20 April 2024, Saturday

ജോണ്‍ പോള്‍ : 80 കളുടെ വസന്തം

ആർ ഗോപകുമാർ
കൊച്ചി
April 23, 2022 1:46 pm

എണ്‍പതുകളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോണ്‍പോള്‍. മുഖ്യമായും സംവിധായകന്‍ ഭരതനുമായി ചേര്‍ന്നു ചെയ്ത അക്കാലത്തെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ലായിരുന്നു അദ്ദേഹം. വെള്ളിത്തിരയില്‍ അത് നവോന്മേഷം വിതറി. മുഖ്യധാരാ സിനിമയെ പൊതുവില്‍ ഭാവുകത്വപരമായി പരിഷ്‌കരിക്കുന്നതില്‍ ആ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പ്രധാനപ്പെട്ട ജോണ്‍പോള്‍ സിനിമകള്‍ നോക്കുക : ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ‚കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ കേളി (1991) , മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997).…. ലിസ്റ്റ് തീരുന്നില്ല. 2000 വരെ മലയാള സിനിമയില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു ജോണ്‍പോള്‍. എല്ലാം അതത് കാലത്തെ താര നായകന്മാരായ പ്രേംനസീര്‍, ലക്ഷ്മി, ശ്രീവിദ്യ, സോമന്‍ , മാധവി, സുകുമാരന്‍, സുമലത , നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തന്‍, രതീഷ് , ഭരത് ഗോപി, ജലജ , മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി , റഹ്‌മാന്‍ തുടങ്ങി മലയാള സിനിമയിലെ നടീ നടന്മാര്‍ വേഷമിട്ട സിനിമകള്‍. തിയറ്ററുകളില്‍ ചലനം സൃഷ്ടിച്ച സിനിമകള്‍. എത്രയോ സൂപ്പര്‍ഹിറ്റുകള്‍ , പ്രകാശം പരത്തിയ സിനിമകള്‍. ഇതില്‍ മിക്കതും ഭരതന്‍ , മോഹന്‍ സിനിമകള്‍ മാത്രമായി എഴുത്തുകാരനിലേക്ക് വെളിച്ചം വീശാത്ത സിനിമകളാണ്.

പുതിയ നൂറ്റാണ്ടില്‍ സിനിമ അടിമുടി മാറിയപ്പോള്‍ ആ സംസ്‌കാരത്തോടൊപ്പം നില്‍ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെ ജോണ്‍പോള്‍ പിന്‍വലിഞ്ഞു . താരങ്ങളായി കഥയുടെ ഉടമകള്‍. അവര്‍ കല്‍പ്പിക്കുന്നതിനനുസരിച്ച് കഥാപാത്രങ്ങള വാര്‍ത്തെടുക്കാന്‍ ജ്യോണ്‍ പോളിനാവുമായിരുന്നില്ല. പുതിയ അധികാരം പിന്നോട്ടടിപ്പിച്ച സംവിധായകരുടേയും എഴുത്തുകാരുടെയും നിരയില്‍ ജോണ്‍പോളും ഉണ്ടായിരുന്നു. എങ്കിലും 2021 ലും സിനിമാ എഴുത്തില്‍ സജ്ജീവമായിരുന്നു അദ്ദേഹം. നാല്പത് വര്‍ഷം നീണ്ട ആ സിനിമാ വര്‍ഷങ്ങളില്‍ തുടരെ സിനിമകള്‍ ചെയ്ത എണ്‍പതുകളും തൊണ്ണൂകളും ജോണ്‍പോളിനോട് സാമ്പത്തീകമായി നീതി പുലര്‍ത്തിയോ ? ഇല്ല എന്ന് നിസ്സംശയം പറയാം. ആ പ്രതിസന്ധിയാണ് ഒന്ന് കിടപ്പിലായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം നേരിട്ടത്.

മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സിക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനത്തിരുന്ന് സംഘടനക്ക് അസ്തിവാരം പണ്ടിതു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ഒരു ചെറു പുഞ്ചിരി ’ എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഗ്രന്ഥരചനക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നല്ല അവതാരകനാണ്. സഫാരി ചാനലിലെ ഓര്‍മ്മ പറച്ചില്‍ ഒരനുഭവം തന്നെയായിരുന്നു. കഴിഞ്ഞു പോയ വര്‍ഷങ്ങളിലെ. ല്ലാം ഓര്‍മ്മയുടെ, ഒരു കാലത്തിന്റെ നവ സുഗന്ധം നല്‍കി കൊണ്ട് ജോണ്‍ പോള്‍ കൊച്ചി നഗരത്തിലുണ്ടായിരുന്നു. സാംസ്‌കാരീക സന്ധ്യകളില്‍ സദ്യയില്‍ ചോറില്‍ നറുനെയ്യ് വിളമ്പുമ്പോള്‍ ഉയരുന്ന ഹൃദ്യ ഗന്ധം പോലെ ഓര്‍മ്മകളിലൂടെ ഒരു കാലത്തിന്റെ ചരിത്രം അദ്ദേഹം വരഞ്ഞിട്ടുമായിരുന്നു.

Eng­lish sum­ma­ry; Screen­writer John Paul

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.