കിയ എ എന്‍ രാധാകൃഷ്ണന്റെ സെക്രട്ടേറിയറ്റ് പടിക്കലെ ആ ഉണ്ണാവ്രത കിടപ്പു കണ്ടാല്‍ കരഞ്ഞുപോകുമെന്നു സംഘികള്‍ പറയുന്നു. കലിയുഗവരദന്റെ പൂങ്കാവനത്തില്‍ കയറി കളിച്ചതിനും എസ് പി യതീഷ് ചന്ദ്രയോട് ഇംഗ്ലീഷ് പറഞ്ഞതിനും ഭഗവാന്‍ നല്‍കിയ ശിക്ഷയാകാം ഇതെന്നാണ് ജാമ്യം സുരേന്ദ്രന്റെ പക്ഷക്കാര്‍ പറയുന്നത്. നിരാഹാരസമരങ്ങള്‍ ഒരു ഘട്ടമെത്തുമ്പോള്‍ സമരക്കാര്‍ സമരത്തിന് ആധാരമായി ഉന്നയിച്ച വിഷയങ്ങള്‍ അട്ടത്തുവയ്ക്കും. ഇവിടെയും ഇതുതന്നെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു. എ എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്നാണ് ഇപ്പോഴത്തെ മുദ്രാവാക്യം. ഇന്നോ നാളെയോ രാധാകൃഷ്ണന്‍ സത്യഗ്രഹപ്പന്തലില്‍ നിന്നും പൊടിയുംതട്ടി പോകുമെന്നായപ്പോള്‍ അടുത്ത ഊഴക്കാരനായ സി കെ പത്മനാഭന്റെ നെഞ്ചില്‍ ഒരു പടപടപ്പ്.
സമരം മലയിറങ്ങുകയും ചെയ്തു. അയ്യപ്പഭക്തര്‍ ലക്ഷങ്ങളായി ശ്രീധര്‍മശാസ്താവിനെ കണ്ടു വണങ്ങുകയും ചെയ്യുന്നു. ശരണനാമജപം മുദ്രാവാക്യമാക്കിയവര്‍ക്ക് ഇപ്പോള്‍ പെരുവഴി ശരണം. വേലുത്തമ്പിദളവയുടെയും മാധവരായവരുടെയും പ്രതിമകള്‍ക്കുപോലും ചിരിയടക്കാനാവുന്നില്ല. എന്നിട്ടും സംഘി ചാനല്‍ വിടുന്ന ഭാവമില്ല. എന്നും രാത്രി ഹരിവരാസനം പാടി ശബരിമലനട അടയ്ക്കുമ്പോള്‍ ഭക്തര്‍ കൂട്ടുകൂടിയിരുന്ന് അയ്യപ്പ മന്ത്രങ്ങള്‍ ഉരുവിടുന്ന ചടങ്ങിന്റെതാണ് സമയസംപ്രേഷണം നടത്തി ഈ ശരണമന്ത്രരൂപം തങ്ങളുടെ സമരത്തിന് ആക്കം കൂട്ടുന്നുവെന്ന് ഉളുപ്പില്ലാത്ത വ്യാഖ്യാനവും.

കെഎസ്ആര്‍ടിസിയില്‍ മാത്രമല്ല ബിജെപി നിയമിച്ച ഗവര്‍ണര്‍മാരിലും എംപാനലുകാരുണ്ടെന്ന വാര്‍ത്തകള്‍ വരുന്നു. ഇരുകൂട്ടരേയും എപ്പോള്‍ വേണമെങ്കിലും പീരിച്ചുവിടാമെന്ന നിര്‍ഭാഗ്യകരമായി അവസ്ഥ. ഇപ്പോള്‍ കേള്‍ക്കുന്നത് മിസോറാമിലെ എം പാനല്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ പിരിച്ചുവിടാന്‍ പോകുന്നുവെന്നാണ്. നിയമനം കഴിഞ്ഞു നേരത്തോടുനേരമെത്തുന്നതോടെ പിരിച്ചുവിടലും. കുമ്മനത്തോട് മോഡിക്കും അമിട്ട് ഷായ്ക്കും എന്തോ ഒരു വൈരാഗ്യമുണ്ടെന്നു തോന്നുന്നു. കുരുതികൊടുക്കാനാണ് ആസന്നമായ പിരിച്ചുവിടലെന്നും ശ്രുതിയുണ്ട്. വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് കുമ്മനത്തെ ഇട്ടുകൊടുക്കാനാണത്രേ പരിപാടി. തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിച്ച് ബലിദാനിയാക്കാനുള്ള മോഡിയുടെ പരിപാടി എന്തായാലും കൊടും ചതിയായിപ്പോയി. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ഗവര്‍ണറായി രാജ്ഭവനില്‍ വാഴാമെന്ന പാവം കുമ്മനത്തിന്റെ സ്വപ്‌നവും വടികുത്തിപ്പിരിയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോല്‍ക്കാനിരിക്കുമ്പോള്‍ താനങ്ങനെ ഗവര്‍ണറായി വിലസേണ്ട എന്ന മോഡിയുടെ മനോഗതി അസൂയാകലുഷിതമല്ലാതെ മറ്റെന്താണ്.

മലയാള സാഹിത്യത്തിലെ നിത്യവസന്തങ്ങളെ സംഭാവന ചെയ്ത മേഖലയാണ് നമ്മുടെ കലാലയങ്ങള്‍. ഒഎന്‍വി, എന്‍ കൃഷ്ണപിള്ള, എസ് ഗുപ്തന്‍ നായര്‍, തിരുനെല്ലൂര്‍ കരുണാകരന്‍, എം കൃഷ്ണന്‍ നായര്‍, ഡോ. എം ലീലാവതി, സുകുമാര്‍ അഴീക്കോട്, എന്‍ നരേന്ദ്ര പ്രസാദ്, ഡി വിനയചന്ദ്രന്‍, ഡോ. അയ്യപ്പപണിക്കര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രതിഭയുടെ അക്ഷയഖനികളാണ് മലയാള കവിതയെ അപദാന സമൃദ്ധമാക്കിയത്. ആദ്യ ജ്ഞാനപീഠം അവാര്‍ഡു നേടി മലയാള സാഹിത്യത്തെ ഭാരതീയ സാഹിത്യത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച മഹാകവി ജി ശങ്കരക്കുറുപ്പും അധ്യാപക ശ്രേഷ്ഠനായിരുന്നു. ഈ ഗുരുകുലത്തില്‍ നിന്നും പുതിയ തലമുറയിലേക്ക് ശ്രദ്ധേയരായി ആരും വരാത്തത് കലാലയങ്ങളില്‍ സാഹിത്യത്തിന്റെ കൂമ്പടഞ്ഞുപോയതു കൊണ്ടാണോ എന്ന് സാഹിത്യപ്രണയികള്‍ സന്ദേഹിച്ചു നില്‍ക്കുമ്പോഴാണ് ദേ തൃശൂര്‍ കേരള വര്‍മ കോളജില്‍ നിന്ന് ദീപാനിശാന്ത് എന്ന കവയത്രിയുടെ അവതാരം.
അവതാരത്തിന്റെ വരവു തന്നെ കലക്കി. പക്ഷേ പിന്തിരിപ്പന്മാരായ വായനക്കാര്‍ അവതാരത്തെ കയ്യോടെ പിടിച്ചു. കലേഷ് എന്ന യുവകവിയുടെ കവിത തന്റെ പേരില്‍ അപ്പടി പകര്‍ത്തിയെഴുതിയ ഈ കവിതക്കള്ളി പിടിയിലായപ്പോള്‍ ആദ്യം ചില ന്യായങ്ങള്‍ നിരത്തി. വല്ലവരുടെയും കവിത പകര്‍ത്തിയെഴുതി പ്രസിദ്ധീകരിക്കാനുളള ഗതികേട് തനിക്കില്ലെന്ന് ഞായം പറഞ്ഞു. കലേഷ് തന്നെ രംഗത്തിറങ്ങിയത് തന്റെ കവിത ദീപാനിശാന്ത് മോഷ്ടിച്ചതിനല്ല. പ്രത്യുത അതുപകര്‍ത്തിയെഴുതി അലമ്പാക്കിയതിനെതിരേയായിരുന്നു. തൊണ്ടി മുതല്‍ തെളിവുസഹിതം പിടികൂടിയപ്പോള്‍ പകര്‍പ്പെഴുത്തു കവിതയില്‍ മലയാളത്തിന്റെ ഭാവി വാഗ്ദാനമാകുമായിരുന്ന ദീപാനിശാന്ത് സമ്മതിച്ചു താന്‍ കലേഷിന്റെ കവിത മോഷ്ടിച്ചുവെന്ന്. കള്ളനോ കള്ളിയോ ആയാലും സത്യസന്ധരായി മൊഴി നല്‍കുന്നവരുമുണ്ടെന്ന് ദീപപ്രഭയോടെ ദീപ ഉദാഹരണമായി. വീണിടത്തുകിടന്ന് ഉരുണ്ട് ദേഹമാസകലം അക്ഷരച്ചളി പുരണ്ടതിനിടയില്‍ ദീപാനിശാന്തിന് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേളയില്‍ വിധികര്‍ത്താവായി സ്ഥാനക്കയറ്റം നല്‍കി ആദരം ഇതെന്താ സാഹിത്യ വെള്ളരിക്കാപ്പട്ടണമോ.
ജനം ഇളകിയതോടെ വിധികര്‍ത്താവിന്റെ വിധി റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ് തലയൂരി. ന്യായാധിപയെ കലോത്സവപന്തലില്‍ നിന്നു ഒരു ഒന്നൊന്നര കുപ്പിണി പൊലീസിന്റെ അകമ്പടിയോടെ കടത്തിയിട്ടും ദീപയ്ക്ക് വല്ല കുലുക്കവുമുണ്ടോ? തെറ്റുകള്‍ തിരുത്തി താന്‍ മുന്നോട്ടു പോകുമെന്ന് ഒരു പ്രഖ്യാപനം. യുവജനോത്സവത്തില്‍ കുട്ടികള്‍ എഴുതിയ ഉപന്യാസങ്ങളിലെ തെറ്റുകള്‍ തിരുത്തി അവ തന്റേതാക്കി മുന്നോട്ടുപോകുമെന്നാണ് ദീപ ഉപദേശിച്ചതത്രേ. എല്ലാം കഴിഞ്ഞപ്പോള്‍ വൈജ്ഞാനികതയുടെ ഭൂമികകളില്‍ നിന്നുതന്നെ പടിയടച്ചു പുറത്താക്കാനുള്ള ഗൂഢാലോചന, ധൈഷണികതയുടെ പൊതു ഇടങ്ങളില്‍ വ്യവഹരിക്കുന്നതിനുള്ള നീതിനിരാസം, കാവ്യ സൗന്ദര്യത്തിലെ ഭാവഭംഗികള്‍ക്കുനേരെയുള്ള കടന്നാക്രമണം തുടങ്ങി കര്‍ണപുടം പൊട്ടിപ്പോകുന്ന വാചകാഭ്യാസങ്ങളും. കപ്പ മോഷ്ടിക്കുന്നവന്‍ കപ്പക്കള്ളനെങ്കില്‍, കോഴിയെ കക്കുന്നവന്‍ കോഴിക്കള്ളനെങ്കില്‍ കവിത മോഷ്ടിക്കുന്ന പെണ്ണിനെ കവിതക്കള്ളി എന്നല്ലേ വിളിക്കേണ്ടത്. എന്നിട്ടും മോഷണത്തെ ന്യായീകരിക്കാന്‍ അസംബന്ധങ്ങളുടെ ആരക്കാലുകളുമായി ചരിഞ്ഞു ചിന്തിക്കുന്ന ചില അശോകന്മാരും. ആനന്ദലബ്ധിക്കിനി എന്തുവേണം.