Web Desk

കാസര്‍കോട്

February 04, 2021, 6:28 pm

ജില്ലയിലെ എട്ട്‌ വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

Janayugom Online

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട്‌ വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌. ജില്ലയില്‍ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഏഴ്‌ സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഒരു സ്‌കൂള്‍ കെട്ടിടവുമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന്‌ നാടിന്‌ സമര്‍പ്പിക്കുന്നത്‌. സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ്‌ ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്‌. പൊതു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ഡോ. തോമസ്‌ ഐസക്‌ മുഖ്യപ്രഭാഷണം നടത്തും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലയിലെ എം എല്‍ എമാര്‍, ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബേബി ബാലകൃഷ്‌ണന്‍, കളക്ടര്‍ ഡോ ഡി സജിത്ത്‌ ബാബു, മറ്റ്‌ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉദ്‌ഘാടന ചടങ്ങിന്‌ ശേഷം ഓരോ വിദ്യാലയത്തിലും പ്രത്യകം ചടങ്ങുകള്‍ സംഘടിപ്പിക്കും. പൂര്‍ണമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടക്കുന്ന ചടങ്ങുകളില്‍ എം എല്‍എമാര്‍ തങ്ങളുടെ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഞ്ച്‌ കോടി രൂപ ചെലവഴിച്ച്‌ മഞ്ചേശ്വരം മണ്ഡലത്തില്‍ ജിവിഎച്ച്‌എസ്‌എസ്‌ മൊഗ്രാല്‍, കാസര്‍കോട്‌ മണ്ഡലത്തില്‍ ജിഎംവിഎച്ച്‌എസ്‌ എസ്‌ കാസര്‍കോട്‌ തളങ്കര, ഉദുമ മണ്ഡലത്തില്‍ ജിഎച്ച്‌എസ്‌എസ്‌ പെരിയ, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജിഎച്ച്‌എസ്‌ എസ്‌ പിലിക്കോട്‌ എന്നീ വിദ്യാലയങ്ങളും മൂന്ന്‌ കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച കാഞ്ഞങ്ങാട്‌ മണ്ഡലത്തില്‍ നിന്നുള്ള ജിവിഎച്ച്‌എസ്‌എസ്‌ വെള്ളിക്കോത്ത്‌, ജിഎച്ച്‌എസ്‌എസ്‌ ചായ്യോത്ത്‌, ജിഎച്ച്‌എസ്‌ എസ്‌ ബളാംതോട്‌ എന്നീ വിദ്യാലയങ്ങളുമാണ്‌ മികവിന്റെ കേന്ദ്രങ്ങളായി അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയരുന്നത്‌. കാഞ്ഞങ്ങാട്‌ മണ്ഡലത്തില്‍ അനുവദിച്ച അഞ്ച്‌ കോടിയുടെ പദ്ധതി കക്കാട്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്‌്‌ഘാടനം ചെയ്‌തിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തില്‍ എം എല്‍ എ നിര്‍ദ്ദശിക്കുന്ന ഒരു വിദ്യാലയമാണ്‌ അഞ്ച്‌ കോടി ചെലവഴിച്ച്‌ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്‌. പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ കിഫ്‌ബിയില്‍ നിന്നും മൂന്ന്‌ കോടി രൂപ വീതം അനുവദിച്ചത്‌. ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ഡ നിന്നായി 25 സ്‌കൂളുകള്‍ക്കാണ്‌ മൂന്ന്‌ കോടി അനുവദിച്ചത്‌. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച രണ്ട്‌ കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത്‌ നിര്‍മ്മിച്ച ഒരു കെട്ടിടം ചെമ്മനാട്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍്‌ ഉദ്‌ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കായി മാറി. ലാപ്‌ടോപ്പ്‌, എല്‍ സി ഡി പ്രൊജക്ടര്‍, സ്‌പീക്കര്‍ തുടങ്ങിയ ഉപകരണങ്ങളുടെ വിന്യാസം 2100 ക്ലാസ്‌മുറികളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ സ്‌കൂളുകളുകളുടെയെല്ലാം അടിസ്ഥാന സൗകര്യം വിപുലമായി വര്‍ദ്ധിപ്പിച്ചു.