Monday
23 Sep 2019

എസ്ബിഐ 2000 ശാഖകള്‍ അടച്ചുപൂട്ടി; ഇടപാടുകാരോടുള്ള വെല്ലുവിളിയെന്ന് ടിഎസ്ബിഐ

By: Web Desk | Monday 19 August 2019 8:31 PM IST


തിരുവനന്തപുരം: എസ്ബിടി, എസ്ബിഐ ലയനത്തിനുശേഷം രാജ്യവ്യാപകമായി രണ്ടായിരത്തോളം ശാഖകള്‍ ഇല്ലാതായി. ഒരേ സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ ശാഖ ആവശ്യമില്ല എന്ന ന്യായവും എടിഎം, കാഷ് ഡെപ്പോസിറ്റ് മെഷിന്‍, ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് എന്നി സമാന്തര സൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ് ശാഖകള്‍ നിര്‍ത്തലാക്കുന്നത്. അതേസമയം കസ്റ്റമര്‍ സേവന കേന്ദ്രങ്ങള്‍ എന്ന പേരില്‍ ബാങ്കിംഗ് സേവനങ്ങളെ പുറംകരാര്‍വല്‍ക്കരിച്ച് സ്വകാര്യ ബിസിനസ് കറസ്‌പോണ്ടന്റുമാരെ കമ്മിഷന്‍ നല്‍കി നിയമിക്കുകയാണ് എസ്ബിഐ.

ബാങ്ക് ലയനം ശാഖാ അടച്ചുപൂട്ടലുകള്‍ക്കും സേവന നിരാസത്തിനുമിടയാക്കുമെന്ന് ബഹുജന പ്രസ്ഥാനങ്ങളും ബാങ്ക് യൂണിയനുകളും വിമര്‍ശിച്ചപ്പോള്‍ അങ്ങനെ സംഭവിക്കുകയില്ലെന്ന വാഗ്ദാനമാണ് ബാങ്ക് അധികൃതര്‍ പൊതു സമൂഹത്തിനും ബാങ്കിടപാടുകാര്‍ക്കും നല്‍കിയത്. ആ ഉറപ്പ് ജലരേഖയായി മാറിയിരിക്കുകയാണ്. ബാങ്കിംഗ് സേവനങ്ങളുടെ വൈവിധ്യ വിപുലീകരണങ്ങളോടെ ഇടപാടുകളുടേയും ഇടപാടുകാരുടേയും എണ്ണം വര്‍ധിച്ചപ്പോള്‍, ശാഖകളിലെ തിരക്ക് കണക്കിലെടുത്ത് സേവനങ്ങള്‍ മെച്ചപ്പെടുത്തുവാനാണ് ഒരു പ്രദേശത്തു തന്നെ കൂടുതല്‍ ബാങ്ക് ശാഖകള്‍ തുറന്നത്.

ബാങ്കിലൂടെയുള്ള ഇടപാടുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ശാഖകള്‍ നിര്‍ത്തലാക്കുന്നത് സേവനങ്ങളെ തകിടം മറിക്കുമെന്ന് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (ടിഎസ്ബിഐ – എഐബിഇഎ) അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ പേരില്‍ ഇടപാടുകാരെ സമാന്തര സേവന ചാനലുകളിലേയ്ക്ക് നിര്‍ബന്ധപൂര്‍വം മാറ്റപ്പെടുകയാണ്. സൈബര്‍ തട്ടിപ്പുകളും ആക്രമണങ്ങളും വ്യാപകമാകുന്ന ഇക്കാലഘട്ടത്തില്‍ അക്കൗണ്ടുകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കപ്പെടുന്ന ഇടപാടുകാരെ ബോധവല്‍ക്കരിക്കാതെയും വിശ്വാസത്തിലെടുക്കാതെയും നിര്‍ബന്ധിച്ച് മറ്റു ഇലക്ട്രോണിക് ചാനലുകളിലേയ്ക്ക് തള്ളിവിടുന്നത് അധാര്‍മ്മികമാണ്. ശാഖകളിലെത്തി നടത്തുന്ന ഇടപാടുകള്‍ക്ക് പുതിയ സേവന ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. ഇതു അനീതിയാണെന്നും സംഘടന കുറ്റപ്പെടുത്തി.

ബാങ്കിന്റെ പ്രത്യക്ഷ സാന്നിധ്യവും വിശ്വാസ്യതയും പ്രകടമാക്കുന്നതാണ് ശാഖകള്‍. അവയെ നിര്‍ത്തലാക്കുന്നത് ബാങ്കിന്റെ പ്രതിച്ഛായയെ ബാധിക്കും. ശാഖകള്‍ നിര്‍ത്തലാക്കുന്നത് ഇടപാടുകാര്‍ ആവശ്യപ്പെട്ടതുകൊണ്ടോ അവരുടെ താല്‍പര്യം മുന്‍നിര്‍ത്തിയോ അല്ല. മറിച്ച് മാനേജ്‌മെന്റിന്റെ ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായാണ്. വന്‍കിടക്കാരും കോര്‍പ്പറേറ്റുകളും വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്ക്കപ്പെടാതെയാകുകയും അത് വരുമാനത്തേയും ലാഭത്തേയും കാര്‍ന്നുതിന്നുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്യുമ്പോള്‍ സേവന നിരക്കു വര്‍ധനവിനും ചെലവുചുരുക്കലിനും മാനേജ്‌മെന്റ് പദ്ധതികളിടുന്നു.
ബഹുജനങ്ങള്‍ക്ക് ബാങ്കിംഗ് സേവനങ്ങളുടെ നിഷേധത്തിന് ഇടയാക്കുന്നതാണ് ശാഖാ അടച്ചു പൂട്ടലുകള്‍, ജനകീയ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ട ബാങ്ക്, സല്‍കീര്‍ത്തിയെ പ്രതികൂലമായി ബാധിക്കുന്ന ശാഖാ അടച്ചു പൂട്ടല്‍ നയത്തില്‍ നിന്നും പിന്തിരിയണമെന്ന് ടിഎസ്ബിഇഎ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ ആവശ്യപ്പെട്ടു.

YOU MAY LIKE THIS VIDEO