പട്ടികജാതി-പട്ടികവർഗ സംവരണം പാർലമെന്റിലും നിയമസഭകളിലും തുടരണം: ബിനോയ് വിശ്വം

Web Desk
Posted on December 12, 2019, 10:38 pm

ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം നിറവേറ്റപ്പെടുന്നതു വരെ പാർലമെന്റിലും നിയമസഭകളിലും അവർക്കുള്ള സംവരണം തുടരണമെന്ന് സിപിഐ പാർലമെന്ററി പാർട്ടി ലീഡർ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. 10 കൊല്ലം വീതം അത് നീട്ടുന്നത് അപര്യാപ്തമായിരിക്കുമെന്നും ഇത് സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ഭരണഘടനാ നിർമ്മാതാക്കളുടെ സങ്കൽപ്പത്തിന് വിപരീതമായി പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ എല്ലാ രംഗത്തും നിഷേധിക്കപ്പെടുകയാണ്. അവരുടെ ഭുമി അപഹരിക്കപ്പെടുന്നു, അവരുടെ കൂരകൾ കത്തിക്കപ്പെടുന്നു.

you may also like this video

സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. ജനപ്രതിനിധി സഭകളിലെ പ്രാതിനിധ്യത്തിന്റെ വിഷയം ചർച്ച ചെയ്യുമ്പോൾ ഈ വിഭാഗങ്ങളുടെ ഉദ്യോഗങ്ങളിലെ പങ്കാളിത്തവും ചർച്ച ചെയ്യപ്പെടണം. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ നോമിനേഷൻ എടുത്തുകളയാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ല. ദളിതരോടും ആദിവാസികളോടും ന്യൂനപക്ഷങ്ങളോടും സർക്കാർ പുലർത്തുന്ന അവഗണന പൗരത്വ ഭേദഗതി ബില്ലിൽ രാജ്യം കണ്ടതാണ്. ഈ ബിൽ കൊണ്ടു മാത്രം അത് ഇല്ലാതാകുന്നില്ലെന്നും ബിനോയ് പറഞ്ഞു.