സര്‍ക്കാര്‍ എയിഡഡ് സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിന് പുറമേ സൗജന്യ പ്രഭാത ഭക്ഷണവും നല്‍കാനുള്ള പദ്ധതി വൈകുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അംഗീകാരം നല്കിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് ഈ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പദ്ധതി വൈകിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിക്ക് 4,000 കോടി രൂപ അധികം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് 5,000 കോടി രൂപയുടെ ബജറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 11.8 കോടി വിദ്യാർത്ഥികൾക്കായി 11,000 കോടി രൂപയാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഇപ്പോഴത്തെ ചെലവ്.
വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്ക് വകുപ്പിനുള്ള ബജറ്റ് വിഹിതം എട്ട് ശതമാനം കുറച്ചിട്ടുണ്ട്. 2020–21ൽ 59,845 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ 2021–22ല്‍ ഇത് 54,873 കോടിയാണ്.
കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടച്ചിട്ടപ്പോഴും കഴിഞ്ഞ വര്‍ഷവും ഉച്ചഭക്ഷണ പദ്ധതി തുടര്‍ന്നിരുന്നു. പാകം ചെയ്ത ഭക്ഷണം നല്‍കുന്നതിന് പകരം റേഷനായും പണമായുമാണ് ഇത് വിദ്യാര്‍ത്ഥികളില്‍ എത്തിച്ചിരുന്നത്. ചില സ്കൂളുകളുടെ പരിസരത്ത് ഭക്ഷണ വിതരണവും നടന്നിരുന്നു. പദ്ധതിക്കായി ബജറ്റില്‍ അനുവദിച്ചത് 11,000 കോടി രൂപയാണെങ്കിലും 12,900 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ചെലവായത്. സാമ്പത്തിക പ്രതിസന്ധിമൂലം 11,500 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചതെന്നും വിദ്യഭ്യാസ വകുപ്പ് പറയുന്നു.
അതേസമയം സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കണമെന്നും അതോടൊപ്പം നിലവില്‍ ഒന്ന് മുതല്‍ എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സൗജന്യ ഭക്ഷണം ഉയര്‍ന്ന ക്ലാസുകളിലേക്കും വിപുലീകരിക്കണമെന്നും പാര്‍ലമെന്റിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി കഴിഞ്ഞ ഒമ്പതിന് ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
English summary: Food programme in school will be delayed
You may also like this video: