പാഠശാലയില്‍ നിന്നും പരിസ്ഥിതി പാഠത്തിലേക്ക്…

Web Desk
Posted on October 28, 2019, 4:25 pm

റെജി മലയാലപ്പുഴ

വ്യവസായവല്‍ക്കരണത്തിന്റെയും, സുഖ കേന്ദ്രീകൃത ജീവിതത്തിന്റെയും, സാങ്കേതികത്തികവിന്റെയും പരിണിത ഫലമായ പരിസ്ഥിതി നാശം ജൈവ ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് എത്താന്‍ അധിക ദൂരമില്ല. ഓക്സിജന്‍ പാര്‍ലറുകള്‍ വ്യാപകമാകുന്നതിന് മുന്‍പ് തന്നെ പരിസ്ഥിതിക്കായി നമുക്ക് പ്രതിരോധം തീര്‍ക്കാം. പാഠ ശാലയില്‍ നിന്നാകട്ടെ പരിസ്ഥിതി പാഠങ്ങള്‍. നാളെകള്‍ നിങ്ങളുടേതു കൂടിയാണ്. പരിസ്ഥിതി സംരക്ഷണം കുട്ടികള്‍ ഒരു ശീലമായി ഏറ്റെടുക്കണം. ജൂണ്‍ 5 മാത്രമല്ല നമുക്ക് പരിസ്ഥിതി ദിനം. എല്ലാ ദിനവും നാം പരിസ്ഥിതിയോടൊപ്പമാണെന്ന് ഓര്‍ക്കണം. സ്കൂളുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം സമ്പൂര്‍ണമായി ഉപേക്ഷിക്കണം, മിഠായി കടലാസുകള്‍ അനാവശ്യമായി വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കണം, പ്ലാസ്റ്റിക് ബാഗുകള്‍ നിത്യേന ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ഉപേക്ഷിക്കണം. സ്കൂള്‍ ബസുകള്‍ വ്യാപകമായ ഇക്കാലത്ത് കുട്ടികള്‍ യാത്ര ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് കവറുകളോ ഭക്ഷണ അവശിഷ്ടങ്ങളോ വലിച്ചെറിയരുത്. ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കന്നുകാലികള്‍ ഭക്ഷിക്കുന്നതിലൂടെ അവയുടെ ജീവനും ഭീഷണിയാണെന്ന് കൂട്ടുകാര്‍ ഓര്‍ക്കണം. നമ്മുടെ നന്മയെക്കരുതി വേണം പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത്. സ്വന്തം കൂട്ടുകാരോട് ഇണങ്ങും പോലെ പ്രകൃതിയോടും ഇണങ്ങണം. പ്രകൃതി പിണങ്ങിയാല്‍ വികൃതി കാണിക്കുമെന്നോര്‍ക്കണം. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ജീവിതം നരകമാകാതിരിക്കാന്‍ കുട്ടികള്‍ കരുതിയിരിക്കണം. മുതിര്‍ന്നവരുടെ ഇടപെടലുകളിലൂടെ പ്രകൃതിക്ക് ദോഷം ഭവിക്കുന്നത് കണ്ടാല്‍ കൂട്ടുകാരാണ് തിരുത്തല്‍ ശക്തിയാകേണ്ടത്. അതുകൊണ്ട് പാഠശാലയില്‍ നിന്നും പരിസ്ഥിതി പാഠം ആരംഭിക്കാം. നല്ല ശീലങ്ങളുടെ പരിസ്ഥിതി മാതൃക പാഠശാലയുടെ നന്മയായി ഭവിക്കട്ടെ.