Monday
18 Feb 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല: സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്

By: Web Desk | Thursday 7 February 2019 5:46 PM IST

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ഐക്യദാര്‍ഢ്യസമിതി. കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കം റദ്ദ് ചെയ്യണമെന്നും കുറ്റാരോപിതനായ മുളയ്ക്കലിന്‍റെ ബിഷപ്പ് സ്ഥാനം റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ഐക്യദാര്‍ഢ്യ സമിതി ശനിയാഴ്ച കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി ഇവരെ മാനസികമായി തളര്‍ത്താനും പ്രതിക്ക് അനുകൂലമായി ഇവരെ സ്വാധീനിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ഐക്യദാര്‍ഢ്യ സമിതി ആരോപിച്ചു. ബിഷപ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ച കോടതി കേരളത്തില്‍ പ്രവേശിച്ചു കൂടാ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സമരം ചെയ്ത കന്യാസ്തീകളില്‍ ചിലരെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റി തന്റെ അടുത്തെത്തിക്കാനാണ് ബിഷപ് ശ്രമിക്കുന്നത്. അതിനാല്‍ പരാതിക്കാരിയായ കന്യാസ്ത്രീയെയും സമരത്തിന് മുന്‍നിരയില്‍ നിന്ന കന്യാസ്ത്രീകളെയും സ്ഥലം മാറ്റാനുള്ള എല്ലാ നടപടികളും റദ്ദ് ചെയ്യണമെന്ന് ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു.
ആരോപണ വിധേയന്‍ ബിഷപ്പായി തുടരുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നതിനാല്‍ മുളയ്ക്കലിന്റെ ബിഷപ്പ് സ്ഥാനം കത്തോലിക്ക സഭ റദ്ദാക്കണം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം എസ്ഒഎസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഈമാസം 9ന് കോട്ടയം തിരുനക്കര പഴയപൊലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പീഢനത്തിന് ഇരയായ കന്യാസ്ത്രീയെ ഏറ്റവും മോശമായ രീതിയില്‍ ചിത്രീകരിച്ച പി സി ജോര്‍ജ്ജിനെ നിയമസഭാ എത്തിക്‌സ് കമ്മറ്റിയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ എംഎല്‍എ എന്ന സ്ഥാനത്ത് തുടരാന്‍ ജോര്‍ജ്ജിന് അര്‍ഹതയില്ല. ജോര്‍ജ്ജ് മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം എസ്ഒഎസ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.
ഭാരവാഹികളായ ഷൈജു ആന്റണി, അഡ്വ. അനിലാ ജോര്‍ജ്ജ്, വി ഡി ജോസ്, ബഞ്ചമിന്‍ ആന്റണി, ജോര്‍ജ്ജ് ജോസഫ്, സി ജെ തങ്കച്ചന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Related News