August 18, 2022 Thursday

Related news

June 27, 2022
May 10, 2022
May 8, 2022
March 26, 2022
March 21, 2022
March 15, 2022
March 7, 2022
August 27, 2021
July 19, 2021
March 17, 2021

പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണം: സുപ്രീംകോടതി വിധിക്കെതിരെ എതിര്‍പ്പ് വ്യാപകം

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2020 11:04 pm

പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നിയമനത്തിലും പ്രമോഷനിലും സംവരണം ഏര്‍പ്പെടുത്താന്‍ നിയമം നിര്‍ബന്ധിക്കുന്നില്ലെന്ന സുപ്രീംകോടതി വിധി രാഷ്ട്രീയ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നു. സുപ്രീം കോടതിവിധി സ്വീകാര്യമല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ജനയുഗത്തോട് പറഞ്ഞു. അത് സംവരണം സംബന്ധിച്ച സുപ്രീംകോടതി വിശാല ബഞ്ചിന്റെയും സംവരണം സംബന്ധിച്ച ഭരണഘടനാ കാഴ്ചപ്പാടിന്റെയും നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവരണം കൂടാതെ നിയമനം നടത്താനുള്ള ഉത്തരാഖണ്ഡ് ഗവണ്മെന്റിന്റെ തീരുമാനം റദ്ദാക്കിയ ഹെെക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ വിധിപ്രസ്താവം.

‘സംവരണം നടപ്പാക്കണമെന്ന് സംസ്ഥാന ഗവണ്മെന്റുകളോട് നിര്‍ദേശിക്കാന്‍ നിയമം അനുശാസിക്കുന്നില്ല. പ്രമോഷന് സംവരണമെന്നത് മൗലിക അവകാശമല്ല’- വിധി പറയുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തീര്‍പ്പു കല്‍പിക്കാന്‍ കഴിയില്ലെന്നും വിധി വ്യക്തമാക്കുന്നു. സംവരണക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ട്. എന്നാല്‍ സംവരണം നല്‍കുന്നതിന് ആ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലെന്നതിന് ഉപോദ്ബലകമായി വസ്തുതകള്‍ നിരത്തണം. നിയമനത്തിലും പ്രമോഷനിലും സംവരണം ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാന സര്‍ക്കാരുകളിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളതെന്നും വിധിപ്രസ്താവം പറയുന്നു.

സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസും എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയും ഇതിനകം രംഗത്തുവന്നു. വിധിയോട് വിയോജിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാഷ്നിക് അതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്തുമെന്നു പറഞ്ഞു. എല്‍ജെപി പ്രസിഡന്റ് ചിരാഗ് പസ്വാന്‍ സംവരണ ആനുകൂല്യം പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍‌ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി ഭരണത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുനേരെ കടന്നാക്രമണം തുടരുന്നത് യാദൃശ്ചികമല്ലെന്ന് ഡി രാജ പറഞ്ഞു. ബിജെപി ഭരണത്തില്‍ സുപ്രീം കോടതിയുടെ അടിസ്ഥാന സ്വഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.

Eng­lish Sum­ma­ry: SC and ST Reser­va­tion: Oppo­si­tion to Supreme Court Ruling

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.