November 26, 2022 Saturday

ഭരണഘടനയെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക

Janayugom Webdesk
August 26, 2022 6:00 am

ബ്രിട്ടീഷ് അടിമത്തത്തിന്റെ നുകം വലിച്ചെറിഞ്ഞ് പ്രതീക്ഷാനിർഭരമായ ഭാവിഭാരതം സ്വപ്നംകണ്ടാണ് നമ്മുടെ പൂർവികർ സ്വാതന്ത്ര്യപോരാട്ടം നടത്തിയത്. ഏകദേശം ഒരു നൂറ്റാണ്ടോളം നീണ്ട ആ സമരം ഒറ്റക്കെട്ടായാണ് നടന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ പരിഷ്ക്കർത്താക്കൾ, രാഷ്ട്രീയനേതാക്കൾ, തത്വചിന്തകർ, എഴുത്തുകാർ, വിപ്ലവകാരികൾ എന്നിവരുടെ ആശയങ്ങളും പ്രവർത്തനങ്ങളും ഭാവി റിപ്പബ്ലിക്കിനെ രൂപപ്പെടുത്തുന്നതിൽ സംയോജിതമായിട്ടുണ്ട്. 75 സംവത്സരങ്ങൾക്ക് മുമ്പ് സ്വാതന്ത്ര്യം നേടുമ്പോൾ, ബ്രിട്ടീഷ് ദുർഭരണകാലത്ത് കൂടുതൽ ദരിദ്രവല്ക്കരിക്കപ്പെട്ട നിസ്വരും നിരാലംബരുമായ കോടിക്കണക്കിന് മനുഷ്യരുടെ അഭിലാഷങ്ങൾക്കനുസൃതമായ രൂപം ഭാവി റിപ്പബ്ലിക്കിന് നല്കുവാൻ നമ്മുടെ മുൻഗാമികൾ ശ്രമിക്കുകയുണ്ടായി. വിഭജനത്തിന്റെ ഓർമകൾ പുതിയതായിരുന്നുവെങ്കിലും ഭീകരമായതുകൊണ്ടുതന്നെ മതാടിസ്ഥാനത്തിലുള്ള സംയോജനത്തിന്റെ അത്യന്തം ഹീനമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നേതാക്കളും പൊതുജനങ്ങളും ഒരുപോലെ ബോധ്യമുള്ളവരായിരുന്നു. അതുകൊണ്ട് കാലഘട്ടത്തിന്റെ അനിവാര്യതകളെക്കുറിച്ച് ബോധവാന്മാരായിരുന്ന ഡോ. ഭീം റാവു അംബേദ്കറുൾപ്പെടെയുള്ള സമർത്ഥരായവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും ബഹുജനങ്ങളുടെ അഭിലാഷങ്ങളും ഭരണഘടനയിൽ ഉൾച്ചേർക്കുവാൻ ശ്രമിച്ചു. ഏകദേശം മൂന്ന് വർഷത്തെ കഠിന പ്രയത്നത്തിനുശേഷം 1949 നവംബർ 26ന് ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കുമെന്നുള്ള പ്രഖ്യാപനം ഭരണഘടനയുടെ ആമുഖത്തിലൂടെ നാം പ്രഖ്യാപിച്ചു. ഭാവി തലമുറകൾക്ക് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നതിനായി പോരാടുകയും മരിക്കുകയും ചെയ്ത ലക്ഷക്കണക്കിനാളുകളുടെ ചോരയും വിയർപ്പും പ്രതിനിധീകരിക്കുന്നതായിരുന്നു ഭരണഘടനാ മൂല്യങ്ങളത്രയും. എന്നാൽ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ വ്യവസ്ഥകളിൽ നിന്നുമുള്ള കാര്യമായ പിന്മാറ്റമാണ് കഴിഞ്ഞ എട്ടുവർഷമായി രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മതങ്ങളിൽ നിന്നും തുല്യഅകലം പാലിക്കുന്ന മതേതര രാഷ്ട്രത്തിനായുള്ള ചട്ടക്കൂടാണ് നമ്മുടെ ഭരണഘടന സൃഷ്ടിച്ചുവച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും ന്യായമായ പരിഗണന നല്കുന്നതിനും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത് ചെയ്തത്.

ഇപ്പോൾ മതേതര സംവിധാനത്തെ ക്രമാനുഗതമായി ഇല്ലാതാക്കുന്നതിനും പ്രത്യേക മതത്തെ രാഷ്ട്ര ഘടനയിൽ പ്രതിഷ്ഠിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെ ഭരണഘടനാ പദവിയിലിരിക്കുന്ന മുതിർന്ന നേതാക്കൾ പോലും മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നു. കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനവും അയോധ്യയിലെ ശ്രീരാമക്ഷേത്ര ശിലാസ്ഥാപനവും ഇതിന്റെ ഉദാഹരണങ്ങളാണ്. പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ മുകളിൽ രാജ്യ ചിഹ്നം അനാച്ഛാദനം ചെയ്യപ്പെടുമ്പോഴും സെൻട്രൽ വിസ്റ്റയ്ക്ക് തറക്കല്ലിടുമ്പോഴും മതപരമായ ചടങ്ങുകൾക്ക് പരിഗണന നല്കുന്നുവെന്ന ഏറ്റവും ഹീനമായ കാര്യങ്ങളും നടക്കുന്നു. ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികൾ ഒരുവിഭാഗം ആഘോഷമാക്കുകയും ചെയ്യുന്നു. അതേസമയം ഇത്തരം ചടങ്ങുകൾ ന്യൂനപക്ഷങ്ങളുടേതിന് സമാനമാകുന്നപക്ഷം അവർ പ്രകോപിതരാകുമെന്നുമുറപ്പാണ്. ഈ ശ്രമങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും മതേതര ജനാധിപത്യ ഭരണഘടനയെ അട്ടിമറിച്ച് ആർഎസ്എസിന്റെ പൗരോഹിത്യ രാഷ്ട്രഭരണം സ്ഥാപിക്കുന്നതിനുള്ള ബോധപൂർവമായ രൂപകല്പനയുടെ ഭാഗമാണെന്നും മനസിലാക്കണം. ഇതൊന്നും പുതിയതല്ലെങ്കിലും ഇപ്പോൾ ഊർജസ്വലതയോടെ തുടരുന്നത് കേന്ദ്ര ഭരണാധികാരത്തിന്റെ പിൻബലത്തിലാണെന്ന് വ്യക്തമാണ്.

ആർഎസ്എസ് ഒരിക്കലും നമ്മുടെ ഭരണഘടന, സമത്വ സിദ്ധാന്തം, മതനിരപേക്ഷത, അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കും നിസ്വ വിഭാഗത്തിനുമുള്ള സംരക്ഷണമെന്നത് അംഗീകരിക്കുന്നവരല്ല. സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം മുതൽ തന്നെ അവർ ജനാധിപത്യ ചട്ടക്കൂടിനെ എതിർക്കുകയും ബ്രിട്ടീഷുകാർക്കൊപ്പം ശക്തമായി നിലക്കൊള്ളുകയും ചെയ്തിരുന്നവരാണ്. അതുകൊണ്ട് ഭരണഘടനയോടുള്ള അവരുടെ അവഹേളനത്തിൽ ഒട്ടും പുതുമയില്ലെന്നർത്ഥം. എ ബി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി ആദ്യമായി കേന്ദ്ര അധികാരത്തിലെത്തിയപ്പോൾ ഭരണഘടന പുനഃപരിശോധിക്കുന്നതിനുള്ള സമിതി രൂപീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണന്റെ ശക്തമായ പ്രതികരണത്തെ തുടർന്ന് പിറകോട്ട് പോകുകയായിരുന്നു. ഇപ്പോള്‍ മുൻ ആർഎസ്എസ് പ്രചാരകനായ നരേന്ദ്രമോഡിയുടെ കീഴിൽ അവർ കൂടുതൽ വ്യാപകവും വിപുലവുമായ രീതിയിലും തീക്ഷ്ണതയിലും ഹിന്ദുത്വരാഷ്ട്രം എന്ന ലക്ഷ്യം പിന്തുടരുകയാണ് ചെയ്യുന്നത്. സമീപകാലത്താണ് വാരാണസിയിൽ ധർമ സൻസദ് അല്ലെങ്കിൽ മത പാർലമെന്റ് നടന്നത്. ഈ ധർമ സൻസദിൽ വച്ചാണ്, ഹിന്ദുരാഷ്ട്രം ലക്ഷ്യംവയ്ക്കുന്ന ഹിന്ദുരാഷ്ട്ര ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് ഭരണഘടന തയാറാക്കിയിരിക്കുന്നതെന്ന വിഷയം പരസ്യമാക്കിയത്. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും വോട്ടവകാശത്തിൽ നിന്ന് പുറത്താക്കണമെന്ന് സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂഡൽഹിക്കു പകരം വാരാണസിയെ തലസ്ഥാനമാക്കണമെന്ന നിർദ്ദേശത്തോടൊപ്പം ജാതി, വേർതിരിവ്, പൗരോഹിത്യം എന്നിവ നിയമാനുസൃതമാക്കുന്ന വർണ വ്യവസ്ഥയും കരട് ഭരണഘടനയിൽ നിർദ്ദേശിക്കുന്നു. ഭരണഘടനാനുസൃതമായി എല്ലാ വിഭാഗം ജനങ്ങൾക്കും നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുമെന്നും ഭയമോ പ്രീതിയോ വാത്സല്യമോ ദുരുദ്ദേശ്യമോ ഇല്ലാതെ പ്രവർത്തിക്കുമെന്നും പ്രതിജ്ഞയെടുത്ത, വാരാണസിയിൽ നിന്നുള്ള ജനപ്രതിനിധി കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെയുള്ളവർ ഭരണഘടനാവിരുദ്ധമായ ഈ നിർദ്ദേശങ്ങളിൽ പാലിക്കുന്ന മൗനം അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ ഉന്നത പദവിയിലിരിക്കുന്നവർ സത്യപ്രതിജ്ഞയ്ക്കു വിരുദ്ധമായി പ്രകടിപ്പിക്കുന്ന അശ്രദ്ധയും നിസംഗതയും നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ജാതിയുടെയും ലിംഗ വിവേചനത്തിന്റെയും കെട്ടുപാടുകളിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകുവാൻ ശ്രമിക്കുന്ന ഹിന്ദുത്വ ശക്തികളുമായി ഭരണത്തിനുള്ള കൂട്ടുകെട്ടിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെ അലങ്കാരമായി കാണുന്നുവെന്നാണ് സർക്കാരിന്റെയും ബിജെപിയുടെയും ബോധപൂർവമായ മൗനം വെളിവാക്കുന്നതും.

പൊതുജനം ഓരോ അവസരത്തിലും ഇതിനെ ചോദ്യം ചെയ്ത് രംഗത്തുവരേണ്ടതുണ്ട്. മതേതര — ജനാധിപത്യ ചട്ടക്കൂടിന് സമാന്തരമായി നമ്മുടെ ഭരണഘടനയ്ക്ക് ശക്തമായ ക്ഷേമാധിഷ്ഠിത കാഴ്ചപ്പാടുമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യത്തിൽ നിന്നും രോഗത്തിൽ നിന്നുമുൾപ്പെടെ പൗരന്മാരുടെ മൊത്തത്തിലുള്ള ഉന്നമനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഭരണകൂടം ഇടപെടേണ്ടത് ആവശ്യമാണെന്ന് കരുതപ്പെടുന്നത്. അപ്പോൾ മാത്രമേ അവസര സമത്വവും മാന്യമായി ജീവിക്കുവാനുള്ള അവകാശവും യാഥാർത്ഥ്യമാവുകയുള്ളൂ. പ്രാബല്യത്തിലായ നമ്മുടെ ഭരണഘടന അങ്ങനെ, മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമല്ല ഭാവി സർക്കാരുകൾക്കുള്ള മാർഗരേഖ ലഭിക്കുന്ന വിധത്തിൽ ഭരണനയത്തിന്റെ നിർദ്ദേശക തത്വങ്ങളും ഉറപ്പു നല്കുന്നുണ്ട്. ഈ തത്വങ്ങൾ പൊതു സമൂഹത്തിന്റെയാകെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ളതും ഭരണഘടനാ ശില്പികൾ അഭിലഷിച്ചിരുന്നതുപോലെ രാജ്യഭരണത്തിന്റെ അടിസ്ഥാനവുമായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം നാലിൽ 37-ാമതായി പ്രഖ്യാപിക്കുന്നതുപോലെ ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തിക്കൊണ്ട് ഈ തത്വങ്ങൾ നടപ്പിലാക്കുകയെന്നത് സർക്കാരുകളുടെ ചുമതലയുമാണ്. ഈ തത്വങ്ങളിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ പ്രകടമായ പിന്മാറ്റം ശ്രദ്ധേയമാണ്. അനിയന്ത്രിതമായ സ്വകാര്യവല്ക്കരണം, അസമത്വം, തൊഴിലില്ലായ്മ, ഉൾച്ചേർക്കലിന്റെയും സാമൂഹ്യ സുരക്ഷയുടെയും അഭാവം, ദരിദ്രരുടെ എണ്ണത്തിലുള്ള വർധന തുടങ്ങിയവയൊക്കെ മോഡി ഭരണകാലഘട്ടത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ശാസ്ത്രീയ മനോഭാവത്തിന്റെ അന്തസത്ത, വിമർശനാത്മകമായ അന്വേഷണങ്ങളും സംവാദങ്ങളും തുടങ്ങിയവ വലതുപക്ഷ ശക്തികളാൽ വേട്ടയാടപ്പെടുകയും പാർലമെന്റ് പോലും അനാവശ്യമായി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നു.

ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹ്യ — ഭൗതിക ഉന്നമനത്തിനായി പൊതുവായി പോരാടുമ്പോൾതന്നെ ഭരണഘടനയുടെ മത നിരപേക്ഷ — സമത്വാധിഷ്ഠിത — ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുന്നതിനുള്ള പോരാട്ടമെന്ന ഇരട്ട ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളത്. നാം കാണുന്നതുപോലെ ഭരണഘടനയെ അട്ടിമറിക്കുവാനും സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകങ്ങളെ പുനർനിർവചിക്കുവാനുമുള്ള ശ്രമങ്ങൾ എല്ലാ തലത്തിലും നടക്കുകയാണ്. എല്ലാവരെയും ഉൾച്ചേർത്തും ജനങ്ങളുടെ പ്രശ്നങ്ങൾ ആശയപരമായി ഉന്നയിച്ചുമായിരിക്കണം ഈ ശക്തികൾക്കെതിരായ നമ്മുടെ പ്രതിരോധം പ്രകടിപ്പിക്കേണ്ടത്. വലതുപക്ഷ പ്രതിലോമ ശക്തികളെ അപ്രസക്തരാക്കുന്ന വിധത്തിൽ പ്രത്യയശാസ്ത്രപരമായ അടിത്തറയിൽ പോരാട്ടം സംഘടിപ്പിക്കുകയെന്ന ചരിത്രപരമായ ഉത്തരവാദിത്തം ഇടതുപക്ഷത്തിനുണ്ട്. ആ പ്രത്യയശാസ്ത്രപോരാട്ടം സ്വാതന്ത്ര്യ സമ്പാദനത്തിനായുള്ള സമരത്തിനുവേണ്ടി സമർപ്പിച്ച ജീവിതങ്ങളുടെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതും മതേതരത്വത്തിനും തൊഴിലെടുക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാവുകയും വേണം. നമ്മുടെ ഭരണഘടനക്കെതിരായ കടന്നാക്രമണങ്ങൾക്കെതിരെ നാം സമത്വത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കണം. രാജ്യത്തോടും ജനങ്ങളോടും ഏറ്റവും പ്രതിബദ്ധതയും ഇവിടത്തെ സ്ഥിതിവിശേഷത്തെക്കുറിച്ച് വളരെയധികം ഉൽക്കണ്ഠയുമുള്ളവരെന്ന നിലയിൽ നമുക്ക് ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിച്ചേ മതിയാകൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.