Saturday
19 Oct 2019

ആവേശമായി പ്രവേശനോത്സവം

By: Web Desk | Thursday 6 June 2019 10:13 PM IST


കെ കെ ശിവദാസന്‍

പൊതു വിദ്യാലയങ്ങള്‍ വീണ്ടും ഉണര്‍ന്നു. ആവേശത്തിരയിളക്കി നടന്ന പ്രവേശനോത്സവം സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മാറ്റ് കൂട്ടുന്നതായി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് എത്ര പേര്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി എന്ന കണക്ക് വരാനിരിക്കുന്നതേയുള്ളൂ. നാലു ലക്ഷം കടക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് ഒരേ ദിവസം തുടങ്ങിയെന്നതും പ്രവേശനോത്സവം ഒരുമിച്ചു നടത്തി എന്നതും ഈ വര്‍ഷത്തെ സവിശേഷതയായി. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് ഒരു തലവനെ നിശ്ചയിച്ച് വിദ്യാലയ ഏകോപനം ഉറപ്പാക്കി എന്ന സവിശേഷതയും ഇത്തവണയുണ്ട്.

പ്രവേശനോത്സവം ബഹിഷ്‌കരിക്കാനും അലങ്കോലമാക്കാനും ചിലര്‍ മുതിര്‍ന്നുവെന്നത് അത്ഭുതമുളവാക്കി. ഹയര്‍ സെക്കന്‍ഡറി വിദ്യാലയം ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. സങ്കുചിത രാഷ്ട്രീയ താല്‍പര്യം വച്ച് എന്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്ന തന്ത്രം ഇവിടെയും പ്രയോഗിച്ച് നോക്കാനാണ് ശ്രമം. നേരെത്തെ ഹയര്‍ സെക്കന്‍ഡറിയിലെ ചില കാറ്റഗറിക്കല്‍ സംഘടനയിലുള്ളവര്‍ മാത്രമായിരുന്നു രംഗത്തുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷത്തുള്ളവരാകെയും ഒപ്പം ചേര്‍ന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ വിദ്യാര്‍ഥി സംഘടനകളെയും രംഗത്തിറക്കുന്നു. വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കുന്ന നല്ല നയങ്ങളെയും ശരിയായ ദിശയിലുള്ള പരിപാടികളെയും എക്കാലത്തും എതിര്‍ത്തുപോന്ന പാരമ്പര്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്ന് പറയാതെ വയ്യ. 1990-91 ല്‍ ആദ്യമായി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ആദ്യഘട്ടം 31 സര്‍ക്കാര്‍ ഹൈസ്‌കൂളുകളാണ് ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയത്. ഇതിന്റെ ഉദ്ഘാടന ദിവസം തന്നെ എല്ലാ കേന്ദ്രങ്ങളിലും മാര്‍ച്ചും പിക്കറ്റിംഗും നടത്തി അലങ്കോലമാക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് ഹയര്‍ സെക്കന്‍ഡറി ‘സംരക്ഷകരായി’ രംഗത്തുവന്നിരിക്കുന്നത്. അന്നവര്‍ ഹയര്‍ സെക്കന്‍ഡറിക്കെതിരായിരുന്നു. ഹയര്‍ സെക്കന്‍ഡറി പ്രവേശനം പല മാനേജ്‌മെന്റുകളും തോന്നിയപോലെ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. അതിനെ തകര്‍ക്കാന്‍ ഇക്കൂട്ടര്‍ മാനേജ്‌മെന്റുകള്‍ക്കൊപ്പം നിന്നു. അതിനിടയില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സമൂല പരിവര്‍ത്തനത്തിലേക്കു നയിച്ച പാഠ്യപദ്ധതി പരിഷ്‌കാരത്തെ തുരങ്കം വയ്ക്കാനും ഇവര്‍ മുന്നിലുണ്ടായി.

ഹയര്‍ സെക്കന്‍ഡറി ആദ്യഘട്ടത്തില്‍ ഹൈസ്‌കൂളിന്റെ ഭാഗമായി അവിടുത്തെ പ്രഥമാധ്യാപകന്റെ ചുമതലയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രാദേശിക ജനസമൂഹം ഏറ്റെടുത്താണ് ആവശ്യമായ ഭൗതിക പശ്ചാത്തലം ഒരുക്കിയത്. അവിടുന്നിങ്ങോട്ട് ഒരേ ക്യാമ്പസില്‍ രണ്ടു സ്ഥാപനമായാണ് ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും പ്രവര്‍ത്തിച്ചുവന്നത്. കെട്ടിടമുള്‍പ്പെടെയുള്ള ഭൗതിക വിഭവങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ പ്രഥമാധ്യാപകന്റെ നിയന്ത്രണത്തിലായിരുന്നു. സ്വന്തമായി ഓഫീസ് ജീവനക്കാര്‍ പോലുമില്ലാതെയാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാര്‍ ചുമതല നിര്‍വഹിച്ചുവന്നത്. ഒരേ വിദ്യാലയത്തില്‍ തന്നെ രണ്ടുതരം ബെല്‍, രണ്ട് അസംബ്ലി, രണ്ടു പ്രാര്‍ഥന, വ്യത്യസ്ത ഇടവേളകള്‍ എന്ന തരത്തിലാണ് നടന്നുവന്നത്. സമീപകാലത്തുവരെ ഒരു സ്‌കൂളില്‍ രണ്ട് പിടിഎ കമ്മിറ്റികളായി പ്രവര്‍ത്തിച്ചു. സ്‌കൂള്‍ കലോത്സവങ്ങളും രണ്ടായി നടന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലോടെ പിടിഎകള്‍ ഒന്നായി. കലോത്സവങ്ങളും ഏകോപിപ്പിച്ചു. സ്‌കൂള്‍ ലൈബ്രറികള്‍, ലബോറട്ടറികള്‍, ശുചിമുറികള്‍, ഫര്‍ണിച്ചറുകള്‍, ഓഡിറ്റോറിയങ്ങള്‍, കളിസ്ഥലം, കമ്പൂട്ടര്‍ ലാബ് തുടങ്ങിയവ മിക്ക ഇടങ്ങളിലും രണ്ടും രണ്ടായി തന്നെയാണ് പരിഗണിച്ചുവന്നത്. മൂര്‍ച്ഛിച്ച അധികാരത്തര്‍ക്കങ്ങള്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച സ്ഥിതിവിശേഷം വരെ ഉണ്ടായി. ഒരു സ്ഥാപനത്തിന് ഒരു മേധാവി എന്നത് മാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വമാണ്. അതാണ് ഫലപ്രദം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസക്തമാകുന്നത് ഇവിടെയാണ്. ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായിരുന്നില്ല. ഇത് മാറണമെന്ന ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഇതോടെ എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ ഒരു ഡയറക്ടറേറ്റിന്റെ കീഴിലായി. സ്‌കൂള്‍ ഓഫീസും ഒന്നാകുന്നു.

ഹൈസ്‌കൂളിന്റെ ഭാഗമായ ക്ലറിക്കല്‍ ജീവനക്കാരും ഓഫീസ് അസിസ്റ്റന്റുമാരും കണ്ടിജന്റ് ജീവനക്കാരുമെല്ലാം പൊതുവായി മാറി. പ്രിന്‍സിപ്പാളാകും ഓഫീസ് മേധാവി. നിലവില്‍ ബെല്ലടി മുതല്‍ തൂപ്പുജോലിവരെ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്ത് പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് ആശ്വാസമാകും. സ്‌കൂള്‍ വിഭവങ്ങളെല്ലാം പൊതുവായി വരും. നിലവിലുള്ള ഹെഡ്മാസ്റ്റര്‍ തസ്തിക വൈസ് പ്രിന്‍സിപ്പാളായി മാറ്റാനാണ് തീരുമാനം.
പരീക്ഷകളുടെ കാര്യത്തിലും ഏകോപനം ഉറപ്പാക്കിയിരിക്കുന്നു. ഹൈസ്‌കൂള്‍തലം വരെയുള്ള പൊതുപരീക്ഷകളുടെയും ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെയും നടത്തിപ്പിന് പ്രത്യേകം ചുമതലക്കാരാണ് നിലവിലുള്ളത്. ഇതുമാറി ഒരു പൊതു പരീക്ഷാകമ്മീഷണറുടെ നിയന്ത്രണത്തിലാകും ഇനിമേല്‍ പരീക്ഷകള്‍. ഈ ഒരു തീരുമാനത്തില്‍ ആരുടെ താല്‍പര്യമാണ് ഹനിക്കപ്പെടുക? വിദ്യാര്‍ഥികള്‍ക്കും വിദ്യാലയത്തിനും ഇത് ഗുണകരമാകില്ലേ.
സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ അഭിമാനകരമായ നേട്ടങ്ങള്‍ക്കുപിറകില്‍ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള തീരുമാനങ്ങളും ആത്മാര്‍ഥതയോടെയുള്ള നിര്‍വഹണവുമുണ്ടായിരുന്നു. ഇടതുപക്ഷ സര്‍ക്കാരുകളാണ് ഇതിന് പ്രധാനമായും നേതൃത്വം നല്‍കിയത്. സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കിയതും കൊഴിഞ്ഞുപോക്ക് നാമമാത്രമാക്കിയതും വലിയ നേട്ടമായി. ഗുണനിലവാരവും അവസര തുല്യതയുമാണ് ഇനി മുമ്പിലുള്ള വെല്ലുവിളി. അത് ഏറ്റെടുക്കാന്‍ വിദ്യാലയങ്ങളെ സജ്ജമാക്കുന്നതിന് ലക്ഷ്യം വച്ചാണ് വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. കമ്മീഷന്‍ നിര്‍ദേശിച്ച ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം കുറച്ചു കാണേണ്ടതില്ല. എല്ലാ പഞ്ചായത്തുകളിലും പദ്ധതി നിര്‍വഹണത്തിനുകൂടി ചുമതലപ്പെട്ട പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രൈമറി അധ്യാപകരുടെ പ്രമോഷന്‍ തസ്തികയായി ഇതിനെ പരിഗണിക്കാനാണ് നിര്‍ദേശം. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ച് അടുത്ത ഘട്ടത്തില്‍ ഈയൊരു കാര്യത്തില്‍ തീരുമാനമാകുമെന്ന് കരുതാം. ഡയറക്ടറേറ്റിനും സ്‌കൂളിനും ഇടയിലുള്ള ഓഫീസ് സംവിധാനങ്ങളെ കുറിച്ചും കൃത്യമായ നിര്‍ദേശം സര്‍ക്കാരിനു മുമ്പിലുണ്ട്. ഇന്ന് നിലവിലുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍ ഓഫീസറുടെ കീഴില്‍ പുനക്രമീകരിക്കാനാണ് നിര്‍ദേശം. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളുടെ പ്രമോഷന്‍ തസ്തികയായി ഇതു മാറും. ഇതിനുമേലെ ജില്ലാ തലത്തില്‍ ഓരോ അസിസ്റ്റന്റ് ഡയരക്ടര്‍ തസ്തികയും നിലവില്‍ വരേണ്ടതുണ്ട്. ജില്ലാ തലത്തില്‍ തന്നെ പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ഉപ ചുമതലക്കാരെയും പരിഗണിച്ചേകും.

കലാ കായിക വിദ്യാഭ്യാസത്തെയും ഖാദര്‍കമ്മിറ്റി ഗൗരവമായി സമീപിച്ചിട്ടുണ്ട്. അപ്പര്‍പ്രൈമറി മുതല്‍ കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കണമെന്നാണ് ശുപാര്‍ശ. ഇതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഒരു യൂണിറ്റായി പരിഗണിക്കാനും വ്യവസ്ഥയുണ്ട്. അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കലാസാംസ്‌കാരിക മേഖലകളില്‍ വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കുട്ടികളുടെ മികവുയര്‍ത്താന്‍ അധ്യാപകരുടെ മികവും പ്രധാനമാണ്. ഈ മേഖലയില്‍ പ്രൊഫഷണലിസത്തിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് ഊന്നി പറയുന്നുണ്ട്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിട്ടുള്ളത്. സെക്കന്ററി തലത്തില്‍ ബിരുദാനന്തര ബിരുദവും നിര്‍ദേശിക്കുന്നു. നിലവിലുള്ള അധ്യാപകര്‍ക്ക് ഇത്തരം അധിക യോഗ്യതകള്‍ നേടാന്‍ ആവശ്യമായ സാവകാശവും നല്‍കുന്നുണ്ട്. പ്രീസ്‌കൂള്‍ മേഖലയിലൂടെ ഏകോപനസാധ്യകളും വിദഗ്ധസമിതി അന്വേഷിക്കുകയുണ്ടായി. പ്രീ പ്രൈമറിയില്‍ ഔപചാരികപഠനത്തിനുപകരം കളി പ്രധാന പഠനോപാധിയായി നിഷ്‌കര്‍ഷിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താവ് കുട്ടിയാണ്. കുട്ടിയുടെ പക്ഷം നിന്നാണ് ഇത്തരത്തിലുള്ള ഏതു പരിവര്‍ത്തനങ്ങളേയും നോക്കിക്കാണേണ്ടത്. സര്‍ക്കാരിന്റെ പരിഗണനയും അതുതന്നെയാണ്. കമ്മീഷന്‍ സമര്‍പ്പിച്ച ആദ്യഭാഗ റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുമ്പിലുള്ളത്. അതില്‍തന്നെ സ്‌കൂള്‍ ചുമതലയിലെ ഏകോപനവും ഡയറക്ടറേറ്റ് തലത്തിലെ ഏകോപനവും മാത്രമാണ് തീരുമാനമായി വന്നിട്ടുള്ളത്. അവശേഷിക്കുന്നവയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമാകൂ.