Site iconSite icon Janayugom Online

തൊഴില്‍ വൈദഗ്ധ്യവും നിയമനവും നേടാം: കോവിഡില്‍ ജോലി നഷ്ടമായവര്‍ക്കായി സ്കൗട്ട് പോര്‍ട്ടല്‍

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെയുള്ള അഭ്യസ്ത വിദ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരമൊരുക്കുന്ന പോര്‍ട്ടലുമായി സ്കൗട്ട് സ്റ്റാര്‍ട്ടപ്പ്. ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ തൊഴില്‍ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്കൗട്ട് പോര്‍ട്ടലിന്‍റെ സഹായം തേടാം. കമ്പനികള്‍ക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും.

വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചതെന്ന് സ്കൗട്ട് ചെയര്‍മാന്‍ ഡോ എം അയ്യപ്പന്‍ (എച്ച് എല്‍ എല്‍ മുന്‍ സിഎംഡി) പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത ഉണ്ടെങ്കിലും തൊഴില്‍ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്കാരങ്ങളിലൂടെ മാത്രമേ ഒരുപരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടര്‍ ഡോ.കുഞ്ചറിയ പി ഐസക് (കെ.ടി.യു. മുന്‍ വൈസ് ചാന്‍സലര്‍) ചൂണ്ടിക്കാട്ടി. 

പ്രധാനപ്പെട്ട കമ്പനികളില്‍ മാത്രം ജോലി ആഗ്രഹിക്കുന്നവര്‍ മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ചെറുകിട കമ്പനികളെക്കുറിച്ച് അറിയുന്നില്ല. ഈ അവസ്ഥയ്ക്ക് ശാശ്വതപരിഹാരമാണ് സ്കൗട്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവ എന്‍ജിനീയര്‍മാരായ മാത്യു പി. കുരുവിള, മാത്യൂ ജോര്‍ജ്ജ്, രാഹുല്‍ ചെറിയാന്‍ എന്നിവരാണ് സ്കൗട്ട് സ്റ്റാര്‍ട്ടപ്പിനു പിന്നില്‍. എല്ലാ മേഖലകളിലെയും തൊഴിലന്വേഷകര്‍ക്കായി സ്കൗട്ട് നിലവില്‍ രജിസ്ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സ്കൗട്ട് സിഇഒ മാത്യു കുരുവിള പറഞ്ഞു.

Eng­lish Summary:Scout Por­tal for Job Loss in covid
You may also like this video

Exit mobile version