Web Desk

ബീജിങ്

August 30, 2020, 2:35 pm

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ സ്കൂളുകൾ തുറക്കുന്നു

Janayugom Online

ലോകമെമ്പാടും പടർന്നുപിടിച്ച കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ചൊവ്വാഴ്ച മുതൽ സ്കൂളുകൾ തുറക്കും. രോഗബാധ അതിരൂക്ഷമായിരുന്ന പ്രദേശമാണ് വുഹാൻ. 1.4 മില്യൺ വിദ്യാർത്ഥികളാണ് 2,482 വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കെത്തുക. വുഹാൻ സർവകലാശാല തിങ്കളാഴ്ച തുറന്നിരുന്നു.

വീണ്ടും എന്തെങ്കിലും അടിയന്തരഘട്ടത്തിലേക്ക് പോകേണ്ടി വന്നാൽ ക്ലാസുകൾ ഓൺലൈനായി ക്രമീകരിക്കും. മാസ്ക് ധരിക്കണമെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

രോഗനിയന്ത്രണത്തിനുള്ള ഉപകരണങ്ങൾ സ്കൂളിൽ ശേഖരിച്ചുവയ്ക്കുക, രോഗപ്രതിരോധമാർഗങ്ങളുടെ ഭാഗമായി മോക്ഡ്രില്ലുകളും ബോധവത്കരണപരിപാടികളും ആസൂത്രണം ചെയ്യുക, അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കുക, ആരോഗ്യവിഭാഗത്തിന് ദൈനംദിന റിപ്പോർട്ട് സമർപ്പിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്.

വിദേശ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കുുളുകളിലേക്ക് തിരിച്ചെത്താനുള്ള അനുമതി നൽകിയിട്ടില്ല.  ജനുവരിയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രണ്ടുമാസത്തോളം വുഹാനിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. 3,869 പേരാണ് വുഹാനിൽ കോവിഡ് ബാധിതരായി മരിച്ചത്. രാജ്യത്തെ ആകെ മരണ സംഖ്യയുടെ 80 ശതമാനവും വുഹാനിലായിരുന്നു.

ഏപ്രിൽ മാസത്തിൽ ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ വുഹാൻ സാധാരണഗതിയിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു. മെയ് 18 മുതൽ പ്രാദേശിക സമ്പർക്കകേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

Eng­lish sum­ma­ry: Schools in Wuhan open­ing after covid.

You may also like this video: