”സയാന” — കേരള പശ്ചാത്തലത്തിലൊരു അറബിക് സിനിമ

Web Desk
Posted on December 02, 2017, 5:09 pm

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അറബിക് ചിത്രമൊരുങ്ങുന്നു. ‘സയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമാന്‍ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കുന്ന ഡോ.ഖാലിദ് അല്‍ സിദ്ജലി‘യാണ്. കാന്‍ ഫെസ്റ്റിവല്‍ ഉള്‍പ്പടെ നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളുടെ ജൂറി പദമലങ്കരിച്ചിട്ടുള്ള സംവിധായകനാണ് ഡോ.ഖാലിദ്. ഹീരാ ഫിലിംസിന്റെ ബാനറില്‍ മാധവന്‍ എടപ്പാളും ഒപ്പം ഒമാന്‍ ടെലിവിഷനും ഒമാന്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് സയാനയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറീസ, നിക്കാഹ്, താമര (തമിഴ്), കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മാധവന്‍ എടപ്പാള്‍ സയാനയ്ക്കു പണം മുടക്കുന്നത്.‘സയാന’ എന്ന ഒമാന്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം  മുന്നോട്ടു സഞ്ചരിക്കുന്നത്. ഒമാനില്‍ വെച്ച് തന്നോടു മോശമായി പെരുമാറിയവരോടു ധീരമായി പ്രതികരിച്ച സയാനയെ അവിടുത്തെ സമൂഹവും അവളുടെ കുടുംബവും പഴിക്കുന്നു. തന്റെ ഭര്‍ത്താവ് പോലും അതിന്റെ പേരില്‍ തന്നെ അകറ്റാന്‍ ശ്രമിച്ചപ്പോള്‍ സയാന ആകെ തളര്‍ന്നു പോയി. എല്ലാവരുടേയും കണ്ണിലെ കരടായി കഴിയേണ്ടിവന്നത് അവളെ മാനസികമായി ഉലച്ചു. അതില്‍ നിന്നുമൊരു മുക്തി നേടുവാനാണ് അവള്‍ കേരളത്തിലെത്തുന്നത്.കേരളത്തിലെത്തി തുടര്‍വിദ്യാഭ്യാസം നടത്തുന്ന സയാനയ്ക്ക് തന്റെ നാട്ടിലേതിന് സമാനമായ സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. സയാനയുടെ ഭര്‍ത്താവ് ആദില്‍ ഭാര്യയെത്തേടി കേരളത്തിലെത്തുന്നു. ഇവിടുത്തെ ട്രാവല്‍ ഏജന്റ് ഏര്‍പ്പാടാക്കുന്ന ഫഹദുള്ളയുടെ സഹായം ആദിലിന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നു. ആ യാത്രയില്‍ സംഭവിക്കുന്ന ഒരു അപകടം അവരെ ”അയ്യപ്പകാണി’ എന്ന നാട്ടുവൈദ്യന്റെ അടുക്കലെത്തിക്കുന്നു. വൈദ്യന്റെ മകളാണ് ആശ. സയാനയ്ക്ക് സംഭവിച്ചതുപോലുള്ള സംഗതികള്‍ ആശയ്ക്കും സംഭവിക്കുന്നത് ആദില്‍ കാണുന്നു. പക്ഷേ ആശ എന്തും സഹിക്കാന്‍ തയ്യാറായി മുന്നോട്ടു നീങ്ങുന്നു. എന്തും ഉള്‍ക്കൊള്ളാനും സഹിക്കാനുമുള്ള നമ്മുടെ സംസ്‌കാരത്തിന്റെ വിശാലതയും അതിന്റെ അന്തസത്തയും ആദില്‍ തിരിച്ചറിയുന്നു. ആദിലില്‍ അത് വലിയ മാറ്റങ്ങളുണ്ടാക്കുന്നു. സയാനയോടു താന്‍ ചെയ്തത് കൊടിയ ക്രൂരതയായി പോയെന്ന് മനസ്സിലാക്കിയ ആദിലിന് സയാനയോടുള്ള മനോഭാവത്തില്‍ മാറ്റം വരുന്നു.  അതിനിടയില്‍ സയാന ഒരു മെഡിറ്റേഷന്‍ കേന്ദ്രത്തില്‍ നിന്നും യോഗയും ധ്യാനവും പരിശീലിക്കുന്നതിലൂടെ അവളുടെ മനസ്സിന്റെ കലുഷിതാവസ്ഥയ്ക്ക് ശമനം സംഭവിക്കുന്നു.രണ്ടു സംസ്‌ക്കാരങ്ങളുടെ നേര്‍ക്കാഴ്ചയും ഒപ്പം താരതമ്യവും ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു.  സംസ്‌ക്കാരമേതായാലും പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്ക് യാതൊരു അറുതിയുമുണ്ടായിട്ടില്ലെന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് സയാന.കഥ, സംവിധാനം-ഡോ. ഖാലിദ് അല്‍ സിദ്ജലി, ബാനര്‍-ഹീരാ ഫിലിംസ് (ഒമാന്‍ ടെലിവിഷന്റെയും ഒമാന്‍ പബ്ലിക് അതോറിറ്റിയുടേയും സഹകരണത്തോടെ), നിര്‍മ്മാണം-മാധവന്‍ എടപ്പാള്‍. ഛായാഗ്രഹണം-അയ്യപ്പന്‍. എന്‍. തിരക്കഥ (മലയാളം)-അനുശീലന്‍.എസ്. തിരക്കഥ (അറബിക്)-ഡോ.ഖാലിദ് അല്‍ സിദ്ജലി, ഫൈസല്‍ മീരാന്‍, ഫാത്തിമ അല്‍ സാല്‍മി. ഗാനരചന, സംഗീതം-അജയ് തിലക്. പിആര്‍ഓ‑അജയ് തുണ്ടത്തില്‍.കേന്ദ്രകഥാപാത്രമായ സയാനയെ ‘നൂറാ അല്‍ ഫാര്‍സി‘യും ആദിലിനെ ‘അലി അല്‍ അമ്‌റി‘യും അയ്യപ്പകാണിയെ എം ആര്‍ ഗോപകുമാറും ഫഹദുള്ളയെ റിജുറാമും ആശയെ ‘സറിനും’ അവതരിപ്പിക്കുന്നു.പൊന്മുടി, കല്ലാര്‍, തിരുവനന്തപുരം, കുട്ടനാട്, വയനാട്, ഒമാന്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.