എസ്ബിഐ ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Web Desk
Posted on October 09, 2019, 9:53 pm

ഹൈദരാബാദ്: പണമില്ലാത്ത എടിഎമ്മില്‍ ഇടപാട് നടത്തിയ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് 10, 000 രൂപ പിടിച്ചെടുത്ത സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിവിധി. ഉദാരു സര്‍വോത്തമ റെഡ്ഡി എന്ന പരാതിക്കാരന് കോടതിച്ചെലവടക്കം ഒരു ലക്ഷം രൂപ നല്‍കാനാണ് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി എസ്ബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. മുപ്പത് ദിവസത്തിനകം തുക കൈമാറണമെന്നും സമയപരിധി പാലിച്ചില്ലെങ്കില്‍ എട്ടു ശതമാനം പലിശ നല്‍കണമെന്നും കോടതി വ്യക്തമാക്കി.

2017 ജനുവരി 26 ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് ഹൈദരാബാദിലെ ഒരു എസ്ബിഐ എടിഎമ്മില്‍ ഉദാരു സര്‍വോത്തമ റെഡ്ഡി 10, 000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. സാങ്കേതിക കാരണങ്ങളാല്‍ യന്ത്രത്തില്‍ നിന്ന് പണം ലഭ്യമായില്ല. എന്നാല്‍ ഇരുപത് ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 10, 000 രൂപ അപ്രത്യക്ഷമായി. പിന്‍വലിക്കാത്ത പണം അക്കൗണ്ടില്‍ നിന്ന് നഷ്ടമായെന്ന പരാതിയുമായി എസ്ബിഐയെ സമീപിച്ചപ്പോള്‍ എടിഎം ഇടപാട് വിജയകരമായിരുന്നതിനാലാണ് പണം നഷ്ടമായതെന്ന വിചിത്രവാദമാണ് ബ്രാഞ്ച് മാനേജറും റീജ്യണല്‍ ഓഫീസില്‍ ജനറല്‍ മാനേജറും റെഡ്ഡിക്കു മുമ്പാകെ വച്ചത്. പരാതിയുണ്ടെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം എന്നും ഇവര്‍ പറഞ്ഞു. ഓംബുഡ്‌സ്മാന്‍ തന്റെ പരാതി കാര്യമായെടുത്തില്ലെന്നും അന്വേഷണം നടത്താതെ അവസാനിപ്പിച്ചെന്നും റെഡ്ഡി ഉപഭോക്തൃ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

റെഡ്ഡിയുടെ പരാതിയില്‍ കഴമ്പില്ലെന്നും ജനുവരി 26ലെ ഇടപാടില്‍ തന്നെ ഇയാള്‍ക്ക് പണം ലഭിച്ചിരുന്നു എന്നുമാണ് എസ്ബിഐ ഉപഭോക്തൃ കോടതിയില്‍ മറുപടി നല്‍കിയത്. തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് അവകാശപ്പെട്ട എസ്ബിഐ, റെഡ്ഡി തങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. സാങ്കേതിക പിഴവുകള്‍ സംഭവിച്ചതിനാലാണ് ഇടപാടിന്റെ വിവരങ്ങള്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തുന്നത് വൈകിയതെന്നും എസ്ബിഐ വാദിച്ചു. റെഡ്ഡിയുടെ പരാതി ഉപഭോക്തൃ കോടതി കൈകാര്യം ചെയ്യേണ്ടതല്ലെന്നും സിവില്‍ കോടതിയിലേക്ക് കേസ് മാറ്റണമെന്നും എസ്ബിഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

പ്രഥമദൃഷ്ട്യായും തെളിവുകള്‍ സഹിതവും എസ്ബിഐ വീഴ്ച വരുത്തിയെന്നും ഇത് പരാതിക്കാരന് മാനിസകമായ ബുദ്ധിമുട്ടിന് കാരണമായെന്നും കോടതി നിരീക്ഷിച്ചു. ഇടപാട് നടത്തിയപ്പോള്‍ തന്നെ പരാതിക്കാരന് പണം ലഭിച്ചുവെന്ന വാദം സ്ഥാപിക്കാന്‍ എസ്ബിഐക്ക് കഴിഞ്ഞില്ല. എടിഎമ്മിലെ സിസിടിവി ഫുട്ടേജ് ലഭ്യമാക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ഇക്കാരണത്താല്‍ എസ് ബിഐ 90, 000 രൂപ നഷ്ടപരിഹാരമായും 10, 000 രൂപ കോടതിച്ചെലവായും നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.