സ്‌കൂൾ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും

Web Desk

തിരുവനന്തപുരം

Posted on May 18, 2020, 7:00 am

ലോക് ഡൗൺ മെയ് 31 വരെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അടുത്ത അധ്യയന വർഷത്തേക്കുള്ള സ്ക്കൂൾ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും. സ്കൂൾ അഡ്മിഷനായി കുട്ടികളെ സ്കൂളിൽ കൊണ്ടുവരേണ്ടതില്ല. നേരിട്ടും ഓൺലൈനായും അപേക്ഷ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളുവെന്നും, രക്ഷകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്കൂൾ തുറക്കുന്നത് വൈകുമെങ്കിലും ജൂൺ ഒന്ന് മുതൽ ഓൺലൈനായി അധ്യയനം ആരംഭിക്കാനുള്ള തയ്യാറെടുപ്പ് സർക്കാർ ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ നേരിട്ട് എത്തുന്നവർ മാസ്ക് ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം.

sampoorna.kite.kerala.gov.in എന്ന പോർട്ടലിലൂടെയാണ് പ്രവേശനത്തിനായി അപേക്ഷ നൽകേണ്ടത്. ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും താല്കാലികമായി പ്രവേശനം നൽകണമെന്നാണ് നിർദേശം. ലോക്ഡൗൺ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വരുന്ന വിദ്യാർത്ഥികൾക്കും ഇത്തരത്തിലുള്ള ഇളവുകൾക്ക് അർഹതയുണ്ടായിരിക്കും.

you may also like this video;