Web Desk

ന്യൂഡല്‍ഹി

March 12, 2021, 10:44 pm

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി നിയമിക്കരുത്: സുപ്രീംകോടതി

Janayugom Online

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ നിഷ്പക്ഷരും സ്വതന്ത്ര വ്യക്തികളുമായിരിക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ നിയമസെക്രട്ടറിയെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ ഗോവ സര്‍ക്കാരിനെ സുപ്രീംകോടതി ശാസിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം ഒരു ജനാധിപത്യസംവിധാനത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ അധികചുമതല അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണ്- കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു. 

സ്ത്രീകള്‍ക്ക് സീറ്റുകള്‍ നീക്കിവയ്ക്കാത്തതിന്റെ പേരില്‍ അഞ്ച് മുനിസിപ്പാലിറ്റികളായ മര്‍ഗാവോ, മാപുസ, മോര്‍മുഗാവോ, സാങ്കും, ക്യൂപെം എന്നീ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഗോവ സര്‍ക്കാരിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. മുന്‍ ഹിയറിങ്ങില്‍ സുപ്രീംകോടതി ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും മുനിസിപ്പല്‍ വാര്‍ഡുകള്‍ സംവരണം ചെയ്യുന്നതില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. 

Eng­lish Sum­ma­ry : Supreme court says gov­ern­ment offi­cials can­not be elec­tion commissioners

You may also like this video :