സൗദിവല്‍ക്കരണം പരാജയത്തിലേക്ക്

Web Desk
Posted on July 26, 2019, 11:02 pm

കെ രംഗനാഥ്

റിയാദ്: സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിലേയ്ക്ക് നീങ്ങുന്ന സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന് കണക്കുകള്‍.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം പ്രവാസികളെ നാടുകടത്തുന്ന സൗദി അറേബ്യ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 80,000 വിദേശികളെയാണ് പിരിച്ചുവിട്ടത്. അടുത്ത വര്‍ഷം 7.6 ലക്ഷം പ്രവാസികളെക്കൂടി കുടിയിറക്കുമെന്ന് ഔദേ്യാഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. സൗദിയില്‍ ഒന്നരവര്‍ഷം മുമ്പ് 1.1 കോടി വിദേശ ജീവനക്കാരാണുണ്ടായിരുന്നത്. ഇവരില്‍ 24 ലക്ഷം നിര്‍മാണ തൊഴിലാളികളാണ്. അവരില്‍ മുപ്പത് ശതമാനത്തോളം മലയാളികള്‍. എന്നാല്‍ മെയ്യനങ്ങി പണി ചെയ്യേണ്ട ഈ മേഖലയില്‍ നിന്നും ലക്ഷക്കണക്കിന് പ്രവാസികളെ പിരിച്ചുവിട്ടശേഷം കുടിയിരുത്താനായത് 2.21 ലക്ഷം സ്വദേശികളെ മാത്രം. ആ പണിയും ഇട്ടെറിഞ്ഞുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇത്തരം പണികള്‍ സ്റ്റാറ്റസിനു നിരക്കാത്തതാണെന്നാണ് അറബികളുടെ പക്ഷം.
ടെക്‌നീഷ്യന്‍മാരായി 4.88 ലക്ഷം പ്രവാസികള്‍ പണി ചെയ്യുന്നു. ഈ മേഖലയില്‍ നിന്നും മൂന്നര ലക്ഷത്തിലേറെപ്പേരെ പിരിച്ചുവിട്ടശേഷം പകരമായി സൗദികളെ കുടിയിരുത്താനായത് 1.6 ലക്ഷം മാത്രം. അവരില്‍ പകുതിയും കൊഴിഞ്ഞുപോക്കിന്റെ പാതയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം 20 ലക്ഷത്തിലേറെ പ്രവാസികളെ നാടുകടത്തിയിട്ടും പകരം അറബികളെ കുടിയിരുത്താനായിട്ടില്ല. തൊഴിലിനോടുള്ള അനാഭിമുഖ്യം തന്നെയാണ് കാരണം. ഇതുമൂലം പുരുഷന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ 19 ശതമാനവും സ്ത്രീകളുടേത് 36 ശതമാനവുമായി കുതിച്ചുകയറുന്നുവെന്നാണ് സൗദി സര്‍ക്കാരിന്റെ ഔദേ്യാഗിക സ്ഥിതിവിവരക്കണക്കുകള്‍. വിദേശികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചില സ്വകാര്യ മേഖലകളിലും നിയമനം നല്‍കരുതെന്ന ഉത്തരവും നിലവിലുണ്ട്. പക്ഷേ പൂര്‍ണമായി സ്വദേശിവല്‍ക്കരിച്ച ഈ ഒഴിവുകള്‍ നികത്താന്‍ തൊഴില്‍രഹിതരായ അറബികള്‍ മുന്നോട്ടുവരുന്നുമില്ല.
നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി 10.35 ലക്ഷം പേരെ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ പിടികൂടിയിട്ടുണ്ടെന്ന് ഔദേ്യാഗികപത്രമായ ‘സൗദി ഗസറ്റ്’ പറയുന്നു. ഇവരെയും നാടുകടത്തുന്നതോടെ സൗദിയിലെ വിവിധ മേഖലകള്‍ സ്തംഭനത്തിലേക്കു നീങ്ങുമെന്നും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് രാജ്യം മുതലക്കൂപ്പ് കുത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശികളുടെ പുറത്തേയ്ക്കുള്ള കുത്തൊഴുക്കിന്റെ ഫലമായി വിദേശനിക്ഷേപവും വല്ലാതെ ഇടിയുമെന്നാണ് സൗദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സയ്യേദ് ബഞ്ചമിന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.
2030 ആകുമ്പോള്‍ ലോകത്ത് ഏറ്റവുമധികം തൊഴിലില്ലായ്മയുള്ള രാജ്യം സൗദിയായിരിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ട്രിബ്യൂണ്‍ പ്രവചിക്കുന്നു. പണി ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കിട്ടിയാല്‍ മതിയെന്ന സൗദി യുവജനതയുടെ അലസ മനോഭാവം മാറാതെ സ്വദേശിവല്‍ക്കരണത്തിലേയ്ക്ക് എടുത്തുചാടിയത് മഹാമണ്ടത്തരമായിപ്പോയെന്നും അദ്ദേഹം പറയുന്നു.