സൗദിക്കെതിരെ വീണ്ടും ഹൂതി ആക്രമണം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നു

Web Desk
Posted on May 21, 2019, 9:31 pm

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. നജ്‌റാന്‍ ആയുധത്താവളത്തിനുനേര്‍ക്കാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ബോംബ് വഹിച്ച ക്വാസെഫ് 2കെ ഡ്രോണ്‍ നജ്‌റാന്‍ ആയുധത്താവളം തകര്‍ത്തതായി ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍മാസിറാ ഉപഗ്രഹ ന്യൂസ് ചാനല്‍ അവകാശപ്പെട്ടു.

റിയാദില്‍ നിന്നും 840 കിലോമീറ്റര്‍ അകലെയാണ് നജ്‌റാന്‍ വ്യോമത്താവളം. ഗള്‍ഫ് മേഖലയിലെ ഭൂരിപക്ഷം വിമാനത്താവളങ്ങളും വ്യോമസേനാത്താവളങ്ങള്‍ കൂടിയാണ്. ആക്രമണം സൗദി സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു. നജ്‌റാനിലെ ഒരു ജനവാസമേഖലയ്ക്കുനേരെ ആക്രമണശ്രമമുണ്ടായതായി സൗനിക വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാന്‍ സഹായത്തോടെ ഹുതികള്‍ നടത്തുന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പെന്‍ഗണും യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞദിവസം വിശുദ്ധനഗരമായ മക്കയ്ക്കും ജിദ്ദക്കും നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു. ആദ്യത്തെ മിസൈല്‍ മക്കക്ക് കിഴക്ക് 70 കിലോമീറ്റര്‍ ദൂരെ തായിഫിനു മുകളില്‍ വെച്ച് സൗദി സൈന്യം തകര്‍ത്തു. യുഎസ് നിര്‍മ്മിത പാട്രിയറ്റ് മിസൈല്‍വേധ സംവിധാനം ഉപയോഗിച്ച് ശത്രുവിന്റെ ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ പുറത്തുവന്നിരുന്നു.

മക്കക്ക് പടിഞ്ഞാറ് 70 കിലോമീറ്റര്‍ ദൂരെ ജിദ്ദ ലക്ഷ്യമിട്ടെത്തിയ മിസൈലും സൗദി സൈന്യം വിജയകരമായി തകര്‍ക്കുകയായികുന്നു. രണ്ടു വര്‍ഷം മുമ്പും മക്ക ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു.
കഴിഞ്ഞയാഴ്ച സൗദി ഉടമസ്ഥതയിലുള്ള എണ്ണ പൈപ്പ്‌ലൈനുകള്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ഇവയുടെ ഉത്തരവാദിത്തവും ഹൂതി വിഘടനവാദികള്‍ ഏറ്റെടുത്തിരുന്നു. ഇറാന് നേരെ ആരോപണം ഉയന്നെങ്കിലും ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ എണ്ണ വിപണിയെ ബാധിക്കും വിധം ഉപരോധം തുടര്‍ന്നാല്‍ ആഗോള തലത്തില്‍ എണ്ണ വിതരണം മുടക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഈ ആക്രമണങ്ങള്‍. ഇതിനിടെ ഇറാനെതിരെയുള്ള യുദ്ധ സന്നാഹത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ജിസിസി, അറബ് യോഗം: ഖത്തറിനെ ഒഴിവാക്കി

ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ മക്കയില്‍ വിളിച്ചുചേര്‍ത്ത ഗള്‍ഫ്, അറബ് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ നിന്നും ഖത്തറിനെ ഒഴിവാക്കി.
ഈ മാസം മുപ്പതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഉച്ചകോടിയിലേക്ക് തങ്ങള്‍ക്ക് ക്ഷണം ലഭിട്ടിച്ചില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു.
2017 ജൂണ്‍ മുതല്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാനെ പിന്തുണയ്ക്കുന്ന നയം തുടരുന്നുവെന്നതാണ് ഉപരോധത്തിന് കാരണം. ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ രണ്ട് എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടിക്ക് സൗദി മുന്‍കയ്യെടുക്കുന്നത്. മറ്റ് ജിസിസി നേതാക്കളെയും അറബ് നേതാക്കളെയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.