Monday
25 Mar 2019

‘ഇനി വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’

By: Web Desk | Friday 11 January 2019 5:12 PM IST


കരിമണല്‍ ഖനനം നടത്തുന്ന പ്രദേശം

കൊല്ലം ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ റിലേ നിരാഹാര സമരം 72 ദിനങ്ങള്‍ പിന്നിട്ടു. സമരം ശക്തമാകുന്നു.

കൊല്ലം ജില്ലയില്‍ മത്സ്യ സമ്പത്തുകൊണ്ടും കാര്‍ഷിക സമൃദ്ധി കൊണ്ടും സമ്പന്നമായ നാടായിരുന്നു ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത്. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് (ഐആര്‍ഇ) കേറള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (കെഎംഎംഎല്‍) എന്നീ കമ്പനികള്‍ ആണ് ഇവിടെ കരിമണല്‍ ഖനനം നടത്തുന്നത്. യാതൊരു മാനദണ്ഠവും പാലിക്കാതെയുള്ള കരിമണല്‍ ഖനനം ഒരു പഞ്ചായത്തിനെയും ഭൂപ്രകൃതിയെയും തന്നെ ഇല്ലാതാക്കിയിരിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു.

പശ്ചിമതീര ദേശീയ ജലപാതയ്ക്കും കടലിനും ഇടയില്‍ ഉണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന കരിമണല്‍കുന്നുകളും മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മുക്കുംപുഴ പാടവും പനക്കട പാടവും പ്രദേശത്തെ കുടിവെള്ള ശ്രോതസുകളും കാലയവനിക്കുള്ളില്‍ മറഞ്ഞു. കടല്‍ തീരത്തിന്‍റെ പരിസ്ഥിതിയെ എന്നും സംരക്ഷിച്ചിരുന്ന ചാകര എന്ന പ്രതിഭാസം വ്യാപൃതമായ ഖനനം മൂലം തീരത്തിന് അന്യമായി. ഇതുമൂലം ആലപ്പാട് പഞ്ചായത്തു ഇന്ന് ദേശീയ ജലപാതയെയും ലക്ഷദീപ് കടലിനെയും വേര്‍തിരിക്കുന്ന ഒരു മണല്‍ വരമ്പ് മാത്രമായി മാറി ഭൂപടത്തില്‍. അയ്യായിരത്തോളം വരുന്ന കുടുംബങ്ങള്‍ ഖനനം മൂലം ഭൂരഹിതരായി മറ്റു സ്ഥലങ്ങളിലേക്ക് കുടിയൊഴിക്കപ്പെട്ടു. കരിമണല്‍ ഖനനം തുടങ്ങുന്നതിനു മുമ്പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് വില്ലേജിന്‍റെ ഇപ്പോഴത്തെ വിസ്തൃതി ഇപ്പോള്‍ കേവലം 7.6 ചതുരശ്ര കി മി ആയി ചുരുങ്ങി. അതായത്, 2000 ഏക്കര്‍ കടലായി മാറി എന്ന് അനുമാനിക്കാം. ജീവിത സാഹചര്യങ്ങള്‍ താറുമാറായ പ്രദേശത്തെ കുടുംബങ്ങള്‍ ഇന്ന് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലാണ്.

കരിമണല്‍ ഖനനം നടത്തുന്ന പ്രദേശം

പരമ്പരാഗത മത്സ്യബന്ധനം ഇല്ലാതായി. ഇനിയും സുനാമി അടക്കമുള്ള കടല്‍ക്ഷോഭങ്ങള്‍ ഉണ്ടായാല്‍ ഈ പ്രദേശം പൂര്‍ണ്ണമായും കടലായി മാറും. സ്വാഭാവികമായി ഉണ്ടായിരുന്ന ആലപ്പാടിന്‍റെ തെക്കുഭാഗം മുതല്‍ വടക്കുഭാഗം വരെ ഉണ്ടായിരുന്ന സ്വാഭാവിക കണ്ടല്‍ കാടുകള്‍, തീര സംരക്ഷണത്തിനായി വച്ച് പിടിപ്പിച്ച കാറ്റാടികള്‍ എല്ലാം ഖനനത്തിന്റെ ഫലമായി പൂര്‍ണ്ണമായും ഇല്ലാതായി. ഇതും തീര ശോഷണത്തിന് കാരണമായി. വെള്ളനാതുരുത്തില്‍ ഒരു ഏക്കര്‍ പതിനെട്ടു സെന്റ് തണ്ണീര്‍ത്തടം, 87 സെന്‍റ് ശുദ്ധജല കനാല്‍ മറ്റു മേഖലകളിലെ ജലസ്രോതസുകള്‍ എന്നിവ ഖനനത്തിന്‍റെ ഫലമായി ഇല്ലാതായി. കൊല്ലം ജില്ലയില്‍ ശുദ്ധജല ഉപയോഗത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച ആലപ്പാട് പഞ്ചായത്ത് ഇന്ന് ശുദ്ധ ജലത്തിനായി കേഴുന്നു. ലക്ഷദീപ് കടല്‍ മേഖലയില്‍ സുനാമി തിരമാലകള്‍ കവര്‍ന്ന കന്യാകുമാരി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനും സ്വത്തും നഷ്ടമായ പഞ്ചായത്താണ് ആലപ്പാട് പഞ്ചായത്ത്.

പ്രകൃതി ദത്തമായ മണല്‍ക്കൂനകള്‍ ഇല്ലാതായതാണ് സുനാമിയുടെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമെന്നു പല സര്‍വേകളിലും കണ്ടെത്തിയിരുന്നു. ഇന്ന് അതിജീവനത്തിനായി പോരാടുകയാണ് അവശേഷിക്കുന്ന കുടുംബങ്ങള്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ മാനേജ്മെന്‍റ് ചെന്നൈ നടത്തിയ കേരള തീരവുമായി ബന്ധപ്പെട്ട തീര വ്യതിയാന പഠനത്തില്‍ കേരള തീരത്തു ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപെട്ടത് ആലപ്പാട് കരിമണല്‍ മേഖലയില്‍ ആണെന്ന് കണ്ടെത്തുകയുണ്ടായി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നും റിട്ടയര്‍ ചെയ്ത കെ ബാഹുലേയന്‍റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് കരിമണല്‍ ഖനനം മൂലം കടലും കരയും ഒന്നായാല്‍ ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നത് വലിയ സാമൂഹ്യപ്രശ്‌നവും സമീപത്തെ കൃഷിയിടങ്ങള്‍ ഉപ്പുവെള്ളം കയറി നശിക്കുകയും ചെയ്യുകയും അവശേഷിക്കുന്ന മുഴുവന്‍ കുടുംബങ്ങളും നാശനഷ്ടങ്ങള്‍ക്ക് വീണ്ടും വിധേയമാകും എന്നുമാണ്.

ആലപ്പാട്ടെ റിലേ നിരാഹാര സമരപന്തല്‍

നനാനുമതി നേടിയിരിക്കുന്ന ഐആര്‍ഇ കമ്പനി എന്‍വിയോണ്‍മെന്‍റ് മാനേജ്‌മെന്‍റ് പ്‌ളാന്‍ (ഇഎംപി) ല്‍ ഉറപ്പു നല്‍കിയിരുന്ന കാര്യങ്ങള്‍ പരിസ്ഥിതിയെ ലംഘിച്ചുകൊണ്ട് മുന്നേറുന്ന അവസരത്തിലാണ്. വീണ്ടും ശക്തമായ ജനകീയ പ്രക്ഷോഭവുമായി ആലപ്പാട്ട് പഞ്ചായത്തു കേരളത്തിലെ ശ്രദ്ധകേന്ദ്രമാകുകയാണ്. 2018 നവംബര്‍ 1 മുതല്‍ കരിമണല്‍ ഖനന ജനകീയ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റിലേ നിരാഹാര സമരം ഇന്ന് 72 ദിവസം എത്തി നില്‍ക്കുകയാണ്. അതീജീവനത്തിനായുള്ള ഒരു ഗ്രാമത്തിന്‍റെ ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു നൂറുകണക്കിന് ആള്‍ക്കാര്‍ ദിവസേന സമരവേദിയിലേക്കു എത്തുന്നു.

എഴുത്തും ചിത്രവും സുരേഷ് ചൈത്രം