Wednesday
20 Mar 2019

‘കാലാ’ റിലീസ് സുപ്രീം കോടതി തടഞ്ഞില്ല

By: Web Desk | Wednesday 6 June 2018 12:59 PM IST


kala rajanikanth

വ്യാഴാഴ്ച തീയറ്ററുകളിൽ എത്തുന്ന രജനികാന്ത് ചിത്രം ‘കാലാ’യുടെ റിലീസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.  “നിങ്ങൾക്കു പ്രദർശനത്തിനെതിരെ ഇൻജംഗ്ഷൻ വേണം, എല്ലാവരും ചിത്രം പുറത്തു വരാൻ കാത്തിരിക്കുന്നു” ജസ്റ്റിസ് ആർ കെ ഗോയൽ, അശോക് ഭൂഷൺ എന്നിവരടങ്ങിയ വെക്കേഷൻ ബഞ്ച് വിധിച്ചു.

മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച ഹർജി ജൂൺ 16 നു കേൾക്കാൻ മാറ്റിവച്ചതിനെ തുടർന്നാണ് പരാതിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. താൻ കോപ്പി റൈറ്റ്  മൂലം സംരക്ഷിക്കുന്ന കഥാ ഭാഗങ്ങളും ഗാനങ്ങളും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

രജനീകാന്ത് ‘കാലാ’ എന്ന കരികാലനായി വ്യാഴാഴ്ച തിയറ്ററുകളിലെത്തുന്നതും കാത്ത് ആരാധകർ ആകാംക്ഷാ ഭരിതരാണ്. “നിലം, നീർ എങ്കൾ ഉരിമൈ, പോരാടുവോം…. എങ്കൾ വറുമയൈ ഒഴിയ പോരാടുവോം “… ‘കാലാ’യുടെ ട്രെയിലർ തീരുന്നത് ഇങ്ങനെ.  മണ്ണിനും വെള്ളത്തിനും വേണ്ടി, വറുതിയില്ലാത്ത കാലത്തിനു വേണ്ടി, പോരാട്ടം തുടരുമെന്ന പ്രഖ്യാപനം.

ഇക്കുറി സൂപ്പർസ്റ്റാറിനെ കാത്തിരിക്കുന്നത് ആരാധകർ മാത്രമല്ല, തമിഴിന്റെ കറുത്ത മക്കൾ, താരം രാഷ്ട്രീയം പറയുമോ എന്ന് നോക്കിയിരിക്കുന്ന തമിഴ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, ഇത് രജനിയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ആരവമോ ഒടുക്കമോ എന്നറിയാൻ നോക്കുന്ന ഇന്ത്യ..എല്ലാവര്ക്കും കാലാ ഉൽക്കണ്ഠയാണ്.

“പോരാട്ടങ്ങൾ” (സമരങ്ങൾ) തമിഴ്നാടിനെ ശവപ്പറമ്പാക്കുമെന്ന്, സമരങ്ങളെ പുരട്ച്ചി തലൈവി ചെയ്ത പോൽ ഉരുക്കു കൈകളാൽ അടിച്ചമർത്തണമെന്ന്, ദിവസങ്ങൾക്കു മുൻപു തൂത്തുക്കുടിയിൽ വെടി വയ്പ്പ് നടന്ന സ്ഥലത്തു പോയി ക്ഷോഭത്തോടെ പ്രഖ്യാപിച്ച സൂപ്പർസ്റ്റാറിനെ ജനങ്ങൾ എങ്ങനെ കാണുമെന്നും ഇതിലൂടെ അറിയാം.

“നിങ്ങൾ ആരാണ്” എന്ന് തൂത്തുക്കുടി ആശുപത്രയിൽ തല തകർന്നു കിടക്കുന്ന ചെറുപ്പക്കാരൻ ചോദിച്ചപ്പോൾ “നാൻ താൻ രജനി കാന്ത്” എന്നതിന് പകരം ഒന്നും ഉരിയാടാതെ, പുഞ്ചിരിയോടെ നടന്നു പോയ രജനി ജീവിതത്തിലെ മനുഷ്യൻ. സിനിമയിൽ പക്ഷെ ആൾ വേറെ,  അതാണ് തമിഴകം നാളെ കാണാൻ കാത്തിരിക്കുന്നത്.

ഒപ്പം ‘കബാലി’യെന്ന രാഷ്ട്രീയ ചിത്രത്തിലൂടെ തമിഴക സൗന്ദര്യശാസ്ത്രത്തെ വെല്ലുവിളിച്ച സംവിധായകൻ പാ.രഞ്ജിത്തിന്റെ ഈ പുതിയ ചിത്രം എങ്ങനുണ്ടെന്നും. ‘കാലാ’യിലെ കരികാലനിൽ നിങ്ങൾക്കെന്റെ രാഷ്ട്രീയം കാണാം എന്ന രഞ്ജിത്തിന്റെ വാക്കുകളിൽ അവർക്കു പ്രതീക്ഷകളുണ്ട്.