ഓഗസ്റ്റ് 15 നകം കോവിഡ് 19 വാക്സിൻ പുറത്തിറക്കുമെന്ന ഐസിഎംആര്‍ അവകാശവാദം അടിയന്തിരമായി പിന്‍വലിക്കണം; സൗമ്യ സ്വാമിനാഥൻ

Web Desk

ന്യൂഡല്‍ഹി‍

Posted on July 05, 2020, 12:54 pm

2020 ഓഗസ്റ്റ് 15 നകം ഇന്ത്യ കോവിഡ് 19 വാക്സിൻ പുറത്തിറക്കുമെന്ന ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബൽറാം ഭാർഗവയുടെ അവകാശവാദം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ലോകാരോഗ്യ സംഘടന ഡെപ്യൂട്ടി ഡയറക്ടര്‍ സൗമ്യ സ്വാമിനാഥൻ. കോവിഡ് 19നുള്ള വാക്സിന്‍ എത്രയും വേഗത്തില്‍ കണ്ടെത്തേണ്ടത് ലോകത്തിന്റെ അനിവാര്യത ആണെങ്കിലും ഇത്തരത്തില്‍ സമയപരിധി ക്രമീകരിച്ച് അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതുമൂലം ശാസ്ത്രീയവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ വരാം എന്നും സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കി.

ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് വാക്സിന്‍ പുറത്തിറക്കാന്‍ സമയപരിധി നിശ്ചയിച്ച് മുന്നോട്ടു പോകുന്ന ഇന്ത്യയുടെ നീക്കത്തില്‍ ഡോ. സൗമ്യ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.  യഥാര്‍ഥത്തില്‍ ഇന്ത്യ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഐസിഎംആർ/ഭാരത് ബയോടെക് വാക്സിന്റെ ഒവന്നാം ഘട്ട പരീക്ഷണങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറക്കാനാകില്ലെന്നും ഐസിഎംആറില്‍ ഭാർഗവയുടെ മുൻഗാമിയായികൂടി സേവനമനുഷ്ഠിച്ചിരുന്ന ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. ഡോ. ഭാർഗവ കാര്യങ്ങളില്‍ വ്യക്തത വരുത്തി തിരുത്താന്‍ തയാറാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.

ഒരു വാക്സിൻ വികസിപ്പിക്കുന്നതിൽ ധാർമ്മികവും ശാസ്ത്രീയവുമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാമെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സൈന്റിസ്റ്റ് വ്യക്തമാക്കി. ക്രിത്യമായ പ്രക്രിയകള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചാണ് വാക്സിന്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് സാധാരണ ഗതിയില്‍ വാക്സിന്‍ പരീക്ഷണം നടത്തേണ്ടതെന്നും ഏറ്റവും സുപ്രധാനമായ മൂന്നാം ഘട്ടം 20–30,000 ആളുകൾ വരെ പങ്കെടുത്തുകൊണ്ടാകണമെന്നുമാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സാധാരണ ഗതിയില്‍ ഘട്ടം ‑3 പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകം കടന്നുപോകുന്നതിന് സമാനമായ അടിയന്തര ഘട്ടങ്ങളില്‍ ഈ പ്രക്രിയ വേഗത്തിലാക്കാനാകുമെന്നും അവർ പറഞ്ഞു.

വാക്സിന്‍ വികസിപ്പിക്കുന്ന ഭാരത് ബയോടെക്കുമായി താന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്താറുണ്ടെന്നും അവരുടെ മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ച് അറിവുള്ളതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഒന്നാം ഘട്ടം പോലും പൂര്‍ത്തിയായിട്ടില്ലെന്ന് താന്‍ പറഞ്ഞതെന്നും ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു. വിവിധ ലോകരാജ്യങ്ങളിലാകെ 150 വ്യത്യസ്ത വാക്സിനുകൾ പരിശോധനയുടെ പ്രീ-ക്ലിനിക്കൽ ഘട്ടത്തിലാണെന്നും 17–18 വാക്സിനുകള്‍ ക്ലിനിക്കൽ പരിശോധനാ ഘട്ടങ്ങളിലാണെന്നും ഒന്നോ രണ്ടോ വാക്സിനുകള്‍ മൂന്നാം ഘട്ട പരിശോധനകള്‍ നടത്തി തുടങ്ങിയതായും സ്വാമിനാഥൻ ദി വയറിനോട് പറഞ്ഞു. പൂര്‍ണമായും സജ്ജമായ വാക്സിന്‍ പുറത്തിറക്കാന്‍ 2021 ന്റെ തുടക്കത്തിൽ മാത്രമേ സാധിക്കൂ. മതിയായ അളവിൽ ലഭ്യമാക്കാന്‍ 2021 ന്റെ അവസാനമെങ്കിലും എത്തണമെന്നും അവർ പറഞ്ഞു.

കോവിഡ് മഹാമാരി ലോകത്ത് അതിരൂക്ഷമായി പടരുകയാണെന്നും യഥാര്‍ഥത്തില്‍ രോഗം പിടിപെട്ടിട്ടിട്ടുള്ളവരുടെ കണക്കുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഇരുപത് മടങ്ങ് വരെ കൂടുതല്‍ ആകാമെന്നും ഡബ്ല്യുഎച്ച്ഒ ഡെപ്യൂട്ടി ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ അവ്യക്തമാണ്. ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ള 11.2 ദശലക്ഷം എന്ന കണക്ക് മഞ്ഞുമലയുടെ അഗ്രം മാത്രമാകാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ 6,73,000 കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇന്ത്യയില്‍ അതീവ ജാഗ്ര തുടരണമെന്ന് ഡോ. സൗമ്യ പറഞ്ഞു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 20,000 ത്തിലധികം കേസുകളാണ്. രോഗവ്യാപനവും മരണ നിരക്കും കുറയ്ക്കുന്നതിനായി ഇന്ത്യ വലിയ തോതിൽ പരിശോധന നടത്തുകയും മികച്ച പ്രാഥമിക പരിചരണം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

സ്ഥല സാഹചര്യങ്ങളെ അടിസ്ഥാനമാക്കി സന്ദർഭ നിർദ്ദിഷ്ടമായി വേണം ഇന്ത്യ കോവിഡ് പ്രതിരോധത്തിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍. അതായത് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍ പ്രയോഗിക്കുന്ന പ്രതിരോധമാര്‍ഗങ്ങളല്ല ബോംബെ പോലുള്ള നഗരങ്ങളില്‍ ഉണ്ടാകേണ്ടത്. ഒരു ദീർഘകാല പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ അംഗീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. മഹാമാരിയുടെ ഏറ്റവും തീവ്രമായ അവസ്ഥയിലൂടെ നാം കടന്നു പോകാനിരിക്കുന്നതേയുള്ളു. ഭാവിയിൽ വൈറസ് നമ്മോടൊപ്പമുണ്ട്. നമ്മൾ ഒരു പുതിയ ജീവിതരീത സൃഷ്ടിക്കുകയും വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുകയും വേണമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

നേരത്തെ കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ ഡോ. സൗമ്യ പ്രശംസിച്ചിരുന്നു. പ്രതിരോധത്തിന്‌ ആവശ്യമായ മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും വളരെ വേഗത്തിൽ ചെയ്യാൻ കേരളത്തിനായതിനാലാണ് രോഗബാധയെ നിയന്ത്രിക്കാന്‍ സാധിച്ചതെന്നായിരുന്നു‌ അവര്‍ അഭിപ്രായപ്പെട്ടത്.

Eng­lish sum­ma­ry: Saumya swamithan on Coax­in

You may also like this video;