രാംദേവ് ഇന്റര്‍നാഷണല്‍ കടന്നത് 414 കോടി രൂപയുമായി; പരാതി നൽകി എസ്‌ബിഐ

Web Desk

ന്യൂഡല്‍ഹി

Posted on May 09, 2020, 5:04 pm

എസ്ബിഐയില്‍ നിന്നടക്കം 411 കോടി വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ ഒരു കമ്പനിയുടെ ഉടമകള്‍കൂടി രാജ്യം വിട്ടു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമകളാണ് രാജ്യം വിട്ടത്. ഇവരെ 2016 മുതല്‍ കാണാനില്ലെന്ന് കാണിച്ച് എസ്ബിഐ സിബിഐക്ക് പരാതി നല്‍കി. ആറ് ബാങ്കുകളില്‍ നിന്നായാണ് ഇത്രയും തുക വായ്പയെടുത്തത്. ഫെബ്രുവരി 25നാണ് എസ്ബിഐ പരാതിയുമായി രംഗത്തെത്തിയത്. ഏപ്രില്‍ 28നാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ 2016 മുതല്‍ കാണാനില്ലെന്ന് വ്യക്തമായി.

414 കോടിയാണ് രാംദേവ് ഇന്റര്‍നാഷണല്‍ മൊത്തം വായ്പയെടുത്ത്. എസ്ബിഐയില്‍ നിന്ന് 173.11 കോടി, കനറാ ബാങ്കില്‍ നിന്ന് 76.09 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 64.31 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി, കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 36.91കോടി, ഐഡിബിഐ ബാങ്കില്‍ നിന്ന് 12.27 കോടി എന്നിങ്ങനെയാണ് വായ്പ എടുത്തിട്ടുള്ളത്.

കണക്കുകളില്‍ കൃത്രിമം, സാധനസാമഗ്രികള്‍ നിയമവിരുദ്ധമായി മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എസ്ബിഐ നിയമനടപടി സ്വീകരിച്ചത്. കിട്ടാക്കടമായി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ബിഐ അധികൃതര്‍ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ കമ്പനി ഡയറക്ടര്‍മാരെ കാണാനുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. വായ്പയെടുത്തവര്‍ രാജ്യം വിട്ടിരിക്കാമെന്നും പരാതിയില്‍ വ്യക്തമാക്കി.

ENGLISH SUMMARY: sbi files com­pli­ant against ramdev inter­na­tion­al

YOU MAY ALSO LIKE THIS VIDEO