Friday
24 May 2019

എസ്ബിടി ജീവനക്കാരുടെ സമരം

By: Web Desk | Friday 18 August 2017 1:44 AM IST


പത്തൊമ്പതു ദിവസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ലോയീസ് അസോസിയേഷന്റെ (എഐബിഇഎ) ആഭിമുഖ്യത്തില്‍ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ സത്യാഗ്രഹ സമരം നടത്തുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം അതിനെക്കാള്‍ പ്രാധാന്യത്തോടെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് സമരത്തില്‍ ജീവനക്കാര്‍ ഉന്നയിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും നേരെ അന്യായമായ നടപടികളാണ് ബാങ്ക് അധികൃതര്‍ സ്വീകരിക്കുന്നത്. ലയനം നടപ്പിലാക്കപ്പെടുന്നതിന് മുമ്പ് തന്നെ ജീവനക്കാരും പൊതുജനങ്ങളും ആശങ്കപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇരുവിഭാഗത്തിനും കനത്ത ആഘാതമേല്‍പ്പിക്കുന്ന നടപടികളാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് ലയനം നടപ്പിലായത്. അന്നുമുതല്‍ തന്നെ ഉപഭോക്താക്കള്‍ക്കെതിരായ ആദ്യ നടപടികളും ആരംഭിച്ചിരുന്നു. സേവനനിരക്കുകള്‍ ഏര്‍പ്പെടുത്തിയും ഉണ്ടായിരുന്ന നിരക്കുകള്‍ വര്‍ധിപ്പിച്ചുമായിരുന്നു നടപടി തുടങ്ങിയത്. നിക്ഷേപത്തിന് പലിശ നല്‍കുകയും വായ്പകള്‍ക്ക് പലിശ ഈടാക്കുകയും മറ്റു പല സേവനങ്ങളും സൗജന്യമായി നടത്തുകയും ചെയ്തിരുന്ന ബാങ്കുകള്‍ അതിന്റെ സേവന തല്‍പരത കൈവെടിയുന്നതാണ് പിന്നീട് നാം കണ്ടത്.
ബാങ്കിങ് മേഖല സേവനരംഗമെന്ന നിലയിലുള്ള അതിന്റെ ദൗത്യം കൈവെടിയാന്‍ തുടങ്ങിയത് നവ ഉദാരവല്‍ക്കരണകാലം മുതലായിരുന്നു. അതോടൊപ്പം തന്നെ ന്യൂജനറേഷന്‍ എന്ന പേരില്‍ സ്വകാര്യ ബാങ്കുകളും രംഗപ്രവേശം ചെയ്തു. അപ്പോഴും പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്ത് സമ്പദ്ഘടനയുടെ നട്ടെല്ലായി തന്നെ നിലനിന്നിരുന്നു. 2008 ലെ ആഗോള മാന്ദ്യ കാലത്ത് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍കിട സ്വകാര്യ ബാങ്കുകള്‍ കടപുഴകുകയും സമ്പദ്ഘടന തന്നെ താറുമാറാകുകയും ചെയ്തപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ ഉലച്ചില്‍ തട്ടാതെ പിടിച്ചു നില്‍ക്കാനായത് നമ്മുടെ ബാങ്കിങ് മേഖലയില്‍ പൊതുമേഖലയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നുവെന്നതുകൊണ്ടായിരുന്നു.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അത് പൊതുമേഖലയെന്ന അവസ്ഥയില്‍ നിന്ന് സ്വകാര്യ സംരംഭകരുടെ കയ്യിലേയ്ക്ക് എത്തിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ആരംഭിച്ചു. അതിന്റെ ഫലമായാണ് സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന വിധത്തില്‍ സേവന നിരക്കുകള്‍ ഏര്‍പ്പെടുത്തിയും മറ്റു നിരക്കുകള്‍ അടിച്ചേല്‍പ്പിച്ചും സാധാരണക്കാരെ അകറ്റുന്നതിനുള്ള ശ്രമമുണ്ടായത്. പൊതുമേഖലാ ബാങ്കുകളുടെ വിശ്വാസ്യതയും സുതാര്യതയുമായിരുന്നു അതിന്റെ അടിത്തറയായി പ്രവര്‍ത്തിച്ചിരുന്നത്. അതിന് വിഘാതമാകുന്ന വിധത്തില്‍ വന്‍കിടക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുകയും കിട്ടാക്കടങ്ങള്‍ നിശ്ചല ആസ്തിയെന്ന ഓമനപ്പേരില്‍ മാറ്റിവച്ചും സാധാരണക്കാര്‍ക്ക് ഇത് തങ്ങളുടേതല്ലെന്ന തോന്നല്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടായി. വായ്പയെടുത്ത പാവപ്പെട്ടവരോട് ക്രൂരമായ തിരിച്ചുപിടിക്കല്‍ നടപടികള്‍ കൂടിയായപ്പോള്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കൊള്ളയടിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു.
ഈയൊരു പശ്ചാത്തലത്തിലാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്ന് ബുദ്ധിരാക്ഷസന്മാര്‍ കണ്ടെത്തിയത്. അതിന്റെ ഭാഗമായിട്ടായിരുന്നു അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്ന തീരുമാനം നടപ്പിലാക്കിയത്.
അസോസിയേറ്റ് ബാങ്കുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതോടെ ഏപ്രില്‍ ഒന്നിനും ജൂണ്‍ ഒന്നിനും ബാങ്കിടപാടുകളുടെ സേവന നിരക്കുകള്‍ അന്യായമായി വര്‍ദ്ധിപ്പിച്ചു. കാഷ്- എടിഎം ഇടപാടുകള്‍ക്ക് വര്‍ദ്ധിത സേവന നിരക്കുകള്‍ നിലവില്‍ വന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പിന്‍വലിച്ച മിനിമം ബാലന്‍സ് നിബന്ധന പുന:സ്ഥാപിക്കപ്പെട്ടു. ഇതു പാലിക്കാതെ വരുന്ന ഇടപാടുകാര്‍ക്ക് പിഴയൊടുക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കി. ചെറുകിട വായ്പകള്‍ നല്‍കുന്നതില്‍ ബാങ്ക് അധികൃതര്‍ വൈമുഖ്യം പ്രകടമാക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്.
ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും ഏകപക്ഷീയമായി റദ്ദാക്കി. ബ്രാഞ്ചുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാരെ വോളണ്ടറി റിട്ടയര്‍മെന്റിന് നിര്‍ബന്ധിതമാക്കി. അതിന് സന്നദ്ധമാകാത്തവരെ ദൂരെ സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റി പീഡിപ്പിച്ചു.
ഇങ്ങനെയെല്ലാമുള്ള സാഹചര്യത്തിലാണ് തങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരുപോലെ ഏറ്റെടുത്ത് ജീവനക്കാരും ഓഫീസര്‍മാരും സമരം ആരംഭിച്ചത്. 19 ദിവസമായി നടക്കുന്ന പ്രസ്തുത സമരം ഓഗസ്റ്റ് 19 മുതല്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
സമരത്തിന് തൊഴിലാളി സംഘടനകളെല്ലാം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുള്‍പ്പെടുന്ന പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളാണിതെന്നതിനാലാണ് തൊഴിലാളികളും സമരത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്. ഈ സമരം പൊതുമേഖലാ ബാങ്കുകളെയും അതുവഴി നമ്മുടെ സമ്പദ്ഘടനയെയും സംരക്ഷിക്കുന്നതിനുള്ള സമരമാണെന്നതില്‍ സംശയമില്ല.

Related News