പരമോന്നത കോടതി പറഞ്ഞതിന്റെ ആന്തരികാര്‍ഥം

Web Desk
Posted on September 19, 2019, 11:24 pm

വളരെ സുപ്രധാനമായതും ഞെട്ടിക്കുന്നതുമായ ചില പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ നിന്ന് ഉണ്ടായത്. രാജ്യത്ത് ശുചീകരണതൊഴിലിനിടെ മരിക്കുന്ന അധഃസ്ഥിതവിഭാഗത്തില്‍പ്പെട്ടവരുടെ ജീവിതാവസ്ഥയെ കുറിച്ചാണ് സുപ്രീംകോടതി ആകുലതകള്‍ രേഖപ്പെടുത്തിയത്. സ്വാതന്ത്യ്രത്തിന് എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജാതി വിവേചനം നിലനില്‍ക്കുന്നതായും അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. കടുത്ത ഭാഷയിലുള്ള പരാമര്‍ശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സുപ്രീംകോടതി ബെഞ്ച് നടത്തിയത്. 2018 മാര്‍ച്ച് 20 ലെ സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെയായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള രണ്ട് നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയത്. ഇതിനെതിരായ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച അവകാശവാദങ്ങളാണ് കോടതിയുടെ പരാമര്‍ശത്തിനിടയാക്കിയത്. അതിക്രമങ്ങള്‍ തടയല്‍ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. ഈ സാഹചര്യത്തില്‍ പരമോന്നത കോടതി നടത്തിയ നിരീക്ഷണങ്ങളും ഉന്നയിച്ച ചോദ്യങ്ങളും രാജ്യത്തിന്റെ വര്‍ത്തമാനകാല ജീവിതാവസ്ഥയും അധഃസ്ഥിത വിഭാഗങ്ങളുടെ ദയനീയാവസ്ഥയും വിളിച്ചോതുന്നുണ്ട്. അത്തരം നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കില്‍ എന്തുകൊണ്ടാണ് ഈ വിഭാഗത്തിലുള്ളവര്‍ ഓടകള്‍ വൃത്തിയാക്കുക, മാലിന്യങ്ങള്‍ ചുമക്കുക തുടങ്ങിയ ജോലികളില്‍ ഇപ്പോഴും ഏര്‍പ്പെടേണ്ടി വരുന്നത് എന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇത്തരക്കാരെ ഗ്യാസ് ചേമ്പറിലേക്ക് മരിക്കാനായി പറഞ്ഞു വിടുന്ന മറ്റൊരു രാജ്യം ലോകത്തുണ്ടാകില്ലെന്നും കോടതി പറയുകയുണ്ടായി. മുഖംമൂടികളോ ഓക്സിജന്‍ സിലിണ്ടറുകളോ നല്‍കാതെ ഇത്തരം ജോലിക്ക് പറഞ്ഞയക്കുന്നത് കൊല്ലാന്‍ വിടുന്നതിന് തുല്യമാണെന്ന ഗുരുതരമായ നിരീക്ഷണമാണ് കോടതിയില്‍നിന്നുണ്ടായത്. നിന്ദ്യമായ ജോലിക്കിടെ ഇത്തരം വിഭാഗങ്ങളിലുള്ളവര്‍ മരിക്കാനിടയായത് സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ സമീപനത്തിന്റെ ഭാഗമാണെന്ന കുറ്റപ്പെടുത്തലും കോടതി നടത്തി. വന്‍ നഗരങ്ങളിലെ ഓ­ടകളിലും സെപ്റ്റിക് ടാങ്കുകളിലും ശുചീകരണ ജോലിക്കിടെ മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഓ­രോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കേയാണ് പരമോന്നത കോടതി സുപ്രധാനമായ ഈ വിഷയത്തില്‍ മേല്‍പറഞ്ഞ പരാമര്‍ശങ്ങളും ചോ­ദ്യങ്ങളും ഉന്നയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ മാത്രം 68 പേരാണ് ഇത്തരത്തില്‍ മരിച്ചിട്ടുള്ളത്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ 84 ജില്ലകളിലായി 40, 000 ത്തോളം പേര്‍ ഇപ്പോഴും ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു കണക്കുള്ളത്. ശുചീകരണത്തിന് ആധുനിക സംവിധാനങ്ങള്‍ ഒരുക്കണമെന്നും യന്ത്രസഹായങ്ങള്‍ തേടണമെന്നും സര്‍ക്കാര്‍ തീരുമാനങ്ങളും കോടതികളുടെ വിവിധ വിധികളും നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ ഇപ്പോഴും ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ വിധികളും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കേ തന്നെ രാജ്യത്ത് ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയാണുണ്ടായതെന്ന വിചിത്രമായ വസ്തുത കൂടിയുണ്ട്. 2013 ല്‍ രാജ്യത്തെ ശുചീകരണ തൊഴിലാളികളുടെ എണ്ണം 13 സംസ്ഥാനങ്ങളില്‍ 14, 505 ആയിരുന്നതാണ് 2018 ല്‍ 40, 000 ത്തോളമായി വര്‍ധിച്ചത്. തങ്ങളുടെ തൊഴില്‍ ശുചീകരണമാണ് എന്ന് രേഖപ്പെടുത്തിയവരെ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അങ്ങനെ വരുമ്പോള്‍ യഥാര്‍ഥ എണ്ണം ഇതിനെക്കാള്‍ കൂടുതലാകാനും സാധ്യതയുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ മാത്രമല്ല പരമോന്നത കോടതി വിധിയെ സമീപിക്കേണ്ടത്. യഥാര്‍ഥ ഇന്ത്യന്‍ അവസ്ഥയെയാണ് അത് അവതരിപ്പിക്കുന്നത്. ഇന്നും രാജ്യത്ത് നിലനില്‍ക്കുന്ന വിവേചനം നിറഞ്ഞ ജാതിവ്യവസ്ഥയുടെ ദുരിതങ്ങളെ അത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇരു മതങ്ങളിലുള്ളവര്‍ മാത്രമല്ല ഒരേ മതത്തിലുള്ളവര്‍ തന്നെ തീണ്ടാപാടകലം പാലിക്കുന്ന സാമൂഹ്യ വ്യവസ്ഥ രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പരമോന്നത കോടതിയുടെ പരാമര്‍ശങ്ങള്‍. ഇതൊന്നും വസ്തുതാപരമല്ലെന്ന് സമര്‍ഥിക്കാനുള്ള ശ്രമങ്ങളാണ് കോടതിക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സവര്‍ണ വ്യവസ്ഥയെ പരിപാലിക്കുകയും അതേസമയംതന്നെ വൈകാരിക വിഷയങ്ങളുയര്‍ത്തി സാമുദായിക ധ്രുവീകരണത്തിലൂടെ അധികാരവും സമ്പത്തും നിലനിര്‍ത്തുകയും ചെയ്യുന്ന ബിജെപിയില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുക വയ്യ. സ്വാതന്ത്യ്രത്തിന്റെ എഴുപത് സംവത്സരങ്ങള്‍ക്കിപ്പുറവും ജാതീയതയുടെ മതില്‍ക്കെട്ടുകള്‍ നിലനില്‍ക്കുകയും തൊഴില്‍ വിഭജനത്തിലൂടെ അടിമത്ത സമാനമായ സാഹചര്യങ്ങളിലൂടെ ഒരു വിഭാഗത്തിന് ജീവിക്കേണ്ടി വരികയും ചെയ്യുമ്പോള്‍ നമ്മുടെ സ്വാതന്ത്യ്രത്തിന്റെ അര്‍ഥമെന്താണെന്നാണ് യഥാര്‍ഥത്തില്‍ കോടതി ചോദിച്ചതിന്റെ ആത്യന്തിക അര്‍ഥം. അതുകൊണ്ടുതന്നെ കോടതി ഉന്നയിച്ച ഗൗരവമേറിയ വിഷയങ്ങള്‍ നമ്മുടെ കാലത്തെ സുപ്രധാനമായ പ്രശ്നമായി കാണുകയും പരിഹാരമാര്‍ഗങ്ങള്‍ തേടുകയും ചെയ്തേ മതിയാകൂ.