Site iconSite icon Janayugom Online

സൗരാഷ്ട്ര വിധിയെഴുതും: ശക്തി തെളിയിക്കാൻ ബിജെപിയും കോൺഗ്രസും; വിള്ളലുണ്ടാക്കി വോട്ടു പിടിക്കാൻ ആം ആദ്മി

electionelection

ഗുജറാത്ത് നിയമസഭയിലേക്കുള്ള 182 സീറ്റുകളിൽ 48 എണ്ണം ഉൾപ്പെടുന്ന മേഖല പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞ തവണ മേഖലയിൽ 28 സീറ്റുകൾ നേടി, ബിജെപിയെ 99 ൽ ഒതുക്കാൻ കഴിഞ്ഞത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നു. പട്ടീദാർ, കോലി, അഹിർ, ക്ഷത്രിയ എന്നീ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലയാണിത്. കഴിഞ്ഞതവണ കോൺഗ്രസിനൊപ്പം നിന്ന പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ ഇത്തവണ തങ്ങളുടെ കൂടെയുണ്ടെന്ന ആശ്വാസമാണ് ബിജെപിക്ക്. പട്ടേൽ സമുദായത്തിലെ അട്ടിമറിയാണ് ആംആദ്മി പാർട്ടിയും ലക്ഷ്യംവയ്ക്കുന്നത്.

രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിന് പുറത്തു നിൽക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സംസ്ഥാന ഭരണം തിരിച്ചുപിടിക്കാൻ സൗരാഷ്ട്രയില്‍ 2017 ലെ പ്രകടനം നിലനിർത്തേണ്ടത് പ്രധാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2012 നെക്കാൾ 15 സീറ്റുകൾ മെച്ചപ്പെടുത്തിയാണ് മേഖലയിൽ 28 സീറ്റുകൾ നേടിയത്. 2015ൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ നടന്ന പട്ടീദാർ സംവരണ സമരം ഇത്തവണ ഇല്ലാത്ത സാഹചര്യത്തിൽ അതത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

സുരേന്ദ്രനഗർ, മോർബി, രാജ്കോട്ട്, ജാംനഗർ, ദ്വാരക, പോർബന്തർ, ജുനഗഡ്, ഗിർ സോമനാഥ്, അമ്രേലി, ഭാവ്നഗർ, ബോട്ടാഡ് തുടങ്ങി 11 ജില്ലകളാണ് സൗരാഷ്ട്ര മേഖല. ഇതിലെ മോർബി, ഗിർ സോമനാഥ്, അംറേലി ജില്ലകളിൽ ബിജെപിക്ക് കഴിഞ്ഞ തവണ അക്കൗണ്ട് തുറക്കാൻ പോലുമായില്ല. എന്നാൽ 2019 ൽ കോൺഗ്രസിൽ ചേരുകയും വർക്കിങ് പ്രസിഡന്റാവുകയും ചെയ്ത പട്ടീദാർ സമര നേതാവ് ഹാർദിക് പട്ടേൽ ഇത്തവണ ബിജെപിക്ക് വേണ്ടി വിരാംഗം സീറ്റിൽ മത്സരിക്കുന്നു. പട്ടീദാർ, ഒബിസി വിഭാഗത്തെ ഇതുവഴി സ്വാധീനിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

നേരത്തേ ബിജെപിയുടെ സ്വാധീന മേഖലയായിരുന്ന സൗരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യം പട്ടേൽ പ്രക്ഷോഭത്തോടെയാണ് മാറി മറിഞ്ഞത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാഹചര്യങ്ങൾ മാറിയെന്നും കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതിനോടകം മേഖലയിലെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിപക്ഷവും പട്ടീദാർ, കോലി, അഹിർ വിഭാഗത്തിൽ നിന്നുള്ള നേതാക്കളാണ്. എന്നാൽ അടുത്തകാലത്തായി നടന്ന രണ്ട് ദുരന്തങ്ങൾ ഭരണവിരുദ്ധ വികാരത്തെ ആളിക്കത്തിക്കുന്നവയാണ്. ഒക്ടോബർ 30ന് 140ഓളം പേരുടെ മരണത്തിന് ഇടയാക്കിയ മോർബി പാലം തകർച്ചയും 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തവും.

സംസ്ഥാനത്തെ അനിയന്ത്രിതമായ മയക്കുമരുന്നിന്റെ ഒഴുക്കും പ്രതിപക്ഷം ചർച്ചയാക്കിയിട്ടുണ്ട്. മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്ത 3,000 കിലോ വരുന്ന ഹെറോയിനും മയക്കുമരുന്ന് മാഫിയ- ഭരണകൂട കൂട്ടുകെട്ടും കോൺഗ്രസ് ശക്തമായി ഉന്നയിക്കുന്നുണ്ട്. മോഡിയുടെ അടുപ്പക്കാരനായ അഡാനിയുടെ ഉടമസ്ഥതയിലുള്ളതാണ് മുന്ദ്ര തുറമുഖം എന്നതുകൊണ്ട് പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തിനും മങ്ങലുണ്ടെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിന് സ്വാധീനമുള്ള ഗ്രാമീണ മേഖലകളിലാണ് ആംആദ്മി പാർട്ടിയും കണ്ണുവയ്ക്കുന്നത്. ഡൽഹി മോഡൽ വൈദ്യുതി, തൊഴിൽരഹിത വേതനം തുടങ്ങിയ സൗജന്യങ്ങളും ഒപ്പം ഭൂരിപക്ഷ വോട്ട് സ്വാധീനിക്കാൻ ഹിന്ദുത്വയും കൂട്ടിപ്പിടിച്ചാണ് കെജ്‍രിവാൾ പ്രചാരണം നടത്തുന്നത്. ഹിന്ദു ദൈവങ്ങളെ കറൻസികളിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ചതും ഈ തന്ത്രങ്ങളുടെ ഭാഗമായാണ്.

ബിജെപിയേക്കാൾ ഗംഭീരമായി ഹിന്ദുത്വയുടെ വക്താവാകാൻ തനിക്ക് കഴിയുമെന്ന് കാണിക്കുകയാണ് കെജ്‍രിവാളിന്റെ റാലികൾ. ആംആദ്മിയെ പ്രതിരോധിക്കാൻ കോൺഗ്രസും വലിയ സൗജന്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Saurash­tra to decide: BJP and Con­gress to prove strength; Aam Aad­mi to cre­ate a rift and get votes

You may also like this video

Exit mobile version