Janayugom Online
human rights activists arrested

മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റില്‍ സുപ്രിംകോടതി; കേസ് റദ്ദാക്കും

Web Desk
Posted on September 17, 2018, 11:15 pm

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് റദ്ദാക്കുമെന്ന് സുപ്രിം കോടതി. പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കുമെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് ബോധ്യപ്പെട്ടാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ യഥാര്‍ഥമാണോ വ്യാജമാണോ എന്ന് കോടതി പരിശോധിക്കും. വേണ്ടിവന്നാല്‍ ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം തെളിയുന്നതിന് ആവശ്യമായ വസ്തുതകള്‍ സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ ബുധനാഴ്ചവരെ നീട്ടി. കേസ് പരിഗണിക്കുന്ന ബുധനാഴ്ച കേസ് ഡയറിയും മറ്റ് തെളിവുകളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കോടതി ഇടപെട്ടത് അകടകരമാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചു. ഇത് കേസുകള്‍ കൂടാന്‍ കാരണമാകും. കുറ്റാരോപിതരായവര്‍ക്ക് കീഴ്‌ക്കോടതി, ഹൈക്കോടതി ഉള്‍പ്പെടെയുള്ള നീതിന്യായ സ്ഥാപനങ്ങളൈ സമീപിക്കാന്‍ കഴിയുമെന്ന വാദവും മനീന്ദര്‍ സിംഗ് ഉന്നയിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. ഭരണഘടനയുടെ അനുഛേദം മൂന്നുമായോ സിആര്‍പിസിയുമായോ ബന്ധമുണ്ടോ എന്നായിരുന്നു മനീന്ദര്‍ സിംഗിന്റെ വാദങ്ങളോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് അന്വേഷണം സുപ്രിം കോടതിയുടെ നിരീക്ഷണത്തിലാകണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വാദിച്ചു. കോടതിയുടെ നീരീക്ഷണത്തില്‍ കേസ് സിബിഐക്കോ എന്‍ഐഎക്കോ അന്വേഷിക്കാം. എല്‍ഗാര്‍ പരിഷത്തിന്റെ യോഗത്തില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടില്ല. അറസ്റ്റിലായ അഞ്ചുപേര്‍ക്കും ഭീമ കൊറേഗാവ് സംഭവത്തില്‍ ബന്ധമുള്ളതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ തെലുങ്ക് കവി വരവരറാവുവിനെതിരെ 25 കേസുകളും വെര്‍നന്‍ ഗോണ്‍സാല്‍വസിനെതിരെ പതിനേഴും അരുണ്‍ ഫെരാരിയക്കെതിരെ പതിനൊന്ന് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സിങ്‌വി വ്യക്തമാക്കി. ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചണ് തെലുങ്ക് കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരാരിയ, സുധ ഭരദ്വാജ്, ഗൗതം നവല്‍ഖ എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത നടപടി റദ്ദാക്കുക, ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരിത്രകാരി റോമിലാ ഥാപ്പര്‍, പ്രഭാത് പട്‌നായിക് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.