Janayugom Online
S Hareesh Meesha

മീശ ‘വെട്ടാൻ’ സുപ്രീം കോടതി വിസമ്മതിച്ചു

Web Desk
Posted on September 05, 2018, 1:11 pm

മീശ നോവലിലെ നർമ്മം വെട്ടിക്കളയണമെന്ന പരാതി സുപ്രീം കോടതി നിരസിച്ചു. അമ്പലത്തിൽ പോകുന്ന ഹിന്ദു വനിതകളെ അപമാനിക്കുന്നതാണ് നോവൽ ഭാഗങ്ങൾ എന്നത് കോടതിയ്ക്ക് സ്വീകാര്യമായില്ല.

എഴുത്തുകാരന് സ്വയം ആവിഷ്കരിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. ആരുടെയെങ്കിലും ആത്മനിഷ്ഠമായ ചിത്തഭ്രമത്തിനു അതിനെ വിട്ടുകൊടുക്കാനാവില്ല.

‘ആത്മാഭിമാനമുള്ള ഹിന്ദു‘വാണു താനെന്നും എസ്  ഹരീഷിന്റെ നോവൽ ബ്രാഹ്മണ പൂജാരികളെ അധിക്ഷേപിക്കുന്നതും ‘വർഗീയ, വംശീയ ചുവ’യുള്ളതുമാണെന്നും പരാതിയിൽ പറഞ്ഞു. നോവലിലെ സംഭാഷണം സ്ത്രീകളെ വെറും ലൈംഗിക വസ്തുവായി വിലകുറച്ചു കാണിക്കുന്നു. നോവൽ ആൾക്കൂട്ട അക്രമത്തിനു കാരണമാകും. പരാതിക്കാരൻ ഡൽഹിയിൽ താമസിക്കുന്ന എൻ രാധകൃഷ്ണനാണ്.

നിരോധനം സ്വതന്ത്ര ചിന്തകളെ കഴുത്തു ഞരിക്കലാവുമെന്ന് കോടതി പറഞ്ഞു. സാഹിത്യ കൃതികൾ നിരോധിച്ചുവെന്ന പേര് കേൾപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു: “ഇത്തരം കാര്യങ്ങൾക്കു താങ്കൾ അനാവശ്യ പ്രാധാന്യം നൽകുകയാണ്. ഇന്റർനെറ്റ് യുഗത്തിൽ അത് നിങ്ങൾ വിഷയമാക്കുന്നു. അത് മറന്നേക്കൂ.”

മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ നോവൽ വിവാദമായതോടെ രണ്ടു അധ്യായങ്ങൾ കഴിഞ്ഞപ്പോൾ പ്രസിദ്ധീകരണം നിർത്തി. പിന്നീട് നോവൽ രൂപത്തിൽ പുറത്തിറങ്ങിയപ്പോൾ അത് ഏറെ വിറ്റഴിക്കപ്പെടുകയും ചെയ്തു.

കേരള സർക്കാരും ചില രാഷ്ട്രീയ നേതാക്കളും ഈ നോവലിനെ പിന്തുണയ്ക്കുന്നത് ഭൂരിപക്ഷം വരുന്ന  സമാധാന പ്രേമികളായ ഹിന്ദു സമുദായത്തിന്റെ മതവികാരം വൃണപ്പെടുത്താനാണെന്നും പരാതിക്കാരൻ ആക്ഷേപിച്ചിരുന്നു.