വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തണം: യു കലാനാഥന്‍

Web Desk
Posted on July 09, 2019, 7:01 pm

ചാലിയം: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് ശാസ്ത്ര പ്രചാരകന്‍ യു കലാനാഥന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര ഗ്രന്ഥങ്ങള്‍ ലഭ്യമാക്കണമെന്നും സ്‌കൂളുകളിലെ ശാസ്ത്രപരീക്ഷണശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ക്ലാസ്സ് മുറികളില്‍ അന്വേഷണത്തിന്റെ ചോദ്യങ്ങള്‍ ഉയര്‍ന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ മേഖലകളില്‍ വ്യാപരിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
കടലുണ്ടിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന എ കെ പള്ളത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഭാത് ബുക്ക് ഹൗസ് എന്‍ഡോമെന്റ് പുരസ്‌കാരം ചാലിയം ഉമ്പിച്ചിഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളിനു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.10,000 രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം പ്രധാനാധ്യാപിക ഒ ജയശ്രീ ഏറ്റുവാങ്ങി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടര്‍ ടി വി ബാലന്‍ അധ്യക്ഷനായിരുന്നു.

ഡോ.രമാ പള്ളത്ത് പുരസ്‌കാര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ പി എസ് സി. മെമ്പറുമായ ആയിഷ മമ്മുട്ടി, പ്രിന്‍സിപ്പാള്‍ സൈദ്ഹിസ്സാമുദീന്‍, പി ടി എ പ്രസിഡണ്ട് കെ.മുഹമ്മദ് അഷ്‌റഫ്, എം വി മുഹമ്മദ് ഷിയാസ് എന്നിവര്‍ സംസാരിച്ചു. അനില്‍ മാരാത്ത് സ്വാഗതവും ഡോ.കല്പന പള്ളത്ത് നന്ദിയും പറഞ്ഞു.