ഡല്‍ഹി സര്‍വകലാശാലയില്‍ സവര്‍ക്കറുടെ പ്രതിമ

Web Desk
Posted on August 21, 2019, 2:01 pm

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല ക്യംപസില്‍ അനുമതിയില്ലാതെ സവര്‍ക്കരുടെ പ്രതിമ സ്ഥാപിച്ച് എബിവിപി. യൂണിവേഴ്‌സിറ്റി കോളേജില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
നോര്‍ത്ത് ക്യാംപസിന്റെ ഗേറ്റിന് പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സവര്‍ക്കര്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിങിന്റെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ ഇടത്, കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ പ്രതിമ മാറ്റിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എന്‍എസ് യുഐ പ്രസിഡണ്ട് നീരജ് കുന്തന്‍ വ്യക്തമാക്കി.
പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളേജ് അധികൃതരെ കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ അധികൃതരുടെ അനുമതിക്കായി ശ്രമിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് കോളേജ് എബിവിപി അധ്യക്ഷന്‍ ശക്തി സിങ് പറഞ്ഞു. അതേസമയം സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിങിന്റെയും ഒപ്പം സവര്‍ക്കറുടെ പ്രതിമ വെക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.