അഴിമതി; മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് 36 വര്‍ഷം തടവ്

Web Desk
Posted on December 26, 2018, 9:11 pm

കല്‍പറ്റ: പണം തിരിമറി നടത്തിയ കേസില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍ ഡി ക്ലര്‍ക്കിനെ 36 വര്‍ഷം തടവിനും 1,20,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍ ഡി ക്ലര്‍ക്ക് മീനങ്ങാടി പുറക്കാടില്‍ മട്ടിയമ്പത്ത് വീട്ടില്‍ എം ശിവനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് ബൈജുനാഥ് മൂന്ന് കേസുകളിലായി 36 വര്‍ഷം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

1997 മുതല്‍ 2003 വരെയുള്ള കാലയളവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രതി എല്‍ ഡി ക്ലര്‍ക്കായി ജോലി നോക്കി വരവേ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ ജി പി എഫ്, താല്‍കാലിക അഡ്വാന്‍സ്, ലീവ് സറണ്ടര്‍, ഡി എ, പി സി എ. കുടിശ്ശികകള്‍ ഉള്‍പ്പെടെ 84,539 രൂപ രേഖകളിലും ജീവനക്കാരുടെ ഒപ്പുകളിലും കൃത്രിമം കാണിച്ചും തെളിവുകള്‍ നശിപ്പിച്ചും പണാപഹരണം നടത്തി എന്നുള്ളതാണ് വിജിലന്‍സ് കേസ്. മൂന്ന് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്.

2000 മുതല്‍ 2001 വരെയുള്ള കാലയളവില്‍ 18,079 രൂപയുടെ തിരിമറി നടത്തിയ ആദ്യ കേസില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ ഒടുക്കുവാനും, 2001 മുതല്‍ 2002 വരെയുള്ള കാലയളവില്‍ 9480 രൂപയുടെ തിരിമറി നടത്തിയ രണ്ടാമത്തേതില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ ഒടുക്കുവാനും, 2002 മുതല്‍ 2003 വരെയുള്ള കാലയളവില്‍ 56,980 രൂപയുടെ തിരിമറി നടത്തിയ മൂന്നാമത്തെ കേസില്‍ 12 വര്‍ഷം തടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോടതി ശിക്ഷിച്ചത്.

വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ കെ മാര്‍ക്കോസ്,എം സുള്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണം നടത്തി മുന്‍ ഡി വൈ എസ് എസ് പി കെ.കെ.അബ്ദുല്‍ ഹമീദ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലജന്‍ ഹാജരായി .