കുട്ടിക്കൂട്ടം ഇന്ന് വീണ്ടും സ്‌കൂളിലേക്ക്

Web Desk
Posted on June 06, 2019, 8:29 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി തൃശൂരില്‍ നിര്‍വ്വഹിക്കും.

മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. പാഠപുസ്തകങ്ങളും യൂണിഫോമും ഡിജിറ്റല്‍ ക്ലാസുകളുമായി കുട്ടികളെ വരവേല്‍ക്കാന്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍.

മുന്‍ വര്‍ഷത്തെ പോലെ പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കൂട്ടാനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പതിറ്റാണ്ടുകള്‍ക്ക് ശേഷം വിദ്യാഭ്യാസമേഖലയിലെ ഘടനാപരമായ മാറ്റങ്ങളോടെയാണ് ക്ലാസ് തുടങ്ങുന്നത്.

ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഡിജിഇ അഥവാ ഡയറക്ടേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലാണ്. ഇതടക്കമുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാനതലജില്ലാതല പ്രവേശനോത്സവങ്ങള്‍ ഇവര്‍ ബഹിഷ്‌ക്കരിക്കും.