Thursday
21 Mar 2019

സിവിസി റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ അലോക് വര്‍മ്മയ്ക്ക് നിര്‍ദ്ദേശം

By: Web Desk | Friday 16 November 2018 4:24 PM IST


alok verma

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് മറുപടി നല്‍കാന്‍ അലോക് വര്‍മ്മയ്ക്ക് സുപ്രം കോടതി നിര്‍ദ്ദേശം നല്‍കി. മുദ്രവെച്ച കവറില്‍ സി.വി.സി റിപ്പോര്‍ട്ട് അലോക് വര്‍മ്മക്ക് കൈമാറും. ഇതിന് മുദ്രവെച്ച കവറില്‍ തന്നെ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം നല്‍കിയത്.
ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജെസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് അലോക് വര്‍മ്മയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
അലോക് വര്‍മ്മ ഹൈദരാബാദ് വ്യവസായിയില്‍ നിന്ന് രണ്ട് കോടി കൈക്കൂലി വാങ്ങിയെന്ന കേസില്‍ സി.വി.സി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മറുപടി അറിയക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സി.വി.സി റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഇല്ലെന്നാണ് സൂചന.