18 April 2024, Thursday

ചക്കയും മാങ്ങയും കിട്ടാക്കനിയായേക്കും

ഡാലിയ ജേക്കബ്
ആലപ്പുഴ
January 13, 2023 9:55 pm

ഇത്തവണ കേരളത്തില്‍ ചക്കയും മാങ്ങയുമെല്ലാം കിട്ടാക്കനിയായി മാറിയേക്കും. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം കാർഷികഫലങ്ങൾക്ക് തിരിച്ചടിയാകുന്നതായി കർഷകർ പറയുന്നു. ഡിസംബറിലെ ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയാണ് കാർഷിക ഉല്പാദനം കുറയാൻ കാരണമായത്. ഗ്രാമപ്രദേശങ്ങളിലെ നാട്ടുമാവുകൾ ഇനിയും പൂക്കാത്തതിനാൽ സംസ്ഥാനത്ത് ഇത്തവണ മാങ്ങാ ഉല്പാദനം ഗണ്യമായി കുറഞ്ഞേക്കും. 

ഡിസംബർ, ജനുവരി മാസങ്ങളിലാണ് മാവുകൾ പൂക്കാറുള്ളത്. എന്നാൽ ഈ സമയത്ത് മഴയുടെ അളവു വർധിച്ചത് മാവുകൾ പൂവിടുന്നതിന് തടസമായി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് മാവുകൾ ആദ്യം പൂക്കുന്നത്. നവംബർ, ഡിസംബർ മാസത്തിൽ പൂവിടുകയും മാർച്ച്, ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മാങ്ങ വിളവെടുക്കുന്നത്. 

കേരളത്തിലെ മാങ്ങാ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമടയിലാണ് ഇന്ത്യയിൽ ആദ്യം മാവുകൾ പൂക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ മാവുകൾ കൃഷിചെയ്യുന്ന കേരളത്തിലെ ഏക പ്രദേശം കൂടിയാണ് ഇവിടം. ഇവിടെ ഇത്തവണ പേരിന് മാത്രമാണ് മാവുകൾ പൂത്തിട്ടുള്ളത്. 

ജനുവരി മുതൽ മേയ് വരെ സുലഭമാകേണ്ട വിഭവമാണ് ചക്ക. കേരളത്തിലെ ചക്കയ്ക്കും വിഭവങ്ങൾക്കും വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണ്. സംസ്ഥാനത്ത് ചക്ക ഉല്പാദനത്തില്‍ തുടർച്ചയായ മൂന്നാം വർഷവും കുറവാണ് രേഖപെടുത്തിട്ടുള്ളത്. മൂല്യവർധിത ഉല്പന്നങ്ങൾ നിർമിക്കുന്ന പ്രമുഖ കമ്പനികളും ചക്ക പ്രോസസിങ് യൂണിറ്റുകളും ചക്കയുടെ ക്ഷാമത്തെ തുടർന്ന് നെട്ടോട്ടത്തിലാണ്. തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്ക ഉണ്ടാകേണ്ടത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ ഉല്പാദനം കുറയുകയായിരുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലം വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ അന്യമാകുമെന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്. വാളൻപുളി, പേരയ്ക്ക, ജാതി, മരച്ചീനി, നെല്ല് എന്നിവയുടെ ഉല്പാദനത്തെയും മഴ ബാധിച്ചു. 2018ലെ പ്രളയത്തിനു ശേഷം ഓരോ വർഷവും ഉല്പാദനം കുറയുകയാണെന്നു കർഷകർ പറയുന്നു. മഴയുടെ ഏറ്റക്കുറച്ചിലും ഇതുവരെയുണ്ടാകാത്ത കാലാവസ്ഥാ വ്യതിയാനവും കൃഷിയുടെ പതിവുരീതികളെ താളം തെറ്റിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: scarci­ty of Jack­fruit and man­goes will be hit in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.