പ്രവേശനോത്സവം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

Web Desk
Posted on May 24, 2018, 7:42 pm

* ജില്ലാതല പ്രവേശനോല്‍സവം മേപ്പാടിയില്‍
കല്‍പറ്റ:ജില്ലാതല സ്‌കൂള്‍ പ്രവേശനത്തോടനുബന്ധിച്ച് സ്വീകരിച്ച നടപടികളെ കുറിച്ചും നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ജി.എല്‍.പി സ്‌കൂളില്‍ നടക്കും.വയനാട് ഡ്രോപ്ഔട്ട് ഫ്രീ ക്യാമ്പയിനിലൂടെ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കുകയും തുടര്‍ച്ചയായ ഹാജര്‍ ഉറപ്പുവരുത്തുകയും ചെയ്യും.ഇതിനായി പഞ്ചായത്ത്, താലൂക്ക്, ജില്ലാതല മോണിറ്ററിങ് സമിതികള്‍ രൂപീകരിച്ച് പ്രതിമാസ അവലോകയോഗം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാതലത്തില്‍ ഉറപ്പുവരുത്തും.

ജില്ലയിലെ 30 ശതമാനത്തോളം വരുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളെ പൂര്‍ണമായി സ്‌കൂളുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം,ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, ഗ്രാമപ്പഞ്ചായത്തുകള്‍, പൊതുവിദ്യാഭ്യാസ വകുപ്പ്,പട്ടികജാതി-വര്‍ഗ വകുപ്പ്, സമഗ്ര ശിക്ഷാ അഭിയാന്‍,ഇതര വകുപ്പുകള്‍ സംയുക്തമായാണ് വയനാട് ഡ്രോപ്ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കുന്നത്.ഇതിന്റെ ഭാഗമായുള്ള സമ്പൂര്‍ണ ഗൃസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി. 29നു സമാപിക്കും.26ന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന സന്ദേശമറിയിച്ച് ഗൃഹസന്ദര്‍ശനം നടത്തും. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളുടെയും യോഗം ഇന്ന് ഉച്ചക്ക് 2 ന് കലക്ടറേറ്റിലെ എപിജെ ഹാളില്‍ ചേരും.

പുതിയ അധ്യയന വര്‍ഷം ജൈവവൈവിധ്യ വിദ്യാലയമെന്ന ആശയം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് പരാതികളില്ലാതെ പാഠപുസ്തകവും യൂനിഫോമും വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്തു തുടങ്ങും. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുക. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കും. എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിച്ചതായും അധികൃതര്‍ അറിയിച്ചു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സാധാരണ പേനകള്‍ക്കു പകരം മഷിപ്പേനകള്‍ വിതരണം ചെയ്യണമെന്നു യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

ഫണ്ട് ലഭ്യമാണെങ്കില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി മഷിപ്പേനകള്‍ നല്‍കാമെന്നു കലക്ടര്‍ അറിയിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ മുഖേന വൃക്ഷത്തൈകള്‍ ലഭ്യമാക്കും.എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എം.ഒ സജി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എ.സി.എഫ് ഷജ്‌നാ കരീം, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.