Wednesday
20 Feb 2019

ആണ്ടി വലിയ അടിക്കാരനൊന്നുമല്ല

By: Web Desk | Tuesday 4 December 2018 10:37 PM IST

karyavicharam

ണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിതന്നെ അവകാശപ്പെടുന്ന ഒരു കഥ വര്‍ഷങ്ങളായി മലയാള ഭാഷയില്‍ കേട്ടറിവുള്ളതാണ്. ഇന്നിപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി അത്തരത്തിലൊരു അവകാശവാദവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ‘മന്‍ കി ബാത്ത്’ എന്ന പേരില്‍ തന്റെ മനസ് തുറക്കുന്നുവെന്ന അര്‍ഥത്തില്‍ ആകാശവാണിയിലൂടെ അദ്ദേഹം മാസംതോറും നടത്തിവരുന്ന ഹൃദയസല്ലാപത്തിന്റെ അമ്പതാം പ്രക്ഷേപണാവസരത്തിലാണ് ഇക്കഴിഞ്ഞ മാസം മോഡി ഈ അവകാശവാദം ഉന്നയിച്ചത്.
ശബ്ദം തന്റേതാണെങ്കിലും ജനങ്ങളാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് ജനകോടികളെ കയ്യിലെടുക്കാന്‍ വാഗ്‌വിലാസത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആളെപ്പോലെ മോഡി പറയുന്നു. 2014 ഒക്‌ടോബറിലെ വിജയദശമി ദിനത്തില്‍ താന്‍ ആരംഭിച്ച പ്രക്ഷേപണ പരിപാടി ആകാശവാണിയെ നാട്ടിലെ ഏറ്റവും വലിയ മാധ്യമമാക്കി മാറ്റിയിരിക്കുകയാണെന്നാണ് മോഡിയുടെ അവകാശവാദം. അതായത് ആകാശവാണി ആളുകള്‍ കേള്‍ക്കുന്നത് തന്നെ തന്റെ മന്‍ കി ബാത്ത് ഉള്ളതുകൊണ്ടാണെന്ന്.
ആകാശവാണി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 31,480 പേരില്‍ 61 ശതമാനവും സാമൂഹ്യക്ഷേമ പദ്ധതിയില്‍ താല്‍പര്യം പ്രകടമാക്കിയെന്ന് പ്രധാനമന്ത്രി പറയുന്നു. ശുചിത്വ ഭാരതം എന്ന തന്റെ മുദ്രാവാക്യം ജനമനസുകളില്‍ ഇറങ്ങിക്കഴിഞ്ഞുവത്രേ. അടുത്ത ഗാന്ധിജയന്തിയോടെ വെളിയിലുളള വിസര്‍ജ്ജനം ഭാരതമെമ്പാടും ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്.
അപ്പോഴും കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന 63,327 കിലോമീറ്റര്‍ റയില്‍പ്പാതയില്‍ രാപ്പകല്‍ മലമൂത്ര വിസര്‍ജനം നടക്കുന്നുണ്ടെന്നത് മോഡി മനഃപൂര്‍വം മറക്കുന്നു. അതല്ലെങ്കില്‍ ആ രീതി എങ്ങനെ ഉന്മൂലനം ചെയ്യുമെന്ന് പറയാതിരിക്കുന്നു.
ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചത് 1993 ലാണ്. എന്നിട്ടും അത് അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജസ്ഥാനിലെ ബിജെപി മന്ത്രി ശംഭുസിങ് ഖസര്‍ അജ്മീറിലെ പൊതുയോഗത്തിനിടയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെപ്പറ്റി ആരും പ്രതികരിച്ചില്ല. മോഡി മന്ത്രിസഭയിലെത്തന്നെ അംഗമായ കൃഷിമന്ത്രി രാധാമോഹന്‍സിങ് ബിഹാര്‍ പര്യടനവേളയില്‍ മോത്തിഹരിയില്‍ നടത്തിയതും ഇത്തരമൊരഭ്യാസമായിരുന്നു.
വ്യക്തിപരമോ രാഷ്ട്രീയ സംബന്ധിയായോ ഉള്ള ഒരു ചോദ്യവും അംഗീകരിക്കില്ല എന്ന് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ച മോഡി അമ്പതാമത്തെ ‘മന്‍ കി ബാത്തി’ലും ആ തീരുമാനം ലംഘിച്ചില്ല. മോഡിയുടെ ജാതിയെക്കുറിച്ചു ചോദിക്കുന്ന സി പി ജോഷി എന്ന കോണ്‍ഗ്രസുകാരനും മോഡിയുടെ പിതാവ് ആരാണെന്ന് ആരായുന്ന വിലാസ്‌റാവു മുത്തംവാര്‍ എന്ന മുന്‍ കേന്ദ്രമന്ത്രിയും നിരാശരായി കാണണം.
മോഡിയുടെ മുന്‍ഗാമിയായ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കേ നടത്തിയ ഒരു പ്രക്ഷേപിണി പ്രസംഗം ഒരു ഗ്രാമീണന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അങ്ങനെയൊരു പരിപാടി തനിക്കും നടത്താമല്ലോ എന്ന മോഹം മോഡിയുടെ മനസിലുദിച്ചത്. അങ്ങനെയാണ് മന്‍ കി ബാത്ത് തുടങ്ങിയതെന്ന് മോഡി തന്നെ തുറന്നുപറയുന്നുണ്ട്.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രദ്ധിക്കാറുള്ള കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറയുന്നത് അത് ‘മന്‍ കി ബാത്ത’ല്ല ‘ജൂട്ടി ബാത്തേന്‍’ (വ്യാജപ്രസ്താവന) ആണെന്നാണ്.
‘ബേഠി ബചാവോ, ബേഠി പഠാവോ’ പരിപാടി വിജയിക്കുന്നുണ്ടെന്നും ‘മന്‍ കി ബാത്ത്’ പരിപാടി കേട്ടു യുവതലമുറ വിദ്യാഭ്യാസകാര്യത്തിലും ചെറുപ്പക്കാര്‍ കായികരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മോഡി പറഞ്ഞാലും അത് എല്ലാവര്‍ക്കും അംഗീകരിക്കാനാവില്ലല്ലോ. ഒരുപക്ഷേ നികുതികള്‍ ഏകീകരിച്ചു ചരക്കുസേവന നികുതി നടപ്പിലാക്കിയത് മാതൃകാപരവും ഭൂരിപക്ഷ പിന്തുണയുള്ള കാര്യവുമായി ചിത്രീകരിച്ചേക്കാം. എന്നാല്‍ പ്രധാനമന്ത്രി മാത്രമല്ല അദ്ദേഹത്തിന്റെ ഓഫീസ് പോലും പല കാര്യങ്ങളും ഒളിപ്പിച്ചുവെയ്ക്കുന്നുണ്ടെന്നാണ് പൊതുസംസാരം.
നോട്ടുനിരോധനം സാര്‍വലൗകിക നേട്ടമാണെന്ന് പറയുമ്പോഴും വിദേശത്തുനിന്നും കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുപോലും പുറത്ത് പറയാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറല്ല. വിവരാവകാശ നിയമ പ്രകാരം സഞ്ജയ് ചതുര്‍വേദിയെന്നയാള്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ നിലപാട് വെളിപ്പെട്ടത്. പ്രത്യേകാന്വേഷണ വിഭാഗമായ എസ്‌ഐടിയുടെ അന്വേഷണം നടക്കുന്നതിനാല്‍ ഇത് വെളിപ്പെടുത്താന്‍ വയ്യെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റേത്.
‘നിര്‍മല്‍ ഭാരത് അഭിയാന്‍’ എന്ന പേരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിവച്ച പരിപാടി ‘സ്വച്ഛതാ ഹി സേവ’ (ശുചിത്വം തന്നെ സേവനം) എന്ന പേരില്‍ ഏറ്റെടുത്തയാളാണ് മോഡി. ഇന്നും കോടിക്കണക്കിനാളുകള്‍ ശൗചാലയങ്ങളില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം മോഡി കാണുന്നില്ല. മനുഷ്യ വിസര്‍ജനമടക്കമുള്ള മാലിന്യം തലയിലേറ്റാന്‍ വിധിക്കപ്പെട്ട രോഗഗ്രസ്തരായി മരിച്ചവരുടെ എണ്ണം 2017 ല്‍ മുന്നൂറിലേറെയാണെന്ന് ലോക്‌സഭയില്‍ തന്നെ വെളിപ്പെടുത്തപ്പെട്ടു.
കെട്ടിക്കിടക്കുന്ന മനുഷ്യ വിസര്‍ജനമടക്കമുള്ള മാലിന്യങ്ങള്‍ നീക്കാന്‍ പതിറ്റാണ്ടുകളായി വിധിക്കപ്പെട്ട ഹതഭാഗ്യരുടെയും മലിനവായു ശ്വസിച്ചു മരിക്കുന്നവരുടെയും കണക്ക് ആരും ചോദിച്ചില്ല, ആരും പറഞ്ഞതുമില്ല. എന്നാല്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ സഫായ് കരം ചാരിറ്റി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്, കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇങ്ങനെ 630 പേര്‍ മരിച്ചുവെന്നാണ്. ഓടയും കക്കൂസ് ടാങ്കും വൃത്തിയാക്കാന്‍ വിധിക്കപ്പെട്ട തോട്ടിപ്പണിക്കാരില്‍ ഓരോ അഞ്ചു ദിവസത്തിനിടയിലും നിരവധിപേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. കൈയുറപോലും ധരിക്കാന്‍ കിട്ടാതെയാണ് അവര്‍ക്ക് പണി ചെയ്യേണ്ടിവരുന്നത്.
മന്‍ കി ബാത്തില്‍ രാഷ്ട്രീയം പറയുന്നില്ലെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പുകള്‍ ഒന്നിനുപുറകേ മറ്റൊന്നായി വരുമ്പോള്‍ മോഡിയുടെ സുവിശേഷ പ്രസംഗങ്ങള്‍ ഇന്ദ്രപ്രസ്ഥം തുടര്‍ന്നും ഭരിക്കാന്‍ അദ്ദേഹത്തെ തുണയ്ക്കുമോ? കാത്തിരുന്നു കാണാം.