സ്കൂളുകൾ വീണ്ടും തുറന്നു: കുട്ടികളെത്തിയില്ല

Web Desk

ശ്രീനഗർ

Posted on September 21, 2020, 10:09 pm

കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇന്നലെ വീണ്ടും തുറന്നു. രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയതിന് ശേഷമാണ് വിദ്യാർത്ഥികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഭൂരിപക്ഷം രക്ഷിതാക്കളും ഇതിന് തയ്യാറായില്ല എന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ചില ക്ലാസുകളിൽ പൂജ്യം ഹാജർനിലയാണ് രേഖപ്പെടുത്തിയത്.

ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലായി 1,900 വിദ്യാർത്ഥികളാണ് ഉള്ളതെന്നും എന്നാൽ ഇന്നലെ 58 പേർമാത്രമാണ് ക്ലാസുകളിൽ എത്തിയതെന്നും ശ്രീനഗറിലെ ജീവൻ നഗർ ശിക്ഷ നികേതൻ സ്കൂൾ പ്രിൻസിപ്പൽ പറയുന്നു. കേന്ദ്ര ഭരണപ്രദേശത്തെ നിരവധി സ്കൂളുകളിലും സമാന അവസ്ഥയാണ് ഉള്ളത്. കശ്മീരിൽ സ്കൂളുകൾ തുറക്കുന്നതിൽ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

ആകെയുള്ള 63,990 കോവിഡ് കേസുകളിൽ 41,087 എണ്ണം കശ്മീരിലും 22,903 എണ്ണം ജമ്മു മേഖലയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസമിലും ഇന്നലെ സ്കൂളുകൾ തുറന്നു. എന്നാൽ വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് ക്ലാസ്സുകളിൽ എത്തിയത്. അൺലോക്ക് 4.0യുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും മാനദണ്ഡം അനുസരിച്ച് ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയത്.

Eng­lish sum­ma­ry; school open­ing updates

You may also like this video;