20 April 2024, Saturday

പുറം കരാര്‍ അനുബന്ധ സംരംഭം എസ്ബിഐ ഉപേക്ഷിക്കണം

Janayugom Webdesk
August 27, 2022 5:00 am

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന കണക്കുകള്‍ ഔദ്യോഗികമായി തന്നെ പലതവണ പുറത്തുവന്നതാണ്. ഓരോ വര്‍ഷവും തൊഴിലില്ലായ്മാനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. അതേസമയം അഭ്യസ്തവിദ്യരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത് തൊഴില്‍ വിപണിയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. പക്ഷേ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ തയാറാകുന്നതിനു പകരം നിലവിലുള്ളവ തന്നെ ഇല്ലാതാക്കുന്ന സമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ സംരംഭങ്ങളില്‍ നിന്നുമുണ്ടാകുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രത്യേക അനുബന്ധ സംരംഭം ആരംഭിച്ച് പുറംകരാര്‍ ജോലിക്കാരെ നിയമിക്കുവാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ തീരുമാനം. മാസങ്ങളായി ഇത്തരമൊരു നിര്‍ദ്ദേശത്തെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ജൂണ്‍ അവസാനം റിസര്‍വ് ബാങ്കിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ് എസ്ബിഐ നിലവിലുള്ള പല സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്കുന്നതിന് അനുബന്ധ സംരംഭമാരംഭിക്കുന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ബിഒഎസ്എസ്) എന്ന അനുബന്ധ സ്ഥാപനം രൂപീകരിച്ച് സേവന പിന്തുണ നല്കുന്നതിനാണ് നടപടിയായിരിക്കുന്നത്. മനുഷ്യശേഷി കുറച്ച് സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കാനും അതുവഴി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതര്‍ പുതിയ സംവിധാനത്തെ ന്യായീകരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്ക്


ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് അവയുടെ ഉപയോഗം തെറ്റല്ലെങ്കിലും അത് ഉപഭോക്താക്കളെ സംബന്ധിച്ച് സുതാര്യമായും വേഗത്തിലും സേവനം ലഭിക്കുന്നതിനായിരിക്കണമെന്നുണ്ട്. അതിനുപകരം മനുഷ്യവിഭവശേഷി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിന് കുറുക്കുവഴിയായി മാത്രം സ്വീകരിക്കുന്നുവെന്നത് ഗുണകരമായി കാണാനാവില്ല. മാത്രവുമല്ല മെച്ചപ്പെട്ട സേവനം നല്കുകയെന്നതിനൊപ്പം തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങള്‍കൂടി അഭിമുഖീകരിക്കുകയെന്നതും പൊതുമേഖലാ സംരംഭങ്ങളുടെ രൂപീകരണ ലക്ഷ്യമായിരുന്നു. നിയമപരമായ ആനുകൂല്യങ്ങളും സേവന വേതന വ്യവസ്ഥകളും നല്കി കുറേയധികം പേര്‍ക്ക് ജോലി നല്കുകയെന്ന ലക്ഷ്യം കൈവെടിഞ്ഞ് ലാഭംമാത്രം എന്ന സങ്കല്പത്തിലേക്ക് പൊതുനയം മാറിയപ്പോഴാണ് പുറം കരാര്‍, താല്കാലിക ജോലി, കരാര്‍ നിയമനം പോലുള്ള തൊഴില്‍ രീതികളുണ്ടായത്. അത് തൊഴിലില്ലായ്മ രൂക്ഷമാക്കി എന്നുമാത്രമല്ല ജീവിത അരക്ഷിതാവസ്ഥയ്ക്കു കാരണമാകുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പൊതുമേഖലാ സംരംഭങ്ങളുടെ നിലനില്പ് അനിവാര്യമാണെന്ന പൊതുചിന്ത നിലനില്ക്കുമ്പോഴാണ് എസ്ബിഐ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
2,45,600ലധികം പേര്‍ തൊഴിലെടുക്കുന്ന എസ്ബിഐ കഴിഞ്ഞ ഒരുവര്‍ഷം മാത്രം ഒഴിവാക്കിയത് 4100ലധികം പേരെയാണ്. സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വായ്പാ പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ രണ്ട് ഓഫീസര്‍മാരെങ്കിലും ആവശ്യമുള്ള 8000 ശാഖകളില്‍ ഇപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ. ഇതിലൂടെ മാത്രം 8000 ഒഴിവുകള്‍ നിലവിലുണ്ടെന്നര്‍ത്ഥം. പണമിടപാട് ആണെന്നതിനാല്‍ എല്ലാം യന്ത്രങ്ങളെ ഏല്പിക്കുന്നത് ക്രമക്കേടുകള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും ഇടയാക്കും. എങ്കിലും തസ്തികകള്‍ പരമാവധി കുറയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. തൊഴിലവസരങ്ങളുടെ നഷ്ടം മാത്രമല്ല എസ്ബിഒഎസ്എസ് സ്ഥാപിക്കുന്നതിലൂടെ ഉന്നയിക്കപ്പെടുന്ന വിഷയം.


ഇതുകൂടി വായിക്കൂ: നവകേരള സൃഷ്ടിയുടെ മുന്നേറ്റം


ഈ നടപടി ഉപഭോക്താക്കള്‍ക്ക് സേവനം കൃത്യമായി ലഭിക്കുന്നതിനാണെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും നിക്ഷേപ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിനുമിടയാക്കുമെന്ന് എഐബിഇഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കിങ് ഇടപാട്, വായ്പാ വിതരണ പ്രവർത്തനങ്ങള്‍ തുടങ്ങിയവ സ്ഥിരജീവനക്കാർ ശാഖകളില്‍ നേരിട്ടുതന്നെ കൈകാര്യം ചെയ്യുന്നത് സുരക്ഷിതത്വവും രഹസ്യസ്വഭാവവും ഉറപ്പാക്കുന്നുണ്ട്. നിക്ഷേപമായാലും വായ്പയായാലും അവ സത്യസന്ധമായും സുരക്ഷിതത്വത്തോടെയും കൈകാര്യം ചെയ്യേണ്ടതാണ്. അതുപോലെതന്നെ ഇടപാടുകളില്‍ സംഭവിക്കുന്ന പോരായ്മകളും കൃത്രിമങ്ങളും ആരുടെ ഉത്തരവാദിത്തമായിരിക്കുമെന്ന ഗുരുതരമായ ആശങ്കയും ഉന്നയിക്കപ്പെടുന്നുണ്ട്. പുറം കരാർ സ്ഥാപനം എത്തുമ്പോൾ പ്രവർത്തനങ്ങൾ അനൗപചാരികമാവുകയും ഉത്തരവാദിത്തമില്ലായ്മയിലേക്ക് അധഃപതിക്കുകയും ചെയ്യുമെന്നാണ് ജീവനക്കാര്‍ നല്കുന്ന മുന്നറിയിപ്പ്. ബാങ്കുകളുടെ സ്വകാര്യവല്ക്കരണം സമ്പദ്ഘടനയെതന്നെ ബാധിക്കുമെന്ന റിസര്‍വ് ബാങ്ക് ഉന്നതരുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. അതിന്റെ കൂടെയാണ് ഉപഭോക്താക്കള്‍ക്ക് സേവന പിന്തുണ നല്കുന്നതിനെന്ന പേരില്‍ അനുബന്ധ പുറംകരാര്‍ സംരംഭങ്ങള്‍ക്കും രൂപം നല്കുന്നത്. വിശ്വാസ്യതയെയും സത്യസന്ധതയെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്ന ജീവനക്കാരുടെ സംഘടനകളുടെ ആശങ്ക ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെയും ഇടപാടുകാരുടെയും താല്പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്കുന്നതെങ്കില്‍ ഇത്തരം സംരംഭങ്ങള്‍ എസ്‍ബിഐ ഉപേക്ഷിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.