26 March 2024, Tuesday

സമഗ്ര വിദ്യാഭ്യാസ വികസനത്തിനുള്ള പദ്ധതികള്‍

Janayugom Webdesk
March 11, 2023 5:00 am

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവർത്തിപ്പിച്ച് ഉല്പാദനവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചത്. അതിന് മുമ്പും വിജ്ഞാന വ്യാപനത്തിനുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ സംസ്ഥാനമായിരുന്നു നമ്മുടേത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന്റെ നവകാലത്ത് അതിന് കൂടുതല്‍ വിശാലമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തില്‍ സ്ഥാപിതമായത്. പിന്നീട് അവ കേന്ദ്രപദ്ധതിയായി ഏറ്റെടുത്തതും നാം കണ്ടതാണ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കി വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനവുമായുള്ള ബന്ധം സുസ്ഥിരവും തുടര്‍ച്ചയുള്ളതുമായി നിലനിര്‍ത്തുന്നതില്‍ സംസ്ഥാനം വഹിച്ച പങ്കും പല കോണുകളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. വിക്ടേഴ്സ്, വിക്ടേഴ്സ് പ്ലസ് ചാനലുകളിലൂടെ വിദ്യാഭ്യാസത്തിന്റെ കണ്ണികള്‍ അറ്റുപോകാതെ നിലനിര്‍ത്തിയതും വിജ്ഞാന വികസനത്തിന്റെ ശ്രദ്ധേയമായ അധ്യായങ്ങളില്‍ ഒന്നായിരുന്നു. ഇതും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇ- വിദ്യാ പദ്ധതിയെന്ന നിലയില്‍ ഏറ്റെടുക്കുകയും വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2022ലെ ബജറ്റില്‍ വിജ്ഞാന വികസനത്തിനായി പ്രത്യേകമായി 1000 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. നോളജ് ഇക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ജില്ലാതല സ്കില്‍ പാര്‍ക്കുകള്‍, നിയമസഭാ മണ്ഡലങ്ങളില്‍ സ്കില്‍ കോഴ്സുകള്‍ തുടങ്ങിയവയായിരുന്നു പ്രഖ്യാപനം. അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ പ്രാഥമിക തലം മുതല്‍ ഗുണപ്രദമായ വിദ്യാഭ്യാസം പുതുതലമുറയ്ക്ക് ലഭ്യമാകേണ്ടതുണ്ട്. അതിന് പൊതു വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും അടിത്തറ ശക്തമായിരിക്കണം. ഈ ലക്ഷ്യം നേടുന്നതിനുള്ള സമഗ്രവും സാര്‍വത്രികവുമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഏഴുവര്‍ഷമായി നടന്നുവരികയാണ്. അത് മുന്നില്‍ കണ്ട് സംസ്ഥാന ബജറ്റില്‍ പദ്ധതി വിഹിതമായി 1773.09 കോടി രൂപയാണ് നീക്കിവച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക കര്‍മ്മ പദ്ധതിക്കായി 816 കോടി രൂപയും നീക്കിവച്ചിരുന്നു. വിവിധ കേന്ദ്ര പദ്ധതികളെ ആസ്പദമാക്കിയും വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു.


ഇതുകൂടി വായിക്കൂ:  ഇരുതല മൂര്‍ച്ചയുള്ള ദേശീയ വിദ്യാഭ്യാസ നയം


അതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയുടെ അടുത്ത വിദ്യാഭ്യാസ വർഷത്തെ പ്രവർത്തനങ്ങൾക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നു. സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയിൽ 535.07 കോടി രൂപയും സെക്കന്‍ഡറി വിഭാഗത്തിൽ 181.44 കോടി, ടീച്ചർ എജ്യൂക്കേഷന് 23.80 കോടി അടങ്ങുന്നതാണ് വാർഷിക പദ്ധതി ബജറ്റ്. ഭിന്നശേഷി കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഓട്ടിസം കേന്ദ്രങ്ങളുടെയും കിടപ്പിലായ കുട്ടികളുടെയും ഉൾപ്പെടെ ഈ മേഖലയിലെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനായി 144.93 കോടി രൂപയുടെ വാർഷിക പദ്ധതികളും തയ്യാറാക്കി. പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന് വിവിധയിനങ്ങള്‍ക്കായി 116.75 കോടി രൂപയുടെ പദ്ധതികളും തയ്യാറാക്കി. വിജ്ഞാനത്തോടൊപ്പം കുട്ടികളിലെ അക്കാദമികവും അക്കാദമികേതരവുമായ സവിശേഷ പ്രവർത്തനങ്ങൾക്ക് കൂടി ഊന്നല്‍ നല്കുന്ന പഠനരീതിയാണ് കേരളത്തിന്റെ പ്രത്യേകത. ഇതിന് 133 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി 22.46 കോടി രൂപ, അധ്യാപക പരിശീലനത്തിന് 23.80 കോടി രൂപ എന്നിങ്ങനെ നീക്കിവച്ചുള്ള പദ്ധതികള്‍ക്കും ഗവേണിങ് കൗണ്‍സില്‍ അംഗീകാരം നല്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:  ഉന്നതവിദ്യാഭ്യാസത്തിലെ സ്ത്രീ-പുരുഷ അനുപാതം: കേരളം ഒന്നാമത്


വിദ്യാഭ്യാസരംഗത്ത് വികേന്ദ്രീകൃതമായ സംവിധാനമൊരുക്കി എന്നതാണ് കേരളത്തിന്റെ പ്രത്യേകത. സര്‍വകലാശാലകള്‍ ഏറ്റവും മുകളിലും അതിന് താഴെ കോളജുകളും സാങ്കേതിക സ്ഥാപനങ്ങളും. അടുത്ത തട്ടായി ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി സംവിധാനം. താഴെ പ്രാഥമിക വിദ്യാലയങ്ങളും അവയ്ക്കു കീഴെ പ്രീ പ്രൈമറി സ്കൂളുകളും. അങ്ങനെ വിവിധ തട്ടുകളിലായി സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കു വരെ വിജ്ഞാനം ആര്‍ജിക്കുവാനാകുന്ന സംവിധാനമൊരുക്കിയാണ് കേരളം വിദ്യാഭ്യാസ സംവിധാനം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന് ഐക്യ കേരളപ്പിറവിക്കുമുമ്പ് തന്നെ കേരളത്തില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. മലബാര്‍ ജില്ലാ ബോര്‍ഡിന്റെ ഏകാധ്യാപക വിദ്യാലയങ്ങളുടെ സ്ഥാപനം മുതല്‍ അത് ആരംഭിക്കുന്നു. പിന്നീട് കേരളപ്പിറവിയോടെ അധികാരത്തിലെത്തിയ ആദ്യ സിപിഐ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ നിയമം മുതല്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ഊര്‍ജിതമായി. പിന്നീട് സംസ്ഥാനത്ത് അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ സര്‍ക്കാരുകളുടെ മുന്‍കയ്യില്‍ നടന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കേരളീയ വിദ്യാഭ്യാസം ലോകോത്തരമായത്. അതിന് കൂടുതല്‍ വിപുലവും നവീനവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകുകയാണ് സംസ്ഥാനത്ത് നിലവിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍. പ്രസ്തുത നവീകരണത്തെ ഒരു പടികൂടി മുന്നോട്ടു നയിക്കുന്നതിന് സഹായകമാകുന്ന പദ്ധതികള്‍ക്കാണ് സമഗ്ര ശിക്ഷ കേരളയുടെ ഗവേണിങ് കൗണ്‍സില്‍ അംഗീകാരം നല്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.