സ്വന്തം ലേഖകൻ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എട്ടുവർഷം കൊണ്ട് കിട്ടാക്കടമായി എഴുതിത്തള്ളിയത് 1,23,423 കോടി രൂപ. ഇതേ കാലയളവിൽ കിട്ടാക്കടത്തിൽനിന്നും 8,969 കോടി രൂപ മാത്രമേ തിരിച്ചെടുക്കാൻ എസ്ബിഐയ്ക്ക് കഴിഞ്ഞിട്ടുള്ളൂവെന്നും മണിലൈഫിന്റെ റിപ്പോർട്ടിൽ പറയുന്നു. 2013 സാമ്പത്തിക വർഷം മുതൽ 2020 വരെയുള്ള എട്ടുവർഷംകൊണ്ട് നിഷ്ക്രിയ ആസ്തികളിൽപെടുത്തി എഴുതിത്തള്ളിയതിന്റെ വെറും ഏഴ് ശതമാനം തുക മാത്രമാണ് ഇതേ കാലയളവിൽ എസ്ബിഐക്ക് തിരിച്ചുപിടിക്കാനായിട്ടുള്ളത്.
എസ്ബിഐ ഓഹരി ഉടമയും പൂനെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സജാഗ് നാഗരിക് മഞ്ചിന്റെ പ്രസിഡന്റുമായ വിവേക് വേലങ്കാറിന് ബാങ്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. ആദ്യം വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും ബാങ്ക് വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് വാർഷിക പൊതുയോഗവുമായി ബന്ധപ്പെട്ട് വിവേക് വേലങ്കാർ അപേക്ഷ നൽകിയത്. ലഭിച്ച രേഖകൾ പ്രകാരം ഭൂഷൺ പവർ ആന്റ് സ്റ്റീൽ, ഐആർവിസിഎൽ ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ വായ്പയെടുത്ത തുകയിൽ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.
വായ്പകൾ മുഴുവൻ എഴുതിത്തള്ളുകയും ചെയ്തു. ഭൂഷൺ പവർ 7,705 കോടിയും ഐആർവിസിഎൽ 4,477.72 കോടിയും വീഡിയോകോൺ 3,411 കോടിയുമാണ് വായ്പയെടുത്തിരുന്നത്. അലോക് ഇൻഡസ്ട്രീസാണ് ഏറ്റവും കൂടുതൽ വായ്പയെടുത്തിട്ടുള്ളത്. ഇവരുടെ വായ്പയിൽ 8,098.95 കോടി രൂപ ബാങ്ക് എഴുതിത്തള്ളിയപ്പോൾ കമ്പനി 1,703.57 കോടി തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. ബാബാ രാംദേവിന്റെ രുചി സോയ ഇൻഡസ്ട്രീസിന്റെ 746 കോടി രൂപയുടെ വായ്പയും എഴുതിത്തള്ളിയവയിൽ ഉൾപ്പെടുന്നുണ്ട്. 2012–2013 സാമ്പത്തികവർഷം 1,345 കോടി എഴുതിത്തള്ളിയപ്പോൾ വെറും നാല് കോടി മാത്രമാണ് തിരിച്ചുപിടിച്ചത്. 2013–2014 ൽ 3,248 കോടിയും 2014–2015 ൽ 5,630 കോടിയും എഴുതിത്തള്ളിയപ്പോൾ യഥാക്രമം 12, 18 കോടി വീതം തിരിച്ചുപിടിച്ചു. 2015–2016 ൽ 8,461 കോടിയും 2016–2017 ൽ 13,587 കോടിയും 2017–2018 ൽ 17,548 കോടിയും മോശം വായ്പകൾ ബാങ്ക് എഴുതിത്തള്ളി.
ഇതേ കാലയളവുകളിൽ യഥാക്രമം 261 കോടി, 308 കോടി, 815 കോടി എന്നിങ്ങനെയാണ് മോശം വായ്പകൾ തിരിച്ചുപിടിക്കാനായത്. 2018–19 സാമ്പത്തികവർഷം 27,225 കോടി എഴുതിത്തള്ളിയപ്പോൾ 2,215 കോടി രൂപ മാത്രമാണ് തിരിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തികവർഷം 46,348 കോടി എഴുതിത്തള്ളിയപ്പോൾ 5,366 കോടി രൂപ തിരിച്ചുപിടിക്കാനായെന്നും ബാങ്ക് നൽകിയ രേഖകൾ തെളിയിക്കുന്നുണ്ട്. നൂറുകോടിക്ക് മുകളിൽ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ 220 പേരുടെ 76,600 കോടി രൂപയുടെ മോശം വായ്പ എസ്ബിഐ എഴുതിത്തള്ളിയതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതില്‍ 33 വായ്പക്കാര്‍ 500 കോടി രൂപയും അതില്‍ കൂടുതലും വായ്പയെടുത്തവരാണെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. 500 കോടിക്ക് മുകളിൽ വായ്പയെടുത്ത് കുടിശ്ശികയാക്കിയ 56 പേരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ENGLISH SUMMARY: sbi avoided 1, 23 ‚423 crores in 8 years
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.