Friday
19 Jul 2019

പ്രളയകാലത്തിനും ഓണാവധിക്കും ശേഷം സ്‌കൂളുകള്‍ തുറന്നു

By: Web Desk | Wednesday 29 August 2018 3:43 PM IST


school-opening-janayugom
ആലപ്പുഴ: നീണ്ട പ്രളയകാലത്തിനും ഓണാവധിക്കുംശേഷം ആലപ്പുഴ ജില്ലയിലെ 382 സ്‌കൂളുകള്‍ തുറന്നു. ആകെ 771 സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ബാക്കിയുള്ള 389 സ്‌കൂളുകള്‍  ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ഇതില്‍ പല സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണ് കാരണം. ചില സ്‌കൂളുകള്‍ ഇപ്പോഴും വെള്ളക്കെട്ട് കാരണം അടഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ട്. സ്‌കൂളുകളുടെ പൂര്‍ണമായുള്ള പ്രവര്‍ത്തനം സെപ്റ്റംബര്‍ മൂന്നിന് ശേഷമായിരിക്കും നടത്താന്‍ കഴിയുകയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ സി ജയകുമാര്‍ അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനായി റെയില്‍വേയുടെ പ്രത്യേക ടീം ആലപ്പുഴയില്‍ എത്തുന്നുണ്ട്. പ്രളയത്തില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് യോഗം വിളിച്ചു.
പ്രളയം ഏറ്റവും കുടുതല്‍ ബാധിച്ച കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലാണ് കൂടുതലും സ്‌കൂളുകളും പ്രവര്‍ത്തിക്കാത്തത്. ചെങ്ങന്നൂരില്‍ 106 സ്‌കൂളുകള്‍ പ്രവര്‍ത്തനം വീണ്ടെടുത്തപ്പോള്‍ 26 സ്‌കൂളുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. നഷ്ടപ്പെട്ട അധ്യായന ദിനങ്ങള്‍ തിരിച്ച് പിടിക്കുന്നതിന് ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ലാസുകള്‍ വെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വെള്ളം കയറിയ  എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസുകള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് വിഭാഗത്തെ ജില്ല ഭരണകൂടം ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പഠനം വൈകാന്‍ സാധ്യതയുള്ള സ്‌കൂളുകളില്‍ പഠനം തുടരുന്നതിന് പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും വകുപ്പ് ആലോചിക്കുന്നുണ്ട്.
Related News