ജമ്മുകശ്മീരിന് പ്രത്യേക പദവി കേന്ദ്രത്തിന് നോട്ടീസ്

Web Desk
Posted on August 28, 2019, 11:00 pm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഇക്കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജികളില്‍ ഒക്ടോബര്‍ ആദ്യവാരം മുതല്‍ വാദം കേള്‍ക്കും. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും പുന:സംഘടനയും കശ്മീരിലെ നിയന്ത്രണങ്ങളും ചോദ്യംചെയ്യുന്ന പത്തിലധികം ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. വിഷയത്തില്‍ ഏഴ് ദിവസത്തിനകം കേന്ദ്രസര്‍ക്കാരും ജമ്മുകശ്മീര്‍ ഭരണകൂടവും സത്യവാങ്മൂലം സമര്‍പ്പിക്കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവരും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ഹര്‍ജികളില്‍ നോട്ടീസ് അയക്കുന്നത് അന്താരാഷ്ട്രതലത്തിലും അതിര്‍ത്തിയിലും തിരിച്ചടിക്ക് കാരണമാകുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. തങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഇതിന് പുറമെ ജമ്മുകശ്മീരില്‍ ഒരു മധ്യസ്ഥനെ വയ്ക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷയും സുപ്രീം കോടതി നിരസിച്ചു.

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ തുടരുന്ന മാധ്യമ വിലക്കിനെതിരായ ഹര്‍ജിയിലും കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടലുണ്ടായത്. മുന്‍പ് ഈ ഹര്‍ജികളില്‍ അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.   ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയും പുന:സംഘടനയ്‌ക്കെതിരെയും നാഷണല്‍ കോണ്‍ഫറന്‍സ് എംപിമാരായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി, രാഷ്ട്രീയപ്രവര്‍ത്തകരായ ഷാ ഫൈസല്‍, ഷെഹ്‌ലാ റാഷിദ്, സുപ്രീംകോടതി അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, എം എല്‍ ശര്‍മ്മ എന്നിവരുടെയും ആറ് റിട്ട.സൈനിക ഉദ്യോഗസ്ഥരുടെയും ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

കര്‍ഫ്യുവും നിയന്ത്രണങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുടെ വീട്ടുതടങ്കലും ചോദ്യംചെയ്ത് അനുരാധ ഭാസിന് പുറമെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥി മുഹമ്മദ് അലീം സയീദ്, തെഹ്‌സീന്‍ പൂനാവാല എന്നിവരുമാണ് ഹര്‍ജി നല്‍കിയിരുന്നത്.  പാര്‍ട്ടി നേതാവ് യൂസുഫ് താരിഗാമിയെക്കുറിച്ച് വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ച സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് താരിഗാമിയെ സന്ദര്‍ശിക്കാനുള്ള അനുമതി സുപ്രീം കോടതി നല്‍കി. അനന്ത്‌നാഗിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാനുള്ള അനുമതി മുഹമ്മദ് അലീം സയിദിനും കോടതി ലഭ്യമാക്കി. ഇദ്ദേഹത്തിന് പൊലീസ് സുരക്ഷയും യാത്രയ്ക്കുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കണം. സന്ദര്‍ശനത്തിന് ശേഷം സുപ്രീംകോടതിയ്ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വിദ്യാര്‍ഥിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.