കോഴിക്കോടും പാലക്കാടും മുന്നില്‍
ആലപ്പുഴ: കൗമാര കലോത്സവത്തില്‍ പ്രതിഭകള്‍ നിറഞ്ഞാടിയപ്പോള്‍ ചുവടുകള്‍ ഇഞ്ചോടിഞ്ച്. ചടുലതാളത്തില്‍ മാര്‍ഗ്ഗംകളിയും നാടോടി നൃത്തവും ലാസ്യമയമായി കുച്ചിപ്പുടിയും തിരുവാതിരയും ഭരതനാട്യവും വേദികളില്‍ കാഴ്ചക്കാരുടെ ശ്വാസമിടിപ്പ് കൂട്ടി പ്രതിഭകളുടെ പ്രകടനം. പ്രധാന വേദിയായ ഉത്തരാസ്വയംവരത്തിന് ലാസ്യഭാവമായിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മത്സരവും തുടര്‍ന്ന് ഹൈസ്കൂള്‍ വിഭാഗം മാര്‍ഗ്ഗം കളിയും ആസ്വദിക്കാന്‍ ഹരിപ്പാട് ഗാന്ധിഭവന് സ്നേഹക്കൂടിലെ അന്തേവാസികള്‍ അടക്കം നിരവധി പേരാണ് ഇവിടേക്കെത്തിയത്. ഇതിനിടയില്‍ മത്സരാര്‍ത്ഥികളോടും കാഴ്ചക്കാരോടും കുശലാന്വേഷണങ്ങളുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ഭക്ഷ്യമന്ത്രി പി തിലോത്തമനുമെത്തി.
പരാതികളും പരിഭവങ്ങളും ഏറെയൊന്നും അലട്ടാതെ രണ്ടാം ദിനവും കടന്നുപോയി. കൂടിയാട്ട വേദിയിലെ വിധികര്‍ത്താവിന്റെ ശിഷ്യര്‍ ആ വേദിയില്‍ മത്സരിക്കുന്നതില്‍ മറ്റുള്ളവര്‍ പ്രതിഷേധിച്ചതോടെ വിഷയത്തില്‍ ബാലാവകാശ കമ്മിഷനും ഇടപെട്ടു. തുടര്‍ന്ന് മത്സരങ്ങള്‍ ഇന്നത്തേയ്ക്ക് മാറ്റി.
എല്ലാവേദികളിലും മികച്ച മത്സരങ്ങളായിരുന്നു അരങ്ങേറിയത്. ഭൂരിഭാഗം പേരും എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടിയത് ഇതിന് തെളിവാണ്. രണ്ടാം ദിനമായ ഇന്നലെ 75 ഇനങ്ങളിലായിരുന്നു മത്സരം. കലാമേള രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജില്ലകള്‍ തമ്മില്‍. 595 പോയിന്റ് വീതം നേടി കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമെത്തി. 582 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലായുണ്ട്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 273 പോയിന്റ് നേടി കണ്ണൂരാണ് മുന്നില്‍. 270 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 327 പോയിന്റുമായി കോഴിക്കോടിനാണ് മേല്‍ക്കൈ. 324 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. വിധികര്‍ത്താക്കളുടെ ഇടയിലെ അനാരോഗ്യപ്രവണത ഒഴിവാക്കാനായി വിജിലന്‍സിന്റെയും പൊലീസിന്റെയും നിരീക്ഷണവും കര്‍ശനമാക്കിയിരുന്നു. കൃത്യസമയത്ത് മത്സരങ്ങള്‍ ഒട്ടുമിക്ക വേദികളിലും ആരംഭിക്കാന്‍ സാധിച്ചത് സമയക്രമം പാലിക്കാനും സഹായകരമായി.
സംഘാടനത്തിലെ മികവ് തന്നെയാണ് 59-ാം കലോത്സവത്തെ വ്യത്യസ്തമാക്കുന്നത്. എല്ലാ വേദികളിലും ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പിലാക്കാനും സംഘാടകര്‍ ശ്രമിച്ചിരുന്നു. മത്സരങ്ങള്‍ കാണാന്‍ എത്തിയവരും മത്സരാര്ഥികളും ഉപേക്ഷിക്കുന്ന പേപ്പറും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.
158 ഇനങ്ങളിലായി 29 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അപ്പീലുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും മത്സരത്തിന്റെ സമയക്രമം പാലിക്കാന്‍ സഹായകരമായി. പരമാവധി നാല് -അഞ്ച് അപ്പീലുകളാണ് ഓരോ വേദിയിലും ഉണ്ടായിരുന്നത്. 12000ത്തോളം മത്സരാര്‍ത്ഥികളാണ് വിവിധ ഇനങ്ങളിലായി മൂന്നു ദിവസം മാറ്റുരയ്ക്കുന്നത്. ഇനി 51 ഇനങ്ങളാണ് പൂര്‍ത്തിയാവാനുള്ളത്. 25 വേദികളിലായി ഇന്ന് ഇവയും പൂര്‍ത്തിയാവുന്നതോടെ കൗമാര കലാമേളയ്ക്ക് തിരശീല വീഴും.