കണികാ പരീക്ഷണ ശാലയെ അനുകൂലിച്ച് ശാസ്ത്രജ്ഞര്‍

Web Desk
Posted on April 20, 2018, 8:55 am

ന്യൂഡല്‍ഹി: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ തേനി പൊട്ടിപ്പുറത്ത് സ്ഥാപിക്കുന്ന കണികാ പരീക്ഷണ ശാലയെ അനുകൂലിച്ച് ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോബല്‍ സമ്മാന ജേതാക്കളും പത്മാ അവാര്‍ഡ് ജേതാക്കളും ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് പരീക്ഷണ ശാല അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയത്.

ഇനിയും പരീക്ഷണശാല സ്ഥാപിക്കുന്നത് വൈകിയാല്‍ രാജ്യത്തിന്‍റെ ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനളെ ബാധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ വിദഗ്ധരായ ജി ഭാസ്‌കരന്‍, ടി ആര്‍ ഗോവിന്ദരാജന്‍ വ്യക്തമാക്കുന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് തേനിയില്‍ കണികാ പരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി അന്നുമുതല്‍ പ്രതിഷേധവും ശക്തമായിരുന്നു. അപ്പോഴൊന്നും രംഗത്തെത്ത ശാസ്ത്ര സമൂഹമാണ് ഇപ്പോള്‍ പരീക്ഷണ ശാലയെ അനുകൂലിച്ച് രംഗത്തെത്തിത്. ഇതില്‍ പ്രദേശവാസികള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കണികാ പരീക്ഷണശാലയുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ശാസ്ത്ര സമൂഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പരീക്ഷണ ശാല സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. പദ്ധതിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നല്‍കിയത്. 2010ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ ഇത് റദ്ദാക്കിയിരുന്നു. എന്നാല്‍ വീണ്ടും അനുമതി നല്‍കാന്‍ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കുകയായിരുന്നു.അന്‍പരശന്‍കോട് എന്ന മലയ്ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ പരീക്ഷണശാല സ്ഥാപിക്കാനാണ് പദ്ധതി.

പാറ തുരന്ന് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 66 ഏക്കര്‍ ഭൂമിയും തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു. അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതുന്ന പദ്ധതിയ്ക്ക് 1,500 കോടി രൂപയാണ് മുതല്‍മുടക്ക്. പരീക്ഷണത്തിലൂടെ ന്യൂട്രിനോകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായാല്‍ അത് പ്രപഞ്ചോല്‍പത്തി ഉള്‍പ്പെടെയുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.