പരിചമുട്ട് കളിക്ക് പ്രോത്സാഹനമേറെയെന്ന് മണർകാട് കുഞ്ഞപ്പനാശാൻ

By: Web Desk | Saturday 8 December 2018 5:42 PM IST

ആലപ്പുഴ: മണർകാട് കുഞ്ഞപ്പനാശാന്‍റെ ശിഷ്യരില്ലാത്ത പരിചമുട്ട് കളി മത്സരം രണ്ടു പതിറ്റാണ്ടിലേറെയായി സ്കൂൾ കലോത്സവത്തിൽ നടന്നിട്ടില്ല. കേരളത്തിലുടനീളം പരിചമുട്ടുകളി പരിശീലിപ്പിക്കുന്നതിൽ രാപകൽ വിശ്രമമില്ലാതെ ഓടി നടന്നിട്ടുള്ള കുഞ്ഞപ്പനാശാന്റെ ശിക്ഷണത്തിൽ എട്ടു ടീമുകൾ ഇക്കുറിയും തട്ടിൽ കേറുന്നുണ്ട്. വളരെ ചിട്ടയോടെയാണ് ഇദ്ദേഹം അടവും ചുവടും പഠിപ്പിക്കുന്നത്. ശാരീരിക ക്ഷമത ഏറെ ആവശ്യമുള്ള ഇനമായതിനാൽ അതിനു പറ്റിയ കുട്ടികളെ കണ്ടെത്തിവേണം ടീമിനെ നിശ്ചയിക്കാൻ.
ഒരുപക്ഷേ ആശാനും ശിഷ്യരും തമ്മിലുള്ള മത്സരമാണിപ്പോൾ നടക്കുന്നതെന്നതാണ് യാഥാർത്ഥ്യം. കുഞ്ഞപ്പനാശാൻ പരിശീലിപ്പിച്ചിട്ടുള്ള ശിഷ്യരുo പല ജില്ലകളിലും പരിചമുട്ടു പരിശീലിപ്പിക്കുന്നു. അതിനാൽ മത്സരം ഇഞ്ചോടിഞ്ച്  പൊടിപാറുന്നതാണെന്നാണ് കുഞ്ഞപ്പനാശാൻ തന്നെ വിലയിരുത്തുന്നത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നാലുടീമുകൾ വീതമാണ് ഈ കലോത്സവത്തിൽ മാറ്റുരച്ചത്.
കഴിഞ്ഞ കാലഘട്ടത്തിൽ ക്രൈസ്തവർ മാത്രം പള്ളികളിലും കല്യാണ വീടുകളിലും അവതരിപ്പിച്ചിരുന്ന ഈ കലാരൂപത്തിന് ഇപ്പോൾ നല്ല പ്രോത്സാഹനം കിട്ടുന്നുണ്ടെന്നും ഇതിപ്പോൾ എല്ലാ വിഭാഗം വിദ്യാലയങ്ങളിലും പഠിപ്പിക്കാൻ താൽപര്യം കാട്ടുന്നുണ്ടെന്നും ആശാൻ പറഞ്ഞു. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഇദ്ദേഹം സീനിയേഴ്സ് എന്ന സിനിമയിൽ ജയറാം ഉൾപ്പെടെയുള്ളവരെ പരിചമുട്ട് കളി അഭ്യസിപ്പിച്ചിട്ടുണ്ട്. തന്‍റെ ഗുരുനാഥരിൽ ഒരാളായ ഫാ.ആൻഡ്രൂസ് ചെറുവത്തറയുമായി ചേർന്ന് പരിചമുട്ട് കളി ആട്ടപ്രകാരം എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. പരിചമുട്ട് കളിക്കുവേണ്ടുന്ന ഇരുമ്പ് പടവാളും നാഗത്തകിടിൽ തീർത്ത പരിചയും ആശാൻ തയ്യാറാക്കി നൽകുകയും ചെയ്യും. അമ്പത്തഞ്ചുകാരനായ കുഞ്ഞപ്പനാശാൻ കുട്ടികളേക്കാൾ ആവേശത്തിലും വാശിയിലുമാണ് കലോത്സവ നഗറിൽ  ചുറുചുറുക്കോടെ ഓടി നടക്കുന്നത്. തിരക്കുകൾ മൂലം എല്ലാ ജില്ലകളിലും പോകാൻ കഴിയാറില്ലെന്നാണ് ആശാന്‍റെ സങ്കടം. അടവുകളും ചുവടുകളും തെറ്റിക്കാതെയും വസ്ത്രധാരണ രീതിയിലെ ഒതുക്കവും സംഗീതത്തിന്റെ മേൻമയും നിലനിർത്തി തന്നെയാണ് എല്ലാ ടീമുകൾക്കും പരിശീലനം നൽകുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.