ഭാഗികമായി തടസ്സപ്പെട്ട എണ്ണ വിതരണം പൂര്‍വ്വ സ്ഥിതിയിലായെന്ന് സൗദി അറേബ്യ

Web Desk
Posted on September 18, 2019, 2:14 pm

അരാംകോ തീവ്രവാദാക്രമണത്തെ തുടര്‍ന്ന് ഭാഗികമായി തടസ്സപ്പെട്ട എണ്ണ വിതരണം പൂര്‍വ്വ സ്ഥിതിയിലായെന്ന് സൗദി അറേബ്യ. ശനിയാഴ്ചക്കു മുമ്പുള്ള അവസ്ഥയിലേക്ക് എണ്ണ വിതരണം എത്തിയിട്ടുണ്ടെന്ന് ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വൈകി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഉപഭോക്തൃരാജ്യങ്ങള്‍ക്കുള്ള എണ്ണവിതരണം ഈ മാസം സാധാരണപോലെ തുടരും. സെപ്റ്റംബര്‍ അവസാനത്തോടെ എണ്ണ ഉത്പാദന ശേഷി പ്രതിദിനം 11 ദശലക്ഷം ബാരലായി ഉയരുമെന്നും അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ ആരാംകോയില്‍ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായതോടെ ഇന്ധന വില ആഗോളതലത്തില്‍ കുത്തനെ ഉയര്‍ന്നിരുന്നു.
പ്രതിദിനം 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യുന്ന 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ് ലൈനിനു നേരെയായിരുന്നു ആക്രമണമുണ്ടായത്.