Sunday
20 Oct 2019

രോഗികളിലെ ശാസ്ത്രീയ പരീക്ഷണം ആയുര്‍വ്വേദ ഔഷധ രംഗത്തും ആരംഭിച്ചു

By: Web Desk | Wednesday 26 June 2019 7:02 PM IST


കൊച്ചി: ആയുര്‍വ്വേദ മരുന്നുകള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ഫലം ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് തെളിയിക്കാത്തതാണ് ഇന്ത്യന്‍ ആയുര്‍വ്വേദത്തിന് വിദേശ രാജ്യങ്ങളിലടക്കം അംഗീകാരം ലഭിക്കാത്തതിന് കാരണം. ഇതിനെ മറികടക്കാന്‍ ആയുര്‍വ്വേദ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ പ്രാവര്‍ത്തികമാക്കി തൃശൂരിലെ സീതാറാം ആയുര്‍വ്വേദ കമ്പനി പുതിയവഴി തുറക്കുന്നു.

കേരളത്തില്‍ ആദ്യമായി ക്ലിനിക്കല്‍ റിസര്‍ച്ച് നടത്തി 99.1 ശതമാനം വിജയസാധ്യത തെളിയിച്ച ആയുര്‍വ്വേദ ഔഷധമെന്ന അംഗീകാരം തൃശ്ശൂര്‍ സീതാറാം ആയൂര്‍വ്വേദത്തിന്റെ ഫെയര്‍ ഫൂട്ട് ഓയിന്‍മെന്റിനാണ്. കോട്ടയ്ക്കല്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പാദത്തിലുണ്ടാകുന്ന വീണ്ടുകീറല്‍, വരള്‍ച്ച, വേദന, ചൊറിച്ചില്‍, സ്‌കെയിലിംഗ്, റിങ്ഗ്ലിംഗ് എന്നീ അവസ്ഥകളില്‍ ഫെയര്‍ ഫൂട്ട് ഓയിന്‍മെന്‍റ് വളരെ ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ട്രയലിലൂടെ തെളിയിക്കപ്പെട്ടുവെന്ന് സീതാറാം മാനേജിങ് ഡയറക്ടറും മുഖ്യഡോക്ടറുമായ ഡി രാമനാഥന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി ആയുര്‍വ്വേദ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും ചേര്‍ന്ന് നടപ്പാക്കിയ ഗവേഷണത്തിലൂടെ ഗൂണനിലവാരവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ട ആദ്യ ഔഷധമാണ് ഫെയര്‍ ഫൂട്ട് ഓയിന്‍മെന്‍റ്.

ഫലപ്രദമായ ആയിരക്കണക്കിന് ആയുര്‍വ്വേദ ഔഷധങ്ങളെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. എന്നാല്‍, ശരീരത്തില്‍ ഈ ഔഷധങ്ങള്‍ എത്രമാത്രം ഗുണം ചെയ്യുമെന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് തെളിയിക്കപ്പെട്ടാല്‍ ആയുര്‍വ്വേദ മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് അംഗീകാരം നേടാന്‍ സാധിക്കും. അരിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള ഔഷധങ്ങളുടെ ക്ലിനിക്കല്‍ ട്രയല്‍ വൈകാതെ നടത്തുമെന്ന് ഡോ രാമനാഥന്‍ പറഞ്ഞു. ചൈനീസ് ഔഷധങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയുടേതാണ്. എന്നാല്‍, ആയുര്‍വ്വേദ ഔഷധങ്ങളില്‍ നിന്നും ഒരു വര്‍ഷം അയ്യായിരം കോടി രൂപയ്ക്ക് താഴെ മാത്രമേ വിദേശനാണ്യം നേടാന്‍ കഴിയുന്നുള്ളൂ. ക്ലിനിക്കല്‍ റിസര്‍ച്ചിന്‍റെ അഭാവമാണ് ഈ പിന്നോക്കാവസ്ഥയ്ക്ക് കാരണം. ഗുണനിലവാരം സംബന്ധിച്ചും ഫലപ്രാപ്തിയെ കുറിച്ചും വ്യക്തത ഉണ്ടാവുന്നതോടെ ആയുര്‍വ്വേദത്തിന് അംഗീകാരങ്ങള്‍ ലഭിക്കുമെന്ന് സീനിയര്‍ ഡോക്ടറായ ഭഗവതി അമ്മാള്‍ പറഞ്ഞു.