ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയർ, ഗുണ, മൊറീന, ബിന്ദ്, അശോക് നഗർ, ഡാറ്റിയ, ശിവപുരി, ഷിയോപൂർ, വിദിഷ എന്നീ ഒമ്പത് ജില്ലകളിൽ റാലികൾ നിയന്ത്രിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
വിർച്വൽ മീറ്റിങുകൾ സാധ്യമല്ലെങ്കിൽ മാത്രമേ പൊതു റാലികൾക്ക് അനുമതി നൽകാവു എന്ന് ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റാലികളും പൊതുപരിപാടികളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനും രണ്ട് ബിജെപി സ്ഥാനാർത്ഥികളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോടതി ഇടപെടുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. ഉത്തരവ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നും സ്ഥാനാർത്ഥികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും കമ്മിഷൻ വാദിക്കുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മഹാരാഷ്ട്ര സർക്കാരും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കോവിഡ് പ്രോട്ടോക്കോളുകളും മാർഗ നിർദ്ദേശങ്ങളും പരിഗണിക്കാതെയായിരുന്നു ഹൈക്കോടതി ഉത്തരവെന്നും ഇത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തളർത്തിയിട്ടുണ്ടെന്നും കമ്മിഷനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ രാകേഷ് ദ്വിവേദിയും അമിത് ശർമയും ജഡ്ജിമാരോട് പറഞ്ഞു. എന്നാൽ കമ്മിഷൻ കൂടുതൽ സജീവമായിരുന്നെങ്കിൽ കേസിൽ ഹൈക്കോടതി ഇടപെടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പ്രതികരിച്ചു.
ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി, തെരഞ്ഞെടുപ്പ് പൊതു യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ സംരക്ഷണത്തിന് ആവശ്യമായ മാസ്കുകളും സാനിറ്റൈസറുകളും വാങ്ങാനാവശ്യമായ പണത്തിന്റെ ഇരട്ടി തുക റാലി നടത്തുന്ന രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ ഡെപ്പോസിറ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിഗണിച്ച് നിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. മധ്യപ്രദേശിൽ നവംബർ മൂന്നിനാണ് 28 നിയമസഭാ സീറ്റുകളിലേയ്ക്ക് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ENGLISH SUMMARY: SC stays madhyapradesh hc order restricting rallies
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.