ഫാഷൻ ഷോകളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചതിക്കുഴികളും പെരുകുന്നു. ഇതിന് പിന്നിൽ മോഡലുകളെയും മറ്റും പലതരത്തിൽ ചൂഷണം ചെയ്യുന്നതായുള്ള പരാതികളും വ്യാപകമാണ്. ലഹരി മാഫിയ പോലെ ഈ രംഗത്തും വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നതായി അടുത്ത കാലത്തുണ്ടായിട്ടുള്ള സംഭവങ്ങൾ വെളിവാക്കുന്നു. കൊച്ചി കേന്ദ്രമാക്കി ഒരുപാട് ഫാഷൻ ഷോകളും പരസ്യ ഷൂട്ടിങ്ങുകളും നടക്കുന്നുണ്ട്. ഇതിൽ പല ഏജൻസികൾക്കെതിരെയും പരാതികൾ ഉയർന്നിട്ടുള്ളത് ഗൗരവമായി കാണേണ്ടതാണ്. സമൂഹമാധ്യമങ്ങളും പേജുകളും വഴി പരസ്യം നൽകിയും മറ്റുമാണ് മോഡലുകൾ ആകാൻ ആഗ്രഹിക്കുന്നവരെ ആകർഷിച്ച് മോഡലിങ് കമ്പനികൾ രജിസ്ട്രേഷനും മറ്റു ചെലവുകള്‍ക്കും എന്ന പേരിൽ പണം തട്ടുന്നത്.
കൃത്യമായ രജിസ്ട്രേഷനും വിശ്വാസ്യതയുമില്ലാതെ ഇവന്റുകൾ സംഘടിപ്പിക്കുന്ന ഇത്തരം കമ്പനികളുടെ മറവിലാണ് മറ്റുതരത്തിലുള്ള ചൂഷണങ്ങളും നടത്തുന്നത്.
കൊച്ചിയിൽ നടന്ന എമിറേറ്റ്സ് ഫാഷൻ ഷോയുടെ മറവിൽ പണം വാങ്ങിയ ശേഷം റാമ്പിൽനിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ് കമ്പനിക്കെതിരെ മോഡലുകള്‍ പരാതി നല്‍കിയിരുന്നു. മോഡലായ ട്രാൻസ് വുമണിനോട് അപമര്യാദയായി പെരുമാറിയ ലിസാറോ കമ്പനിയുടെ സ്ഥാപകൻ ജെനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പേ പരസ്യം നൽകിയതിനാൽ കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള മോഡലുകൾ പണം നൽകി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം പേർക്കും റാമ്പിൽ അവസരം നൽകിയില്ലെന്നും ഇത് ചോദ്യം ചെയ്തവരെ അധിക്ഷേപിച്ചതായും പരാതികൾ ഉണ്ടായിട്ടുണ്ട്.
മോഡലിങ് രംഗത്തേക്ക് വരാൻ ആഗ്രഹിച്ചെത്തുന്നവരെ കെണിയിൽ പെടുത്തി ലഹരിയും മറ്റും നൽകി കൈമാറുന്ന സംഘങ്ങളും സജീവമാണ്. അടുത്തിടെ ഓടുന്ന കാറിൽ 19 കാരിയായ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നിൽ ഇത്തരം റാക്കറ്റിന്റെ സാന്നിധ്യമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്. കൊച്ചിയിൽ മോഡലുകൾ കൊലചെയ്യപ്പെട്ട സംഭവങ്ങളും ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. യുവതികളെ പ്രലോഭിപ്പിച്ച് നിശാപാർട്ടികളിലും ഹോട്ടൽമുറികളിലും എത്തിക്കുന്ന സംഘങ്ങൾക്ക് പിന്നിലും മോഡലുകളുടെ പങ്കാളിത്തം പുറത്തുവന്നിട്ടുണ്ട്. ഏതുവിധേനയും പരസ്യത്തിലോ, സിനിമയിലോ പെട്ടെന്ന് അവസരം കാത്തു വരുന്നവരാണ് ശരിക്കും ഇത്തരം ചതിക്കുഴികളിൽ പെടുന്നത്. ചിലർ അവസരങ്ങൾക്കായി വഴങ്ങുന്നതും ഇക്കൂട്ടർക്ക് കച്ചവട സാധ്യത വർധിപ്പിക്കുന്നു. ഇതുവഴി മോഡലിങ്ങിനെ തീവ്രമായി സ്നേഹിക്കുകയും യഥാർത്ഥ മോഡലിങ് രംഗത്ത് അര്‍പ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്നവരും സംശയത്തിന്റെ നിഴലിൽപ്പെടുകയാണ്.
English Summary: Scams abound under the guise of fashion shows
You may also like this video