കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റില്‍ അഴിമതി; അന്വേഷണം വേണമെന്ന് കേരള സിബിഎസ്ഇ

Web Desk
Posted on December 11, 2018, 6:33 pm
കൊച്ചി: കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിനെതിരെ അഴിമതി ആരോപണങ്ങൾ വന്നതിനെത്തുടര്‍ന്ന് വിജിലൻസ് അന്വേഷണം വേണമെന്ന്  കേരള സിബിഎസ്ഇ മാനേജ്മെൻറ് അസോസിയേഷൻ. 2017ലാണ് കേരള സ്പോർട്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽസെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ്  ആദ്യമായി സംഘടിപ്പിച്ചത്. ഇതിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉയർന്നു. മാതാപിതാക്കളും വിദ്യാർഥികളും ഉൾപ്പെടെ അന്വേഷണവും ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് ഇക്കൊല്ലവും മേള സംഘടിപ്പിക്കാനുള്ള നീക്കമുണ്ടായത്. അസോസിയേഷൻ സമയോചിതമായി ഇടപെട്ടതോടെ കായികമേള നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിടുകയായിരുന്നുവെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 
വിദ്യാർഥികളുടെ കായികമേള സി.ബി.എസ്.ഇ തന്നെ സംഘടിപ്പിക്കുകയാണ് പതിവ്. 2017ൽ കേരളത്തിനു പ്രത്യേക ഇളവ് നൽകിയതോടെയാണ് സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ മേള നടത്തിയത്. അതേസമയം, മേള നടത്തുന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ അസോസിയേഷനെ അറിയിച്ചില്ല. വിജയിക്കുന്നവർക്ക് ഗ്രേസ് മാര്‍ക്കും ഉന്നത പഠനത്തിന് പരിഗണനയും നല്‍കുമെന്ന അറിയിപ്പ് നൽകിയായിരുന്നു സംഘാടനം. എന്നാൽ അത്തരമൊരു കീഴ്വഴക്കം സി.ബി.എസ്.ഇയിൽ ഇല്ല. മാത്രമല്ല, മേളയുടെ പ്രവേശന ഫീസായി 5000 രൂപ, ഗെയിംസ് വിഭാഗം 3000 രൂപ, പങ്കെടുക്കുന്ന വിദ്യാർഥിക്ക് 150 രൂപ എന്നിങ്ങനെ ഫീസ് നൽകണമായിരുന്നു. കേരളത്തിലെ 1600 സി.ബി.എസ്.ഇ സ്‌കൂളുകളിൽ 60 ശതമാനം പങ്കെടുത്ത മത്സരത്തിൽനിന്ന് കോടികളാണ് പിരിച്ചെടുത്തത്. എന്നാൽ പങ്കെടുത്തവരുടെ മൊത്തം പട്ടികയോ, ലഭിച്ച തുകയോ ആരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഉൾപ്പെടെ കണക്കുകൾ എവിടെയും അവതരിപ്പിച്ചിട്ടില്ല. മേളയിലെ വിജയികൾക്ക് ഗ്രേസ് മാർക്കോ മറ്റെന്തെങ്കിലും പരിഗണനയോ നൽകിയതുമില്ല. 
ആരോപണങ്ങൾക്കും പരാതികൾക്കും പിന്നാലെ ഇക്കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതിനെയാണ് ഇക്കുറിയും മേള സംബന്ധിച്ച സർക്കുലർ ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി പി ദാസനും ജനറല്‍ കണ്‍വീനര്‍ ഇന്ദിര രാജനുമാണ് ഒപ്പു വച്ചിരുന്നത്. ഇക്കുറി സി.ബി.എസ്.ഇ അസോസിയേഷൻറെ പേരിൽ പുറത്തുവന്ന ആദ്യ സർക്കുലറിൽ ജനറല്‍ കണ്‍വീനര്‍ എന്ന പേരില്‍ ഇന്ദിര രാജനും സ്റ്റേറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എന്ന പേരില്‍ ജി. രാജ്‌മോഹനുമാണ് ഒപ്പ് വച്ചിരിക്കുന്നത്. ഇന്ദിര അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജി. രാജ്മോഹൻ വർക്കിങ് പ്രസിഡൻറുമാണ്. അസോസിയേഷൻറെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു നടപടി.  
ഇതേത്തുടർന്ന് ആദ്യഘട്ടമെന്ന നിലയിൽ അസോസിയേഷന്‍ നിയോഗിച്ച അഞ്ചംഗ സമിതി പ്രാഥമിക അന്വേഷണം നടത്തുകയും ഇരുവരുടെയും പങ്ക് കണ്ടെത്തിയതിനെത്തുടർന്ന് പദവികളിൽനിന്ന് നീക്കുകയും ചെയ്തു. അസോസിയേഷൻറെ അറിവോ സമ്മതമോ കൂടാതെ പേര് ഉപയോഗപ്പെടുത്തി പണപ്പിരിവ് നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. 2017, 2018 വർഷങ്ങളിൽ വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത തുക സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ സംസ്ഥാന കായിക മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 
ചട്ടവിരുദ്ധ നടപടികളിലൂടെ ചില സ്ഥാപിത താൽപര്യക്കാരാണ് മേള നടത്തിപ്പിനു ചുക്കാൻ പിടിച്ചത്. അതിലെ അഴിമതി പുറത്തുകൊണ്ടുവരാനുള്ള ധാർമിക ഉത്തരവാദിത്വം തിരിച്ചറിഞ്ഞാണ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. സി.ബി.എസ്.ഇ വിദ്യാര്‍ഥികളോടുളള പക്ഷപാതപരമായ പെരുമാറ്റം അവസാനിപ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാന സര്‍ക്കാർ നടപ്പാക്കണമെന്നും, പ്രഫഷണല്‍ കോഴ്‌സുകളിലേക്കുളള പ്രവേശനത്തില്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നതായും അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാന്‍, വൈസ് പ്രസിഡൻറ് ജോര്‍ജ് കുളങ്ങര, കോര്‍ കമ്മിറ്റി സെക്രട്ടറി കെ.എം. ഹാരിസ്, ട്രഷറര്‍ അബ്രഹാം തോമസ് എന്നിവര്‍ അറിയിച്ചു.